ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

iii) ആരോഗ്യ പരിപാലനത്തിനുള്ള അവകാശം മൗലികാവകാശമാക്കണം.

ഇവയൊക്കെ ഇന്നും പ്രസക്തമാണ്, ഇന്നത്തെയും ഡിമാന്റുകളാണ്. ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ രണ്ടാമത്തെയും (ത്യശ്ശൂർ, 1980) മൂന്നാമത്തെയും (തിരുവനന്തപുരം, 1983) സമ്മേളനങ്ങൾക്കും പരിഷത്തുതന്നെയാണ് ആതിഥ്യം നൽകിയത്. അതിനിടയ്ക്ക് പരിഷത്ത് കലാജാഥയെ ശക്തമായ ഒരു ആശയവിനിമയ മാധ്യമമായും സംഘാടന പ്രവർത്തനമായും വളർത്തിയെടുത്തിരുന്നു. 1983ൽ പരിഷത്തിന്റെ കലാജാഥ കന്യാകുമാരി ജില്ലയിൽ പരിപാടി അവതരിപ്പിച്ചു. 1984ൽ കേരള-തമിഴ്‍നാട് ജാഥ, 1985ൽ ഭോപ്പാൽ ജാഥ, 1987ൽ ഭാരത ജന വിജ്ഞാന ജാഥ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പുതിയ പുതിയ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ വളർന്നു വരികയായിരുന്നു. 1978ൽ തിരുവനന്തപുരത്ത് പങ്കെടുത്ത സംഘടനകളിൽ ഭൂരിഭാഗവും നിർജീവമാവുകയോ, വഴിമാറിപ്പോവുകയോ ചെയ്തു. ഡെൽഹി സയൻസ്‍ഫോറം മാത്രമാണ് അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഭാഗമായി തുടരുന്നത്. ബംഗാളിലെ പുനഃസംഘടിപ്പിക്കപ്പെട്ട പശ്ചിമബംഗ വിഗ്യാൻ മഞ്ചും.

വികസനവീക്ഷണവും പ്രത്യയശാസ്ത്രവും

'വികസന'ത്തെക്കുറിച്ച് പരിഷത്ത് പ്രവർത്തകരുടെ ഉപബോധ മനസ്സുകളിൽ ഉണ്ടായിരുന്ന ധാരണകൾക്ക് ഇതിനകം മൂർത്തരൂപങ്ങൾ കൈവരാൻ തുടങ്ങിയിരുന്നു. സൈലന്റ് വാലി പദ്ധതിയെക്കുറിച്ചുള്ള വിവാദവും അക്കാലത്തുതന്നെ വളർന്നു വന്ന ചാലിയാർ മലിനീകരണ വിരുദ്ധ പ്രവർത്തനങ്ങളും ഇതിന് ആസന്ന കാരണമായിത്തീർന്നു. എത്ര ഊർജം? എന്തിന്? എപ്പോൾ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിക്കൊണ്ടല്ലാതെ ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ലായിരുന്നു. വൈദ്യുതിയുടെ മൂല്യോൽപ്പാദന ക്ഷമത, തൊഴിൽ സൃഷ്ടി ക്ഷമത മുതലായവ, എന്തിനാണ് വൈദ്യുതി ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. അലുമിനിയം, സിങ്ക് മുതലായ ഇലക്ട്രോ മെറ്റലർജിക്കൽ വ്യവസായങ്ങളിൽ ഇവ തുലോം കുറവായിരിക്കും. മറിച്ച്, ലഘു എൻജിനീയറിങ്ങ് വ്യവസായങ്ങളിൽ ഇത് വളരെ ഉയർന്നിരിക്കും. ഏതിന്മേലാണ് ഊന്നൽ നൽകേണ്ടത്? അതുപോലെ, ഐക്യകേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭയും സഹപ്രവർത്തകരും അഭിമാനപൂർവം ഉയർത്തിക്കാണിക്കുന്ന ഒന്നായിരുന്നു ബിർള മാവൂരിൽ സ്ഥാപിച്ച പൾപ്പ് ഫാക്ടറി. പക്ഷേ, പ്രവർത്തനമാരംഭിച്ച് ഏറെനാൾ കഴിയുന്നതിനുമുമ്പുതന്നെ ചാലിയാർ തീരവാസികൾക്ക് അത് ഒരു ദുഷ്ടമൂർത്തിയായി മാറി. ചാലിയാർ പുഴ വിഷമയമായ കാളിന്ദിയായി മാറി. 1960കളുടെ അവസാനമാകുമ്പോഴേയ്‍ക്കും തന്നെ പ്രതിഷേധസ്വരങ്ങൾ ഉയർന്നുവരാൻ തുടങ്ങി. ചാലിയാർ മലിനീകരണ വിരുദ്ധ സമിതി രൂപീകരിക്കപ്പെട്ടു. എന്നാൽ അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/61&oldid=241296" എന്ന താളിൽനിന്ന് ശേഖരിച്ചത്