ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കയെന്നത് പരിഷത്തിന്റെ പ്രാഥമിക ലക്ഷ്യമാണല്ലോ. എന്താണ് ശാസ്ത്രബോധം? എളുപ്പത്തിൽ ചോദിക്കാവുന്ന ഒരു ചോദ്യമാണിത്. ഉത്തരം ലളിതമല്ല. നിരവധി പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും ഇതേക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. ഇതുമായി അടുത്ത ബന്ധമുള്ള മറ്റൊരു ചോദ്യമാണ്: എന്താണ് അന്ധവിശ്വാസം? എളുപ്പമല്ല. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പ് അത്യന്തം ലോലമാണ്. നിരീശ്വരത്വത്തെ ശാസ്ത്രബോധമായി കാണുന്ന ചിലരുണ്ട്. പലർക്കും ഈശ്വരനിൽ മാത്രമല്ല മനുഷ്യരിലും വിശ്വാസമില്ല. ചുരുങ്ങിയ പക്ഷം ആൾ ദൈവങ്ങളെയെങ്കിലും ക്രൂശിക്കാതെ എന്തു ശാസ്ത്രബോധം? പക്ഷേ, നേതാവിനോടുള്ള ബഹുമാനത്തെയും വിധേയത്വത്തെയും ഈ ദൃഷ്ടിയിലൂടെ നോക്കാൻ പലർക്കും പ്രയാസമാണ്.

ഈശ്വരൻ ഇല്ലെന്നു സ്ഥാപിക്കുന്നത് ശാസ്ത്രത്തിന്റെയോ ശാസ്ത്രസാഹിത്യ പരിഷത്തിന്റെയോ കടമയല്ല. അത് ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന ഒരു ചോദ്യമല്ല എന്ന് പരിഷത്ത് ഔപചാരികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, എന്താണ് ശാസ്ത്രബോധം എന്ന് ഔപചാരികമായി നിർവചിക്കപ്പെട്ടിട്ടില്ല. അത് പറ്റില്ലതാനും. എന്നാൽ നിഷ്കൃഷ്ടമായി സ്ഥാപിക്കപ്പെടാതെയാണെങ്കിലും ഇങ്ങനെ ക്രോഡീകരിക്കാം:

ഇന്നത്തെക്കാൾ നല്ല ഒരു നാളെ സൃഷ്ടിക്കാൻ നമുക്ക് കഴിയും. ഇത് അന്ധമായ ശുഭാപ്തി വിശ്വാസമല്ല, അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലുള്ള കർമപദ്ധതിയാണ്.

മനുഷ്യർക്കിടയിലുള്ള പരസ്പരവിശ്വാസം. പരസ്പരം മത്സരിക്കുന്ന വ്യക്തികൾ മാത്രമല്ല, മനുഷ്യർ. പരസ്പരസഹകരണത്തിലൂടെയും കൂട്ടായ്മയിലൂടെയുമല്ലാതെ മനുഷ്യജാതി അതിജീവിക്കുമായിരുന്നില്ല.

ശാസ്ത്രം ജീവിതം തന്നെയാണ്. ജീവിതാനുഭവങ്ങളാണ് ശാസ്ത്രത്തിന് ജന്മം നൽകിയത്.

കേവലവും ശാശ്വതവും ആയ ഒരു സത്യമില്ല. കൂടുതൽ കൂടുതൽ അറിയുന്ന മുറയ്ക്ക് സത്യത്തിന്റെ ഉള്ളടക്കം മാറിക്കൊണ്ടിരിക്കും.

എല്ലാ സിദ്ധാന്തങ്ങളുടെയും ഉരകല്ല് പ്രയോഗമാണ്.

കേരളത്തിന്റെ സമ്പത്ത്

ഗ്രാമവാസികളുടെ സ്വതന്ത്രമായ സമിതി, നാട്ടുകാരുടെ ഒരു സയൻസ് ക്ലബ്, ക്രമേണ ഗ്രാമതലപ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കഴിയുമെന്ന് വിഭാവനം ചെയ്യുന്ന അനൗദ്യോഗിക പഞ്ചായത്ത് പ്ലാനിങ്ങ് ബോർഡ്, വികസനപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അനൗദ്യോഗിക വികസനസമിതി - ഇതൊക്കെ ആയിരുന്നു ഗ്രാമശാസ്ത്ര സമിതികളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ. 1983-84 ആയപ്പോഴേയ്ക്കും മിക്ക ഗ്രാമശാസ്ത്ര സമിതികളും - പരിഷത്തിന്റെ ഔപചാരിക യൂണിറ്റുകളായി മാറുകയും ഈ ധർമങ്ങൾ നിർവഹിക്കാൻ അപര്യാപ്തമാവുകയും ചെയ്തെങ്കിലും വീണ്ടും

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/52&oldid=240736" എന്ന താളിൽനിന്ന് ശേഖരിച്ചത്