അധികം ഉത്കണ്ഠയുണ്ടായിരുന്ന ഒരു മേഖല ആയിരുന്നു ഭരണമാധ്യമത്തിന്റേത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ തെക്കുഭാഗത്തുണ്ടായിരുന്ന ട്രിവാൻഡ്രം ഹോട്ടലിന്റെ ടെറസ് ഹാളിൽ വച്ച് പരിഷത്തിന്റെ ഒരു യോഗം നടക്കുകയായിരുന്നു. പി.ടി.ബി യാണ് അധ്യക്ഷൻ. അതിൽ വച്ചാണ് കൊച്ചു തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. കാസർക്കോട്ടുനിന്ന് തിരുവനന്തപുരം വരെ “ഭരണവും പഠനവും മലയാളത്തിൽ' എന്ന മുദ്രാവാക്യവുമായി ഒരു പ്രചാരണജാഥ നടത്തുക. 1972ലെ ജാഥയുടെ - തിരുവനന്തപുരം മുതൽ തിരുവല്ല വരെ - മാനേജരായിരുന്നു ഞാൻ. ഉത്തേജനകരങ്ങളായ അനുഭവങ്ങളായിരുന്നു അന്നത്തേത്. രാഷ്ട്രീയ ജാഥകളുടേതിൽനിന്ന് വ്യത്യസ്തമായ ഡിമാന്റുകളുമായി ഒരു ശാസ്ത്രജാഥ. ഞാനതിൽ വീണു! പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം മനസ്സിനെ കൂടുതൽ മഥിച്ചിരുന്നത് ഊർജത്തിന്റെ പ്രശ്നങ്ങളായിരുന്നു. കേരളം കടുത്ത ഊർജ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴാൻ പോകുകയാണെന്ന് എനിക്ക് നന്നായി ബോധ്യപ്പെട്ടിരുന്നു. ജലവൈദ്യുതികൊണ്ട് മാത്രം പ്രശ്നം തീരില്ല. വൻതോതിൽ കൽക്കരി ഇറക്കുമതി ചെയ്യണം. അത് നമ്മുടെ ഓട് - ഇഷ്ടിക വ്യവസായത്തെയും രക്ഷിക്കും. അങ്ങനെ ഊർജത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്ന ഒന്നായിരിക്കണം ഈ ജാഥ എന്ന് ഞാനാവശ്യപ്പെട്ടു. ഒറ്റ മുദ്രാവാക്യം വേണോ, കൂടുതൽ മുദ്രാവാക്യങ്ങൾ വേണോ? ഏറെ നേരം തർക്കം നടന്നു. ഒറ്റ മുദ്രാവാക്യത്തിൽ യോജിപ്പിലെത്താൻ കഴിഞ്ഞില്ല. അങ്ങനെ നാലഞ്ച് മുദ്രാവാക്യങ്ങൾ സ്വീകരിക്കപ്പെട്ടു. ഊർജത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ എന്നെക്കൊണ്ടായില്ല. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്, ഭരണവും പഠനവും മലയാളത്തിൽ, അധ്വാനം സമ്പത്ത്, വ്യവസായവൽക്കരിക്കുക അല്ലെങ്കിൽ മരിക്കുക എന്നിവയായിരുന്നു അംഗീകരിക്കപ്പെട്ട മുദ്രാവാക്യങ്ങൾ. ഇതിനാണ് കാലടി ക്യാമ്പിൽ വച്ച് മൂർത്തരൂപം നൽകിയത്.
ഒക്ടോബർ 2ന് ആരംഭിച്ച് നവംബർ 7ന് അവസാനിപ്പിക്കുക എന്ന് തീരുമാനിച്ചു. ഗാന്ധി മുതൽ സി.വി.രാമൻ (ലെനിൻ) വരെ! ഉപബോധത്തിൽ ഈ ധാരണയുണ്ടായിരുന്നു. 10 വർഷങ്ങൾക്കുശേഷം NCSTC- (നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷൻ) കൊല്ലത്തിൽ ഒരു ദിവസത്തെ ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ, സി.വി.രാമന്റെ ജന്മദിനമായ നവംബർ 7 ആയിരിക്കണം അതെന്നു പരിഷത്ത് നിർദേശിച്ചു. എന്നാൽ അത് റഷ്യൻ വിപ്ലവ ദിനം കൂടി ആകയാലും NCSTCയുടെ നേതൃസ്ഥാനത്തിരുന്ന ഉദ്യോഗസ്ഥന്മാർ കടുത്ത സോവിയറ്റ് വിരോധികൾ ആയിരുന്നതിനാലും ആ നിർദേശം തള്ളപ്പെട്ടു. രാമൻ പ്രഭാവം ആദ്യമായി അവതരിപ്പിച്ച ദിവസം എന്നു പറഞ്ഞുകൊണ്ട് ഫെബ്രുവരി 28നെ ദേശീയ ശാസ്ത്രദിനമാക്കി പ്രഖ്യാപിച്ചു. പക്ഷേ, ഒക്ടോബർ 2-നവംബർ 7- പരിഷത്തുകാർക്കും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനും ശാസ്ത്രമാസമായി മാറി.