കൾക്കിടയിൽ അറസ്റ്റോ മറ്റു സംഭവങ്ങളോ ഒന്നും ഉണ്ടായില്ല എന്നത് അദ്ഭുതാവഹം തന്നെയാണ്. പക്ഷേ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ വച്ചു നടന്ന ശാസ്ത്രപാർലമെന്റ് എടുത്തു പറയേണ്ട ഒന്നാണ്.
മലപ്പുറം ജില്ലാക്കമ്മിറ്റി കൊണ്ടോട്ടിയിൽ ഏറെ പ്രചാരണത്തോടെ ഒരു ശാസ്ത്രപാർലമെന്റ് ആസൂത്രണം ചെയ്തിരിക്കയാണ്. സ്ഥലത്തെ ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുമായി കൂടിച്ചേർന്നാണ് ഇത് നടത്തുന്നത്. പരിഷത്തിന്റെ ജില്ലാ പ്രസിഡണ്ടും ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറുമായ ഡോ. മുഹമ്മദ് തന്നെ ആയിരുന്നു അതിന്റെയും പ്രസിഡണ്ട്. “പ്രകൃതിയെയും ശാസ്ത്രത്തെയും സമൂഹത്തെയും കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് വിപുലമായ ഒരു പാർലമെന്റ് സംഘടിപ്പിക്കുകയാണ്. ഡോ. എം.പി.പരമേശ്വരൻ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരിക്കും. പഞ്ചായത്തിന്റെ വിവിധ സ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ചോദ്യപ്പെട്ടിയിൽ നിങ്ങളുടെ ചോദ്യങ്ങൾ നിക്ഷേപിക്കുക. ജനുവരി 12-ാം തിയതി വൈകുന്നേരം 4 മണിക്ക് കൊണ്ടോട്ടി അങ്ങാടിയിലുള്ള ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ ഹാളിൽ പാർലമെന്റ് ചേരുന്നതായിരിക്കും." നോട്ടീസുകളിലൂടെയും പോസ്റ്ററുകളിലൂടെയും വൻ പ്രചാരണം നടന്നു. ഒരാഴ്ചയോളം ചോദ്യപ്പെട്ടികൾ വച്ചുകൊണ്ടിരുന്നു. പാർലമെന്റിന്റെ തലേ ദിവസം പ്രവർത്തകർ എല്ലാം ശേഖരിക്കുകയും ചോദ്യങ്ങളെ വർഗീകരിക്കുകയും ചെയ്തു. സ്വാഭാവികമായും പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ജീവന്റെ ഉൽപത്തിയെക്കുറിച്ചും ആയിരുന്നു ഏറിയ പങ്കും ചോദ്യങ്ങൾ, മതത്തിന്റെയും ശാസ്ത്രത്തിന്റെയും ഇടയ്ക്കുള്ള ഒരു അവ്യക്ത മേഖലയാണത്. ഞാൻ നാലു മണിക്കുമുമ്പുതന്നെ ഹാളിൽ എത്തിച്ചേർന്നു. അദ്ഭുതം. ഏറെ വീതിയില്ലാത്ത നീളത്തിലുള്ള ഹാളായിരുന്നു അത്. മുമ്പിലെ 7-8 വരികൾ മുഴുവനും നിറഞ്ഞിരുന്നു. വെള്ളക്കുപ്പായം ധരിച്ച് താടി നീട്ടിയ മുള്ളമാർ. ഇത്രയധികം പേരോ? നാലര ആയപ്പോഴേയ്ക്കും ഹാൾ നിറഞ്ഞു. ഇരുനൂറിലധികം ആളുകൾ ഉണ്ടായിരുന്നു. അധ്യക്ഷത വഹിച്ചത് ഡോ.മുഹമ്മദ് തന്നെയായിരുന്നു. അദ്ദേഹം എന്നെ സദസ്സിനു പരിചയപ്പെടുത്തി. എന്നോട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെട്ടു. ഞാൻ എഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങി.
“സുഹൃത്തുക്കളേ, മൊത്തം 200ൽപ്പരം ചോദ്യങ്ങൾ കിട്ടിയിട്ടുണ്ട്. അവയെ ഞാൻ പല മേഖലകളായി വർഗീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യം പ്രപഞ്ചോൽപ്പത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എടുക്കാം...“
“സാർ, പോയന്റ് ഓഫ് ഓർഡർ' സദസ്സിൽ നിന്നും ഒരു മുള്ള എഴുന്നേറ്റുനിന്നു പറഞ്ഞു. പാർലമെന്റല്ലേ?
“യെസ്, എന്താണത്?
“സാർ, ഈ ശാസ്ത്രജ്ഞന് പ്രപഞ്ചത്തിന്റെ എല്ലാ കാര്യങ്ങളും അറിയാമോ?"