വിവിധ രംഗങ്ങളിലെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹ അവസ്ഥയെ താഴെ പറയും പ്രകാരം സംഗ്രഹിക്കാൻ സംഘടന ശ്രമിച്ചതായി കാണാം.
1. തുടർന്നുകൊണ്ടിരിക്കുന്ന, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം.
2. പ്രകടമായ ധനിക ദരിദ്രവൽക്കരണം - സാമ്പത്തിക ധ്രുവീകരണം.
3. ശാസ്ത്രസാങ്കേതികരംഗങ്ങളിൽ നിരന്തരമായ വികാസമുണ്ടായിട്ടും ഉൽപാദനശക്തികളെ വികസിപ്പിക്കുന്നതിൽ നേരിട്ട പരാജയം.
4. വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടേയും കാര്യത്തിലുള്ള അതിരുകടന്ന വിദേശ ആശ്രയം.
സമുഹത്തെ ഭാഷയുടെ, മതത്തിന്റെ, തൊഴിലിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഭജിക്കാറുണ്ട്. അതുപോലെ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർ - താഴെയുള്ളവർ എന്നും വിഭജിക്കാറുണ്ട്. ഇന്നലെവരെ ദാരിദ്ര്യരേഖയ്ക്കു മുകളിലായിരുന്ന പലരും ഇന്ന് താഴെയാകുന്നുണ്ട്. നമ്മുടെ സമൂഹം തുടർച്ചയായി ദരിദ്ര്യവൽക്കരണ പ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതേ സമയം ഈ ബഹുഭൂരിപക്ഷത്തിന്റെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്നു. അവരുടെ നിയന്ത്രണത്തിലാണ് ഉൽപ്പാദനപ്രക്രിയകൾ. ഭരണസംവിധാനവും അവരുടെ കൈകളിൽ തന്നെ. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ശാസ്ത്രവും അവരെയാണ് സേവിക്കുക, അവർക്കാണ് ഉപകരിക്കുക - സാമൂഹിക വിപ്ലവമെന്നാൽ ഈ അവസ്ഥ, ഇതിനു കളമൊരുക്കുന്ന വ്യവസ്ഥ മാറ്റലാണ്. ദരിദ്രവൽക്കരണ ധനികവൽക്കരണ പ്രക്രിയയെ കീഴ്മേൽ മറിക്കലാണ്.
ഈ സാഹചര്യത്തിൽ രൂപം കൊള്ളുന്ന ജനോന്മുഖ പ്രസ്ഥാനങ്ങൾ 'മനുഷ്യസ്നേഹപദം', 'ദേശീയം', 'വിപ്ലവാത്മകം' എന്നിങ്ങനെ പരസ്പരം കൂടിച്ചേർന്നു കിടക്കുന്ന മൂന്നു പ്രവണതകൾ പ്രകടിപ്പിച്ചെന്നു വരാം. ജനങ്ങളുടെ അടുത്തേക്കു ചെന്ന് അവരുടെ ഭൗതികാവശ്യങ്ങളെന്തെന്നറിയുക, വലിയൊരു വിഭാഗം ജനങ്ങളുടെ കഴിവിനിണങ്ങും വിധം പ്രസ്തുത ആവശ്യം നിറവേറ്റാൻ കഴിയത്തക്കവണ്ണം ശാസ്ത്രസാങ്കേതിക വിജ്ഞാനം പ്രയോജനപ്പെടുത്തുക, സമുചിതമായ സാങ്കേതികവിദ്യകൾ ആവിഷ്കരിച്ച് ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുക, ടെക്നോളജിയെ രാഷ്ട്രീയസമരത്തിനുള്ള ഒരായുധമാക്കി മാറ്റുക എന്നതൊക്കെ ഈ മുദ്രാവാക്യത്തിന്റെ പ്രചോദനഘടകളാണ്.
സാമൂഹ്യവിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക് നിർണായകമാണെന്ന് പരിഷത്ത് കരുതുന്നു. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കാണുന്ന താളപ്പിഴകൾക്കും ബഹുഭൂരിപക്ഷത്തിന്റെ പുരോഗതിക്കു വിലങ്ങുകൾ തീർക്കുന്ന മാമൂലുകൾക്കും വിധിവിശ്വാസങ്ങൾക്കുമെതിരെയുള്ള സമരത്തിൽ അവർക്കായുധമാകുകയും അനുദിനം ദരിദ്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് സാമുഹ്യ പുരോഗതി കൈവരിക്കുകയും ചെയ്യുക എന്നതാണ് ഈ മുദ്രാവാക്യംകൊണ്ട് പരിഷത്ത് ഉദ്ദേശിക്കുന്നത്.