ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ജലമലിനീകരണം വ്യാവസായിക വികസനത്തിന്റെ ഒരു അനിവാര്യഘടകമാണെന്ന് ഫാക്ടറി അധികാരികൾ വാദിച്ചു. പല രാഷ്ട്രീയ നേതാക്കളും അങ്ങനെതന്നെ വാദിച്ചു. വികസനം വേണമെങ്കിൽ വ്യവസായം വേണം. വ്യവസായങ്ങൾ ഏറിയോ കുറഞ്ഞ തോതിൽ ജല-വായുമലിനീകരണം ഉണ്ടാക്കും. അത് സഹിക്കുകയേ നിവൃത്തിയുള്ളു. അല്ലെങ്കിൽ വികസനം വേണ്ടെന്നു വയ്‍ക്കേണ്ടിവരും. ഇതായിരുന്നു വാദം. 1978-79 കാലത്ത് തന്നെയാണ് ഈ പ്രശ്നവുമായി പരിഷത്തിന് ബന്ധപ്പെടേണ്ടിവന്നത്. റയോൺ ഫാക്ടറിയിൽനിന്ന് ബഹിർഗമിക്കുന്ന മലിനജലം ശുദ്ധീകരിക്കാൻ വേണ്ട സാങ്കേതികവിദ്യകൾ ലഭ്യമാണെന്നും, അതിനുള്ള ചെലവ് അധികമല്ലെന്നും ലാഭത്തിൽ കുറച്ച് കുറവു വരിക മാത്രമേ ഉണ്ടാവുകയുള്ളുവെന്നും പരിഷത്ത് പഠനങ്ങളിലൂടെ തെളിയിച്ചു. അവസാനം കോടതി ഇടപെട്ട്, മലിനീകരണ നിയന്ത്രണസംവിധാനങ്ങൾ ഏർപ്പെടുത്താൻ മാനേജ്മെന്റിനെ നിർബന്ധിച്ചു. ഫാക്ടറി അടച്ചുപൂട്ടാൻ തക്കം പാർത്തിരുന്ന മാനേജ്മെന്റ് ഇതിനെ ഒരു സുവർണാവസരമായി ഉപയോഗിച്ചു. അവസാനം ഫാക്ടറി പൂട്ടി. അതിനു വളരെ മുമ്പുതന്നെ വികസനത്തിന് അനിവാര്യമായും കൊടുക്കേണ്ടിവരുന്ന വിലയാണോ മലിനീകരണം എന്നതിനെക്കുറിച്ചും, സൈലന്റ് വാലി പദ്ധതിയുടെ കാര്യത്തിലെന്നപോലെ വലിയ വിവാദം ഉയർന്നു വന്നു. കേരളത്തിന്റെ പരസ്പരബന്ധിതവും ദുർബലവുമായ ജലവ്യവസ്ഥ കണക്കിലെടുത്ത്, കൂടുതൽ വെള്ളം വേണ്ടതും മലിനീകരണ സാധ്യതയുള്ളതും ആയ രാസവ്യവസായങ്ങൾ കഴിവതും ഒഴിവാക്കണം, കേരളത്തിന്റെ വ്യവസായവൽക്കരണത്തിന്റെ അടിത്തറയായി അവയെ കാണരുത് എന്ന നിലപാടെടുത്തു പരിഷത്ത്. ഇന്ത്യൻ അലൂമിനിയം, എഫ്.എ.സി.ടി, ടി.സി.സി, മാവൂർ റയോൺസ്, കോമിങ്കോ ബിനാനി, ട്രാവൻകോർ ഇലക്ട്രോ കെമിക്കൽസ് മുതലായവയായിരുന്നു അതുവരെയുള്ള വ്യവസായ ഭീമന്മാർ. കേരളത്തിന് ഇനിയും ഇത്തരം വ്യവസായങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ലെന്നും പുതുതായി സ്ഥാപിക്കപ്പെടുന്ന വ്യവസായങ്ങളൊന്നും അത്തരത്തിൽപ്പെട്ടവയാവരുതെന്നും പരിഷത്ത് പറഞ്ഞു. 1976ൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെസമ്പത്ത്' എന്ന പുസ്തകത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഇവിടത്തെ അധ്വാനശേഷിയെ മൂലധനമാക്കുക, കേരളത്തെ ഒരു പ്രത്യേക ആസൂത്രണ ഘടകമാക്കുക, കയറ്റുമതി ഇറക്കുമതി കഴിവതും കുറയ്ക്കുക എന്നിവ ആയിരിക്കണം നമ്മുടെ വ്യവസായവൽക്കരണത്തിന്റെ അടിസ്ഥാനം. വ്യവസായങ്ങളുടെ കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാതെ നിവൃത്തിയില്ല. കൃഷിയുടെ കാര്യത്തിൽ, മത്സ്യബന്ധനത്തിന്റെ കാര്യത്തിൽ ഒക്കെ കൂടുതൽ മൂർത്തമായ നിലപാടുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. പരിഷത്തിന്റെ വികസന പരിപ്രേക്ഷ്യം, പ്രത്യയശാസ്ത്രം, മൂർച്ചപ്പെടുത്തേണ്ട കാലമായി. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അന്നു തുടങ്ങിയതാണ് “പരിപ്രേക്ഷ്യ' ചർച്ചകൾ.

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/62&oldid=241297" എന്ന താളിൽനിന്ന് ശേഖരിച്ചത്