മല്ല. പക്ഷേ, പരിഷത്ത് പുരോഗമനാത്മകമാണ്, ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിനോട് അതിന് പക്ഷപാതിത്തമുണ്ട്. സർവോപരി അതിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും ഇടയിലുള്ള സ്വാധീനവും അംഗീകാരവും വർധിച്ചുവരികയാണ്. ഇത് അപകടകരമാണ്. ഇത് തടയാൻ പറ്റിയൊരവസരമാണ് അടിയന്തിരാവസ്ഥ അവർക്കു നൽകിയത്. അവർ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി: കമ്യൂണിസ്റ്റുകാർ വിദ്യാഭ്യാസമേഖലയിൽ നുഴഞ്ഞുകയറുകയാണ്. സാഹിത്യം പ്രചരിപ്പിക്കുന്നു, മത്സരപരീക്ഷകൾ നടത്തുന്നു, സംഘടനകൾ (സയൻസ് ക്ലബ്) രൂപീകരിക്കുന്നു. ഇതിനെല്ലാം അധ്യാപകർ തന്നെ മുൻകൈ എടുക്കുന്നു. ഇത് അപകടകരമാണ്. പരാതി കിട്ടേണ്ട താമസം, ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്നു ഹെഡ്‌മാസ്റ്റർ മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസ അധികൃതർക്ക് സർക്കുലർ പോകുന്നു. സ്കൂളുകളുടെ നടത്തിപ്പിൽ പുറമേനിന്നുള്ള ആളുകൾ ഇടപെടുന്നതായും ഇതിന് അധ്യാപകർ കൂട്ടുനിൽക്കുന്നതായും അറിയുന്നു. സയൻസ് ക്ലബ്ബുകൾ ആവശ്യമാണ്. പക്ഷേ, അവയ്ക്ക് സഹായം നൽകാൻ ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലെ പുറമേനിന്നുള്ള സംഘടനകൾ ആവശ്യമില്ല. അതിനായി ഗവൺമെന്റുതന്നെ ഒരു സയൻസ്‌ക്ലബ് അസോസിയേഷൻ രൂപീകരിക്കുന്നുണ്ട്. അധ്യാപകരുടെ ഉത്തരവാദിത്തങ്ങൾക്ക് ഭംഗം വരുത്തുന്ന രീതിയിൽ പുറമെനിന്നുള്ളവർ സ്കൂൾ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് തടയണം.... ഇതായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം.
വിദ്യാർഥികളുമായുള്ള ബന്ധം വിച്ഛേദിക്കാൻ പരിഷത്ത് തയ്യാറായിരുന്നില്ല. പക്ഷേ, അടിയന്തിരാവസ്ഥയിൽ ആഭ്യന്തരമന്ത്രിക്ക് അമിതമായ അധികാരങ്ങളാണുള്ളത്. കരുണാകരന്റെ സുഹൃത്തും കോൺഗ്രസ്സുകാരനുമായ ഡോ.കെ.കെ.രാഹുലനായിരുന്നു അന്ന് പരിഷത്തിന്റെ പ്രസിഡണ്ട്. അദ്ദേഹം കരുണാകരനെ പോയിക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. പരിഷത്ത് കമ്യൂണിസ്റ്റുകാരുടെയൊന്നുമല്ല. നോക്കു, ഞാനാണ് പ്രസിഡണ്ട്. കരുണാകരന്റെ നിലപാട് മയപ്പെടുന്നതിന് ഇത് കാരണമായി. പക്ഷേ, “ഡോക്ടറേ, നിങ്ങളെ കമ്യൂണിസ്റ്റുകാർ കുരങ്ങുകളിപ്പിക്കുകയാണ്, സൂക്ഷിക്കണം" എന്ന് കരുണാകരൻ ഉപദേശിച്ചതായി പിന്നീട് രാഹുലൻ പറയുകയുണ്ടായിട്ടുണ്ട്.
പരിഷത്ത് സ്വന്തം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. 150ൽപ്പരം ഗ്രാമശാസ്ത്രസമിതികൾ ആ വർഷം രൂപീകരിച്ചു. അവയുടെ പ്രവർത്തനത്തിന് എല്ലാവിധ സഹായവും നൽകണമെന്ന് പഞ്ചായത്തുകളോടാവശ്യപ്പെടുന്ന ഒരു സർക്കുലർ ഗവൺമെന്റുതന്നെ പുറത്തിറക്കി.