പഞ്ചായത്തുകളിൽ ഗ്രാമശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞങ്കിലും ഒരൊറ്റ ഫാക്ടറി ശാസ്ത്രസമിതിപോലും രൂപീകരിക്കാൻ കഴിഞ്ഞില്ല.
കുട്ടികൾക്കായുള്ള ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നും അതിനായി പരിഷത്ത് നേരിട്ട് പ്രസിദ്ധീകരണ രംഗത്ത് ഇറങ്ങണമെന്നും തീരുമാനിച്ചത് ഈ ക്യാമ്പിൽ വച്ചായിരുന്നു. STEPSന്റെ മൂന്നു വർഷത്തെ പ്രവർത്തനം ഒട്ടുംതന്നെ തൃപ്തികരമായിരുന്നില്ല. ആകെ രണ്ടു പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. 1976 ജനുവരി ശാസ്ത്രമാസം ആയി ആഘോഷിക്കാനും അതിന്റെ ഭാഗമായി പ്രകൃതി, സമൂഹം, ശാസ്ത്രം എന്നീ വിഷയങ്ങളെ ആധാരമാക്കി 3,000 ക്ലാസ്സുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചതും ഈ ക്യാമ്പിൽ വച്ചായിരുന്നു. ഈ ക്ലാസ്സുകൾ പരിഷത്തിന്റെ പ്രത്യയശാസ്ത്രപരമായ വളർച്ചയിൽ ഒരു പ്രധാന പങ്കു വഹിച്ചു. മാനവ വികാസത്തിന്റെ ചരിത്രത്തെക്കുറിച്ചും ആ ചരിത്രത്തിന്റെ ദർശനത്തെക്കുറിച്ചും ഈ വികാസത്തിൽ ശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ചും പരിഷത്ത് പ്രവർത്തകർക്ക് കൂടുതൽ വ്യക്തത വരുത്താൻ ഇവ സഹായിച്ചു. 300 ഗ്രാമപഞ്ചായത്തുകളിലെങ്കിലും ഗ്രാമസമിതികൾ രൂപീകരിക്കണമെന്ന് പീച്ചി ക്യാമ്പിൽ വച്ചുതീരുമാനിക്കുകയുണ്ടായി.
ഒരു മാസത്തിനുള്ളിൽ രാജ്യത്തിനകത്തെ അന്തരീക്ഷമാകെ മാറാൻ പോവുകയാണെന്നതിന് ഒരു സൂചനപോലും പീച്ചി ക്യാമ്പ് നടക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ല. 1975 ജൂൺ 25ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് ഇടതുപക്ഷ പാർട്ടികളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചു. പരിഷത്തിന്റെ പ്രവർത്തനത്തെയും. അതിനകംതന്നെ പരിഷത്തിനെ ഒരു CPI(M) പോഷകസംഘടനയായി ചിത്രീകരിക്കാൻ ചിലർ ശ്രമം ആരംഭിച്ചിരുന്നു. അന്ന് കേരളത്തിലെ മുഖ്യമന്ത്രി CPI നേതാവായ സി.അച്യുതമേനോൻ ആയിരുന്നു. ആഭ്യന്തരമന്ത്രിയായി, കോൺഗ്രസ് നേതാവായ കരുണാകരനും. യഥാർഥത്തിൽ കാര്യങ്ങൾ എല്ലാം തീരുമാനിച്ചിരുന്നത് കോൺഗ്രസ്സായിരുന്നു. ഇതിനകം തന്നെ പരിഷത്ത്, സ്കൂൾ വിദ്യാർഥികളുടെ ഇടയിൽ ഗണ്യമായ സ്വാധീനം നേടിയിരുന്നു -ശാസ്ത്രകേരളം, യുറീക്ക, ശാസ്ത്രകേരളം ക്വിസ്, യുറീക്ക ടാലന്റ് ടെസ്റ്റ്, സ്കൂൾ സയൻസ് ക്ലബ്ബുകൾ, സ്കൂൾ ലെയ്സൺ കമ്മിറ്റി... കേരളത്തിലെ പിന്തിരിപ്പൻ ശക്തികളുടെ മർമമാണ് വിദ്യാഭ്യാസ മേഖല. അതിൽ തൊട്ടാൽ അവർ തീവ്രമായി പ്രതികരിക്കും. നിലവിലുണ്ടായിരുന്ന വഷളായ വിദ്യാഭ്യാസ വ്യവസ്ഥ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളാണ്, മുണ്ടശ്ശേരി മാസ്റ്ററുടെ വിദ്യാഭ്യാസപരിഷ്കാരങ്ങളാണ്, 1957ലെ ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായ വിമോചനസമരത്തിന് വഴിതെളിച്ചതെന്നു പറയാറുണ്ട്. പരിഷത്ത് അധികാരത്തിലല്ല, അത് CPI(M)ന്റെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പോഷകസംഘടനയു