ഡോ.എം.പി.പരമേശ്വരൻ തയ്യാറാക്കിയ ഈ പുസ്തകം ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വിശ്ലേഷണാത്മകമായ ഒരു ചരിത്രമാണ്. ചരിത്രം പഠിക്കുന്നത് അത് സ്വാംശീകരിക്കാനും പുതിയ ചരിത്രം രചിക്കാനുള്ള അറിവും ആവേശവും ആർജിക്കാനുമാണ്. അതു കൊണ്ടുതന്നെ അത് വിശ്ലേഷണാത്മകവും വികസ്വരവും ഉത്തേജനകരവും ആയിരിക്കണം. ഇതിനായുള്ള ഒരു രീതിശാസ്ത്രം അവലംബിക്കുന്നതിന് ഈ പുസ്തകത്തിൽ ശ്രമം നടത്തിയിട്ടുണ്ട്.
ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികാസത്തെ ഗുണാത്മകമായി നാലു ഭാഗങ്ങളാക്കി തിരിച്ചു കൊണ്ടുള്ള ഒരു പ്രതിപാദന രീതിയാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളത്. ശാസ്ത്രമെഴുത്തുകാരുടെ സംഘടനയായി ആരംഭിച്ച പരിഷത്ത് പതുക്കെ പതുക്കെ അധ്യാപകരെയും സാധാരണക്കാരെയും അണിചേർത്തുകൊണ്ട് ശാസ്ത്രപ്രചാരകരുടെ സംഘടനയായി മാറി. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചു. ഗ്രാമഗ്രാമാന്തരങ്ങളിൽ ഗ്രാമ ശാസ്ത്ര സമിതികളും പരിഷത്ത് യൂണിറ്റുകളും ആരംഭിച്ചു. ശാസ്ത്രക്ലാസ്സുകൾ പരിഷത്തിന്റെ മുഖ്യ അജണ്ടയായി മാറി. അങ്ങനെ ശാസ്ത്രസാഹിത്യ പരിഷത്ത് ജനകീയ ശാസ്ത്രപ്രസ്ഥാനമായി മാറുന്നതാണ് ഒന്നാംഭാഗം.
തുടർന്നുള്ള ഒന്നരപ്പതിറ്റാണ്ടുകാലം, ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഗുണാത്മകവും പരിമാണാത്മകവുമായ വികാസത്തിന്റെ രണ്ടാംഘട്ടമാണ്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിന്റെ അർഥതലങ്ങൾ വികസിച്ചു.