“ഇല്ലേയില്ല. വളരെ പരിമിതമായ കാര്യങ്ങളേ അറിയാവൂ“- ഞാൻ സത്യസന്ധമായി മറുപടി പറഞ്ഞു.
“എങ്കിൽ പിന്നെ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് സംസാരിക്കാൻ താങ്കൾക്കെന്ത് അവകാശം? ഇരിക്കണം സർ.“
സംഗതി അലങ്കോലപ്പെടുത്താൻ തന്നെയാണോ ഇവർ കൂട്ടം കൂടി വന്നിരിക്കുന്നത്?
ഞാൻ പിന്നോക്കം തിരിഞ്ഞു. ഡോ.മുഹമ്മദിനോട് ചോദിച്ചു:
“ഡോക്ടറേ, നിങ്ങൾക്ക്, ഈ മനുഷ്യന്റെ ശരീരത്തിനകത്ത്, തലച്ചോറിലും കിഡ്നിയിലും വയറ്റിലും ഒക്കെ നടക്കുന്ന കോടാനുകോടി ജീവത് രാസായനിക പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ?"
“അയ്യയ്യോ, ഇല്ല, ഇല്ല. വളരെ വളരെക്കുറച്ചു മാത്രമേ അറിയാവൂ. അറിഞ്ഞതിന്റെ എത്രയോ ലക്ഷം മടങ്ങ് ഇനിയും അറിയാനുണ്ട്. ഉള്ള അറിവ് വച്ച് ഓരോന്നു ചെയ്യുന്നു.
ഞാൻ ചോദ്യം ഉന്നയിച്ച മുള്ളയുടെ നേരെ തിരിഞ്ഞു പറഞ്ഞു:
“നോക്കു. ഈ ഡോക്ടർ പറയുന്നു നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തിനറിയാവു എന്ന്. എന്നിട്ടും രോഗം വരുമ്പോൾ ചികിത്സ തേടി നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തു പോകുന്നു. ശാസ്ത്രജ്ഞൻ എന്താണ് ചെയ്യുന്നത്? അറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറിയാൻ ശ്രമിക്കുന്നു; നമ്മുടെ ജീവിതം കൂടുതൽ സുഖകരമാക്കാൻ ശ്രമിക്കുന്നു. ആ ശാസ്ത്രത്തിന്റെ അറിവ്, പരിമിതമാണെങ്കിലും, ജനങ്ങളുമായി പങ്കിടുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്.
അദ്ദേഹത്തിന് ഉത്തരമൊന്നും ഇല്ലായിരുന്നു. അപ്പോഴേയ്ക്കും പിന്നിൽ നിറഞ്ഞ് ഇരുന്നിരുന്ന പരിഷത്തുകാരും നാട്ടുകാരും എഴുന്നേറ്റുനിന്നു പറയാൻ തുടങ്ങി. “സാറിന്നധികാരമുണ്ട്. ഒരനൗചിത്യവുമില്ല. സാർ തുടരുക.“
ഏതാണ്ടു മൂന്നു മണിക്കൂർ നീണ്ടുനിന്നു ആ പാർലമെന്റ്. അത് കഴിഞ്ഞ ഉടൻ ഏതാനും മുള്ളമാർ എന്നെ വളഞ്ഞ് ഒരു ചോദ്യം ഉന്നയിച്ചു. “സർ, ശാസ്ത്രം പൂർണമാണോ?” ഞാൻ പറഞ്ഞു “അല്ലേ അല്ല, അത് വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരിക്കലും പൂർണമാകില്ല. “എന്നാൽ മതം പൂർണമാണ്. അതിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട്. ഞങ്ങൾ ഒരു മത പാർലമെന്റ് വച്ചാൽ സാർ വരുമോ?' “നിശ്ചയമായും വരാം.” ഞാൻ പ്രതിവചിച്ചു. അതു നടന്നുവോ എന്തോ? ഏതായാലും അവർ എന്നെ വിളിക്കുകയുണ്ടായില്ല.
ശാസ്ത്രം പൂർണമാണോ?
പക്ഷേ, ഒരു ചോദ്യം അവശേഷിക്കുന്നു. “ശാസ്ത്രം പൂർണമാണോ?“ ജനങ്ങളിൽ ശാസ്ത്രബോധവും ശാസ്ത്രീയ ലോകവീക്ഷണവും വളർത്തു