ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

സ്വപ്നം കണ്ടുകൊണ്ടിരുന്നവർക്ക് ഏറ്റ കടുത്ത ഒരു ഷോക്കായിരുന്നു അത്.

എന്നാൽ റെയ്ച്ചൽ കാഴ്‍സണിന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പുതന്നെ മാർക്സും എംഗൽസും ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അനിയന്ത്രിതമായ നഗരവൽക്കരണവും തത്ഫലമായുണ്ടാകുന്ന ജനവാസകേന്ദ്രീകരണവും എങ്ങനെ മണ്ണിന്റെ ചയാപചയത്തെ, പോഷണചക്രത്തെ (nutrient cycle) വിച്ഛേദിക്കുന്നു എന്ന് 'മൂലധന'മെന്ന പുസ്തകത്തിൽ മാർക്സ് സൂചിപ്പിച്ചിട്ടുണ്ട്. ഒരു ജേതാവെന്ന രീതിയിൽ പ്രകൃതിയെ സമീപിച്ചാൽ കിട്ടുന്ന, ചരിത്രത്തിൽ കിട്ടിയിട്ടുള്ള, തിരിച്ചടികളെപ്പറ്റി എംഗൽസ് 'വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന പ്രബന്ധത്തിൽ വിവരിച്ചിട്ടുണ്ട്. ഒരു കൊച്ചു പുസ്തകത്തിന്റെ രൂപത്തിൽ ("അധ്വാനത്തിന്റെ പങ്ക്') ഈ പ്രബന്ധം ഏറെ പ്രചരിപ്പിച്ചിട്ടുണ്ട്. 1848ൽ തന്നെ മാർക്സും എംഗൽസും കൂടി തയ്യാറാക്കിയ 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'വിൽ, വ്യവസായം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട്, വിപ്ലവാനന്തര ഗവൺമെന്റിന്റെ പത്തു പരിപാടികളിൽ ഒന്നായി ഇങ്ങനെ എഴുതിയിരുന്നു: കൃഷിയെയും വ്യവസായത്തെയും ഇടകലർത്തി വിന്യസിക്കും. ജനസാന്ദ്രത കൂടുതൽ ഏകാത്മകമാക്കും. അങ്ങനെ നഗരവും ഗ്രാമവും തമ്മിലുള്ള വൈരുധ്യങ്ങൾ പടിപടി ആയി ഇല്ലാതാക്കും.

വനനശീകരണം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് 18-ാം നൂറ്റാണ്ടിൽ തന്നെ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, നിശ്ശബ്ദവസന്തം സൃഷ്ടിച്ച ആഘാതം ഇവയേക്കാൾ ഒക്കെ വലുതായിരുന്നു. ശാസ്ത്രജ്ഞരുടെയും വികസന പ്രവർത്തകരുടെയും പ്രകൃതി സ്നേഹികളുടെയും ഒക്കെ ഇടയിൽ നീറിപ്പുകഞ്ഞിരുന്ന വികാരങ്ങളും വിചാരങ്ങളും അവസാനം ഒരു ആഗോള പരിസ്ഥിതി സമ്മേളനത്തിലേക്ക് നയിച്ചു. ഇതാണ് 1972ൽ സ്റ്റോക്ഹോമിൽ വച്ചു നടന്ന ഒന്നാം പരിസ്ഥിതി കോൺഗ്രസ്. അതിനുവേണ്ടി തയ്യാറാക്കിയതാണ് ലോകത്തിന്റെ അന്നത്തെ സാമാന്യ അവസ്ഥ വ്യക്തമാക്കുന്ന 'ഒരേ ഒരു ഭൂമി' (Only One Earth) എന്ന പുസ്തകം. റെനിദു ബോയ്, ബാർബറ വാർഡ് എന്നിവരാണ് അത് തയ്യാറാക്കിയത്. അതിലെ ഒരു പ്രധാന വാചകമാണ് 'ഭൂമി' എന്ന പരിഷത്തിന്റെ ഗാനശില്പത്തിന് അടിസ്ഥാനം. അവർ എഴുതി: “ഈ ഭൂമി ഗതകാല തലമുറകളിൽനിന്ന് നമുക്ക് പൈതൃകമായി കിട്ടിയ സ്വത്തല്ല, ഭാവിയിലെ കുഞ്ഞുങ്ങളിൽനിന്ന് കടം വാങ്ങിയതാണ് അത്.“ ഇതേ ആശയം ഒരു നൂറ്റാണ്ടു മുമ്പുതന്നെ 'മൂലധനം' എന്ന പുസ്തകത്തിൽ മാർക്സ് ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്.

"ഭൂമി ആരുടെയും സ്വകാര്യസ്വത്തല്ല; ഭൂമുഖത്തുള്ള എല്ലാവരുടെയും പൊതുസ്വത്തുമല്ല. അതിൽ ജീവിക്കുന്ന നാം താൽക്കാലിക ഗുണഭോക്താക്കൾ മാത്രമാണ്. നല്ല തറവാട്ടുകാരണവന്മാരെപ്പോലെ ഇന്നത്തേതിനേക്കാൾ മെച്ചപ്പെടുത്തി വരും തലമുറകൾക്ക് കൈമാറാൻ നാം ബാധ്യസ്ഥരാണ്."

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/71&oldid=243147" എന്ന താളിൽനിന്ന് ശേഖരിച്ചത്