ങ്ങൾ. ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന പദം 1978 ജൂലായ് മാസത്തിനുമുമ്പ് പരിഷത്തിന്റെ ഒരു രേഖയിലും കാണുകയില്ല. അക്കാലത്ത് ഞാൻ താമസിച്ചിരുന്നത് തിരുവനന്തപുരത്ത് പട്ടത്ത് എൽ.ഐ.സി. ലെയിനിൽ ആയിരുന്നു. അഞ്ചു മിനിറ്റ് നടന്നാൽ പ്ലാനിങ്ങ് ബോർഡിലെത്തും. ബോർഡിലെ ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്ന കെ.വി.നമ്പ്യാരും ഞാനും ചേർന്നാണ് പ്ലോട്ട് വാങ്ങിയിരുന്നത്. നമ്പ്യാരുടെ അനുജൻ ബി.എ.ആർ.സി.യിൽ എന്റെ സഹപ്രവർത്തകനും ബോംബെ പരിഷത്തിലെ അംഗവും ആയിരുന്നു. പ്ലാനിങ് ബോർഡ് സെക്രട്ടറി ഡോ.പി.കെ.ഗോപാലകൃഷ്ണനും അഗ്രികൾച്ചർ ചീഫ് ഡോ.ശ്യാമസുന്ദരൻ നായരും വ്യവസായത്തിന്റെ ചീഫ് ടി.ആർ. ഗോപാലകൃഷ്ണനും ഒക്കെ കൂട്ടുകാരായിരുന്നു. ഇടയ്ക്കിടയ്ക്ക് പ്ലാനിങ് ബോർഡ് ഓഫീസിൽ കയറി ഇവരൊക്കെയായി സൊള്ളുക എന്നത് എന്റെ ഒരു ശീലമായിരുന്നു. അത്തരം ഒരു സന്ദർഭത്തിൽ സി.ഡി.എസ്സിലെ കെ.പി.കണ്ണനും ഉണ്ടായിരുന്നു. കണ്ണനാണെന്നു തോന്നുന്നു, മറ്റു സംസ്ഥാനങ്ങളിലും പരിഷത്തിനെപ്പോലെയുള്ള പ്രസ്ഥാനങ്ങളുണ്ട്, എല്ലാവരും ഒന്നു ഒത്തുചേരുന്നത് നന്നായിരിക്കും എന്ന് പറഞ്ഞത്. ഡോ. ഗോപാലകൃഷ്ണൻ ഉടനെ പ്രതികരിച്ചു: 'നല്ലതാണ്'. പ്ലാനിങ് ബോർഡ് അതിന് 10000 രൂപ ഗ്രാന്റ് നൽകാം! ഒട്ടേറെ സംഘങ്ങളെ എനിക്ക് നേരിട്ട് അറിയാമായിരുന്നു. സദൃശസ്വഭാവമുള്ള സംഘങ്ങളുടെ ഒരു കൂട്ടായ്മ - ഇതാണ് ഉദ്ദേശിച്ചത്. എന്താണ് ഈ സദൃശസ്വഭാവം? അതിന് പൊതുവായി എന്തുപേരാണ് കൊടുക്കേണ്ടത്? കുറെനേരം ചർച്ചകൾ നടന്നു. അതിനിടയ്ക്കാണ് കണ്ണൻ പറഞ്ഞത്. നമുക്കതിനെ പീപ്പിൾസ് സയൻസ് മൂവ്മെന്റ് എന്നു വിളിക്കാം. എല്ലാവർക്കും അതിഷ്ടപ്പെട്ടു. അങ്ങനെ പ്രസ്ഥാനത്തിന് പേരിട്ടത് കണ്ണൻ ആണ്. പേരു വീണത് 1978 മധ്യത്തിലും. വിവിധ സംഘടനകളെ ക്ഷണിക്കുമ്പോൾ കോൺഫറൻസിന് ഒരു പേർ വേണം. ഇംഗ്ലീഷിലായിരിക്കുകയും വേണം. അങ്ങനെ People's Science Movement അഥവാ PSM. ജനകീയ ശാസ്ത്രപ്രസ്ഥാനം എന്നത് ഇതിന്റെ തർജമയാണ്. 1978 നവംബർ 10, 11, 12 തിയ്യതികളിലായി സി.ഡി.എസ്സിൽ വച്ച് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം നടന്നു. പരിഷത്തിന്റെ 35 പ്രതിനിധികളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എഴുപതോളം പ്രതിനിധികളും അതിൽ പങ്കെടുത്തു. ചർച്ചയിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന അഭിപ്രായങ്ങളുടെ സത്ത ഇതാണ്.
i) ഇന്നത്തെ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നില്ല. 8 വർഷത്തെ പ്രൈമറി വിദ്യാഭ്യാസവും തൊഴിൽ പരിശീലനത്തോടുകൂടിയ 4 വർഷത്തെ സെക്കണ്ടറി വിദ്യാഭ്യാസവും സാർവത്രികമാക്കണം.
ii) ആഹാരം, വസ്ത്രം, പാർപ്പിടം, തൊഴിൽ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്ക് ഉതകുന്ന ഗവേഷണങ്ങൾക്ക് മുൻഗണന നൽകണം.