20-25 ദിവസം വരുന്നു. മറ്റു സംഘടനാ പ്രവർത്തനങ്ങൾക്ക് വേറെയും. പലർക്കും ഇത് താങ്ങാനാകാതെ വരുന്നുണ്ട്. എല്ലാ അംഗങ്ങളും ഒരു കൊല്ലത്തിൽ 500 രൂപയുടെ പുസ്തകമെങ്കിലും പ്രചരിപ്പിക്കുകയാണെങ്കിൽ പ്രതിവർഷം 2 കോടി രൂപയുടെ പുസ്തകം പ്രചരിപ്പിക്കാവുന്നതാണ്. ഒരു ദിവസത്തെ അധ്വാനം മതി. മറ്റു സന്നദ്ധ സംഘടനകളും സർക്കാരിതര സംഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ പരിഷത്തിനുള്ള തനിമ, ഒരു ഫണ്ടിങ്ങ് ഏജൻസിയെയും ആശ്രയിക്കാതെ തങ്ങൾക്കാവശ്യമുള്ള പണം, തങ്ങളുടെ അംഗങ്ങളുടെ പുസ്തകപ്രചാരണാധ്വാനത്തിലൂടെ ഉണ്ടാക്കുന്നു എന്നതാണ്. ഇതിൽ കൂടുതൽ പണം വർഷംതോറും സംഭാവന നൽകാൻ കഴിവുള്ള പ്രവർത്തകരുണ്ട്. പക്ഷേ, പുസ്തകങ്ങളുമായി വീടുതോറും കയറി ഇറങ്ങുകയും അവിടത്തെ കുട്ടികളും മുതിർന്നവരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യുകയെന്നത് പരിഷത്തിന്റെ ലക്ഷ്യനിർവഹണത്തിന് അത്യന്തം സഹായകരമാണ്. ഇങ്ങനെ അംഗങ്ങളുടെ അധ്വാനത്തിലൂടെ മാത്രം നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മറ്റു സംഘടനകളോ മറ്റു പ്രസ്ഥാനങ്ങളോ വേറെ അധികമൊന്നുമില്ല. സമ്മാനപ്പെട്ടിക്കും സയൻസ്‍ക്രീമിനും ശേഷം പ്രസിദ്ധീകരണരംഗത്ത് പരിഷത്ത് പിന്നോക്കം പോയിട്ടില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ പരിഷത്ത് ആകെ 760ൽ അധികം മൂലകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലതിനും രണ്ടും ചിലതിന് എട്ടും പത്തും പതിപ്പുവരെ വന്നിട്ടുണ്ട്. എല്ലാം അടക്കം 1300ൽ പരം. മൊത്തം മുഖവില 11.32 കോടി രൂപയ്ക്ക് വരും. 40,000 കോപ്പിയിലധികം ചെലവായവ ഏഴെട്ടു ടൈറ്റിലുകൾ വരും. രണ്ടു പുസ്തകങ്ങൾ ഒരുലക്ഷം കോപ്പിയിലധികം വിറ്റഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇപ്പോഴും സാധ്യതകളുടെ അടുത്തൊന്നും എത്തിയിട്ടില്ല.
ശാസ്ത്രസാംസ്കാരിക ജാഥ
കാലടി ക്യാമ്പിൽ വച്ച് സൈലന്റ് വാലി പ്രമേയത്തിനു പുറമേ പിൽക്കാലത്ത് ജനകീയ ശാസ്ത്രപ്രസ്ഥാനത്തെ ആകെ സ്വാധീനിച്ച ഒരുപ്രവർത്തനത്തിന്റെ കൂടി ബീജാവാപം നടക്കുകയുണ്ടായി. കൂവേരി മുതൽ പൂവ്വച്ചൽ വരെയുള്ള ശാസ്ത്രസാംസ്കാരിക ജാഥയ്ക്ക് മൂർത്ത രൂപം നൽകിയത് അവിടെ വച്ചായിരുന്നു. അങ്ങനെയുള്ള ഒരു ജാഥയെക്കുറിച്ച് രണ്ടു മാസം മുമ്പുതന്നെ സംസാരം ആരംഭിച്ചിരുന്നു. 'ഭരണവും പഠനവും മലയാളത്തിൽ' എന്നത് പരിഷത്തിന്റെ അന്നത്തെ മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. അതിനായി പല പ്രക്ഷോഭ പ്രവർത്തനങ്ങളും നടത്തിയിരുന്നു. 1975 ജൂലായിൽ കേരള ഗവൺമെന്റ് മലയാളത്തെ കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പ്രഖ്യാപനം ഏട്ടിൽ കിടന്നതേയുള്ളൂ. പ്രാദേശികമായി ഒന്നും നടന്നിരുന്നില്ല. എം.കെ.പ്രസാദിന് പരിസ്ഥിതി എന്നപോലെ കൊച്ചുവിന് (ടി.കെ.കൊച്ചുനാരായണൻ) ഏറ്റവും