ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അതിനിടയ്ക്കാണ് പുതിയൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഒന്നര പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കുശേഷം കേരളത്തിലെ രണ്ടാമത്തെ പഞ്ചായത്ത് - മുനിസിപ്പൽ തെരഞ്ഞെടുപ്പ് - 1979ൽ പ്രഖ്യാപിച്ചു. പരിഷത്ത് അതിന്റെ വികസന കാഴ്ച്ചപ്പാട് പൊതുപ്രവർത്തകരിലും ജനപ്രതിനിധികളിലും എത്തിക്കാനുള്ള സന്ദർഭമായി അതിനെ ഉപയോഗിച്ചു. കേരളത്തിന്റെ സമ്പത്തിനെയും മറ്റനവധി ലേഖനങ്ങളെയും അടിസ്ഥാനമാക്കി കേരളവികസനത്തിന് ഒരു രൂപരേഖ തയ്യാറാക്കി ഗ്രാമശാസ്ത്രത്തിന്റെ 40-ാം ലക്കത്തിൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പിനുമുമ്പ് സ്ഥാനാർഥികൾക്കും ശേഷം വിജയികൾക്കും സ്വീകരണം നൽകുക, അവരുടെ മുമ്പിൽ വികസനരേഖ അവതരിപ്പിക്കുക, പ്രതികരണം ആവശ്യപ്പെടുക - ഇതാണ് സ്വീകരിച്ച രീതി. പഞ്ചായത്ത് വികസനത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ആവശ്യമാണെന്ന കാഴ്ചപ്പാടിന്റെ സൂചന ഇതിൽ കാണാം. ഒരു വശത്ത് മാവൂർ റയോൺസ് സൃഷ്ടിക്കുന്ന ജലമലിനീകരണത്തിന്റെയും മറുവശത്ത് തദ്ദേശവികസനത്തിന്റെയും കാഴ്‍ചപ്പാടിൽ വാഴയൂർ ഗ്രാമത്തിൽ ഒരു ജനകീയ ഗ്രാമവികസന സർവേ നടത്തുകയുണ്ടായി. ഇതാണ് പിന്നീട് 10 കൊല്ലത്തിനുശേഷം നടന്ന പഞ്ചായത്ത് വിഭവ ഭൂപട നിർമാണത്തിനും അതിനുശേഷം ഉണ്ടായ കല്യാശ്ശേരി പരീക്ഷണത്തിനും തുടർന്നുവന്ന പി.എൽ.ഡി.പി.ക്കും ജനകീയാസൂത്രണത്തിനും ഒക്കെ തുടക്കം കുറിക്കാൻ ഇടയായ ഘടകങ്ങളിൽ ഒന്ന്.

വാഴയൂർ സർവേ നടന്നത് 1980ൽ ആയിരുന്നു. 1981ൽ പരിഷത്ത് ചെറിയൊരു ലഘുലേഖ പ്രസിദ്ധീകരിച്ചു: "ഗ്രാമശാസ്ത്രസമിതികൾ; അനൗപചാരിക പഞ്ചായത്ത്തല ആസൂത്രണസമിതികൾ" ഇതായിരുന്നു തലക്കെട്ട്. ഈ ആശയം പിന്നീട്, 1990ൽ പ്രസിദ്ധീകരിച്ച കേരളം: വികസന പരിപ്രേക്ഷ്യം എന്ന ലഘുലേഖയിൽ (ഗ്രാമശാസ്ത്രസമിതികൾ 1983-84 കാലത്തുതന്നെ പരിഷത്ത് യൂണിറ്റുകളായി രൂപാന്തരണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു) ആവർത്തിക്കപ്പെട്ടു. തങ്ങളുടെ സമയത്തിൽ ഒരു നിശ്ചിത ശതമാനമെങ്കിലും ഗ്രാമതല പ്രവർത്തനങ്ങൾക്കുവേണ്ടി വിനിയോഗിക്കാൻ നിവൃത്തിയുള്ള വിദഗ്ധരുടെ ഒരു സന്നദ്ധ സാങ്കേതികസേന എന്ന ആശയം ഇതിലാണ് മുന്നോട്ട് വച്ചത്. നാട്ടിൻപുറങ്ങളിലെ കോളേജ് അധ്യാപകർ, എൻജിനീയർമാർ, അധ്യാപകർ, ഡോക്ടർമാർ, മറ്റു സാങ്കേതിക വിദഗ്ധർ തുടങ്ങി സർവീസിലുള്ളവരും റിട്ടയർ ചെയ്തവരുമായവരുടെ സേവനം സന്നദ്ധപ്രവർത്തനാടിസ്ഥാനത്തിൽ പഞ്ചായത്തുകൾക്ക് ലഭ്യമാക്കണം. ഇവരെ കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് മുൻകൈ എടുക്കണം. ഇതേ ലഘുലേഖയിൽ തന്നെ പഞ്ചായത്തുകൾക്ക് കൂടുതൽ സാമ്പത്തികാധികാരവും ഭരണാധികാരവും നൽകേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ജനകീയാസൂത്രണത്തിന്റെ പല ഘടകങ്ങളും ഇവയിലെല്ലാം കാണാം.

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/63&oldid=241298" എന്ന താളിൽനിന്ന് ശേഖരിച്ചത്