ത്രിപരിസ്ഥിതി സിദ്ധാന്തം
പരിഷത്തിന്റെ പ്രവർത്തനമേഖലകൾ വിപുലപ്പെടുന്നതിന് സവിശേഷമായ ഒരു രീതിയുണ്ടായിരുന്നു. ചില പ്രവർത്തകർക്ക് ചില കാര്യങ്ങളിൽ ശക്തമായ ഉത്കണ്ഠകളോ പ്രത്യാശകളോ ഉണ്ടായിരിക്കും. അവർ അത് യുക്തിയുക്തം മറ്റു പ്രവർത്തകരുടെ മുമ്പിൽ അവതരിപ്പിക്കുന്നു. പൂർണമായി യോജിച്ചില്ലെങ്കിൽപ്പോലും ആ മേഖലയിൽ പ്രവർത്തിക്കാൻ അവർക്ക് സംഘം, ഇടം നൽകുന്നു. ചിലവ കാറ്റു പിടിക്കുന്നു, അതിവേഗം മുന്നോട്ടു പോകുന്നു; ചിലവ കാറ്റു പിടിക്കാതെ പോകുന്നു. ഒറ്റപ്പെട്ട പ്രവർത്തകർ അവതരിപ്പിക്കുകയും പിന്നീട് സംഘടനയുടെ ആകെ അജണ്ടയായിത്തീരുകയും ചെയ്ത മേഖലകളാണ് ആരോഗ്യം, പരിസ്ഥിതി, ഊർജം, വികസനം, ബാലവേദി, ലിംഗനീതി മുതലായവ. വിദ്യാഭ്യാസം തുടക്കത്തിൽത്തന്നെ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്ന ഒന്നാണ്.
1962ൽ റെയ്ച്ചൽ കാഴ്‍സൺ തന്റെ 'നിശ്ശബ്ദവസന്തം' (Silent Spring) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ്, ലോകത്തിന്റെ മുമ്പിൽ, വിശിഷ്യ, ശാസ്ത്രജ്ഞരുടെ ഇടയിൽ പരിസ്ഥിതി ഒരു വിഷയവും ഒരു പ്രശ്നവും ആയിത്തീരുന്നത്. ഡി.ഡി.ടി തുടങ്ങിയ കീടനാശിനികളുടെ അമിതോപയോഗം വരുത്തിവെച്ച ദുരന്തത്തിന്റെ നിഷ്‍കൃഷ്ടമായ ഒരു പഠനമാണ് 'നിശ്ശബ്ദവസന്തം'. ഒപ്പം മനസ്സിൽ തറയ്ക്കുന്ന ഒരു ദുഃഖകവിതയും. ഡി.ഡി.ടിയുടെ ഉപയോഗം മാത്രമല്ല അതിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്. ചതുപ്പുനിലങ്ങളിലെ നീർ വാർത്തുകളഞ്ഞ് അവിടെ കൃഷി ആരംഭിച്ചത് അവസാനം ആ പ്രദേശത്തെയാകെ, കേരളത്തിന്റെ നിരവധി മടങ്ങു വരുന്ന ഒരു പ്രദേശത്തെയാകെ, എങ്ങനെ ധൂളീദൂഷിതമാക്കി (The Great American Dust Bowl) എന്നും മനുഷ്യർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങൾ എങ്ങനെ തിരിച്ചടിക്കുമെന്നും ഒക്കെ അതിൽ യുക്തിഭദ്രമായി ചൂണ്ടിക്കാണിച്ചിരുന്നു. സീമയില്ലാത്ത വികസനം