ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഒരു പതിറ്റാണ്ടിനുശേഷം, പഞ്ചായത്ത് വികസനസമിതി, സന്നദ്ധ സാങ്കേതികസേന എന്നീ സംവിധാനങ്ങളിലൂടെ അവ പ്രത്യക്ഷപ്പെടുകയുണ്ടായി.

'വികസനം' ഒരു പ്രധാന ചിന്താവിഷയമായി വളർന്നുവരികയായിരുന്നു. കേരളത്തിന്റെ പ്രകൃതി മാനുഷികസമ്പത്തുകളെപ്പറ്റിയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റിയും പഠിക്കാൻ പരിഷത്ത് പ്രവർത്തകർ നിർബന്ധിതരായിത്തീരുകയായിരുന്നു. അങ്ങനെയാണ് കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിന്റെ ആശയം രൂപപ്പെട്ടത്. സ്റ്റേറ്റ് പ്ലാനിങ്ങ് ബോർഡ്, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുതലായ സ്ഥാപനങ്ങളിലെ സാമ്പത്തിക ശാസ്ത്രജ്ഞരുമായി അതിനകം വളർന്നു വന്നിരുന്ന ആത്മബന്ധം ആ സാഹസത്തിന് ആത്മവിശ്വാസം നൽകി. അവരുമായി തുടർച്ചയായി ബന്ധപ്പെടുക, പുസ്തകത്തിന്റെ രൂപരേഖ തയ്യാറാക്കുക, അധ്യായങ്ങൾ ഏൽപ്പിക്കുക, വേണ്ടവ തർജമ ചെയ്യുക, എഡിറ്റു ചെയ്യുക..... ഇതിനെല്ലാം നേതൃത്വപരമായ പങ്കുവഹിച്ചത് അന്ന് പ്ലാനിങ് ബോർഡിൽ ജോലിചെയ്തിരുന്ന, അന്തരിച്ച ഡോ.കെ.എൻ. ശ്യാമസുന്ദരൻ നായരും ഈ ലേഖകനും ആയിരുന്നു. പ്രകൃതി, ശാസ്ത്രം, സമൂഹം ക്ലാസ്സുകൾ കഴിഞ്ഞശേഷമുള്ള ഏതാനും മാസങ്ങൾ, ഇവർ ഓരോരുത്തരുമായുള്ള ചർച്ചകളിൽ മുഴുകി. വിഷുപ്പടക്കത്തിലെ വാണം പോലെ കാലം കടന്നുപോയതേ അറിഞ്ഞില്ല. 1976 ജൂലായിൽ പുസ്തകം പ്രസിദ്ധീകരിച്ചു. അത് പ്രകാശനം ചെയ്തത് അന്തിക്കാടു വച്ചു നടന്ന പരിശീലനക്യാമ്പിൽ വച്ചായിരുന്നു. അതിന്റെ ഒന്നാം പതിപ്പിന്റെ ആമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 1976ലെ ബഹുജനസമ്പർക്ക പരിപാടിയാണ് 1976 സപ്തംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന കേരളത്തിന്റെ സമ്പത്തിനെക്കുറിച്ചുള്ള പ്രഭാഷണ പരമ്പര. പ്രസ്തുത പരിപാടിയിൽ അധ്യാപകരായി പങ്കെടുക്കുന്നവർക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ പുസ്തകം'. ജനുവരിയിലെ പ്രകൃതി, സമൂഹം, ശാസ്ത്രം ക്ലാസ്സുകളുടെ അനുഭവത്തിന്റെ ചുവട് പിടിച്ച് 5000 ക്ലാസ്സുകൾ നടത്താനായിരുന്നു പരിഷത്ത് തീരുമാനിച്ചത്. എന്നാൽ യഥാർഥത്തിൽ അതിന്റെ അഞ്ചിൽ ഒന്നുപോലും നടത്താൻ കഴിഞ്ഞില്ല. പരിശീലനം ലഭിച്ച അധ്യാപകർക്കോ മറ്റു പ്രവർത്തകർക്കോ ക്ലാസ്സെടുക്കാൻ വേണ്ട ആത്മവിശ്വാസം ഉണ്ടായില്ല. നൂറിൽ കുറവ് ആളുകളേ ക്ലാസ്സുകൾ എടുക്കാൻ തയ്യാറായുള്ളൂ. മൊത്തം ഏതാണ്ട് 1000 ക്ലാസ്സുകൾ.

1975 ഏപ്രിൽ 19 നാണ് കേരളവികസനം പരിഷത്ത് പ്രവർത്തകന്റെ പ്രത്യേകിച്ചും ഈ ലേഖകന്റെ ഒരു പ്രധാന അജണ്ടയായി തീരാൻ തുടങ്ങിയത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷന്റെ 10-ാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ ഒരു സെമിനാറോടു കൂടിയായിരുന്നു. അതിൽ ഈ ലേഖകൻ വൈദ്യുതിയും കേരളത്തിന്റെ വ്യവസായവൽക്കരണവും എന്ന ലേഖനം അവതരിപ്പിച്ചു. 1976 മെയ് 21, 22 തിയതിയിൽ ഇടുക്കിയിലെ വാഴത്തോപ്പിൽ വച്ചു നടന്ന രണ്ടാമത്തെ പ്രവർത്തക

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/53&oldid=240737" എന്ന താളിൽനിന്ന് ശേഖരിച്ചത്