ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഈ മുദ്രാവാക്യത്തിന്റെ അന്തസത്തയ്ക്കനുസരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, പരിസരം എന്നീ മേഖലകളിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ശാസ്ത്ര കലാജാഥ പരിഷത്തിന്റെ ജനകീയ തലം വ്യാപിപ്പിച്ചു. ഇന്ത്യയിൽ നാനാഭാഗങ്ങളിലായി പരിഷത്തിന് സദൃശമായ കാഴ്ചപ്പാടുകളുള്ള സംഘടനകൾ രൂപപ്പെട്ടു. ഇത് അഖിലേന്ത്യാ തലത്തിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലേക്ക് നയിച്ചു.

സാക്ഷരതയ്ക്കുശേഷം തൊണ്ണൂറുകൾ മുതലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനത്തെ വിലയിരുത്തുന്നതിനാണ് മൂന്നാം ഭാഗം മാറ്റിവച്ചിരിക്കുന്നത്. നിരവധി സംഘടനാ പരിമിതികൾ നിലനിൽക്കേ തന്നെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് തദ്ദേശീയ വികസനം, ജനകീയാസൂത്രണം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ തുറകളിലേക്ക് പരിഷത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു.

സോവിയറ്റ് യൂണിയനിലെ സംഭവ വികാസങ്ങളെ തുടർന്ന് തൊണ്ണൂറുകൾക്ക് ശേഷം ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിന് കൂടുതൽ വ്യക്തതയും മൂർത്തതയും ആവശ്യമായി വന്നു. ഇതിനുള്ള ചർച്ചകൾ പല ഘട്ടങ്ങളിലായി നടന്നുവന്നു. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികസിച്ചു വരുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പരിശോധനയിലൂടെയാണ് നാലാംഭാഗം അവസാനിക്കുന്നത്.

ജനകീയ ശാസ്ത്രപ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും അർപ്പണ ബോധത്തോടെയുള്ള പൊതുപ്രവർത്തനത്തിനുള്ള ഗൃഹപാഠത്തിന് ഒരു മുതൽക്കൂട്ടാണ് ഈ ഗ്രന്ഥം.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/7&oldid=239648" എന്ന താളിൽനിന്ന് ശേഖരിച്ചത്