തീരുമാനിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും തീരുമാനത്തിന്റെ സ്വഭാവം. ശാസ്ത്രത്തിന്റെ സ്വഭാവവും.
'സാമൂഹ്യവിപ്ലവം' എന്ന പദത്തിന് തുടക്കത്തിൽ വ്യക്തമായ ഒരു നിർവചനം ഉണ്ടായിരുന്നില്ല. എന്നാൽ, ഉച്ചരിക്കപ്പെടാത്തതും ഉപബോധത്തിൽ കുടികൊള്ളുന്നതുമായ ഒരു ധാരണ ഉണ്ടായിരുന്നു എന്നു പറയാം. പരിഷത്ത് പ്രവർത്തകരുടെ മറ്റു പ്രവർത്തനങ്ങളിലും അവരുടെ ജീവിതവീക്ഷണത്തിലും ഇത് കാണാമായിരുന്നു. ഒരു തരത്തിൽ ഉള്ള 'സോഷ്യലിസം' ആയിരിക്കും വിപ്ലവത്തിന്റെ ലക്ഷ്യം. അതിന്റെ രൂപമോ, അത് നടക്കുന്ന രീതിയോ റഷ്യയിലോ, ചൈനയിലോ, ക്യൂബയിലോ വിയറ്റ്നാമിലോ ഹംഗറിയിലോ പോളണ്ടിലോ നടന്ന ഏതൊന്നിന്റെയും ആവർത്തനമായിരിക്കില്ല. എന്നിരുന്നാലും പൊതുവായുള്ള ഘടകങ്ങളായിരിക്കും വ്യത്യാസങ്ങളേക്കാൾ കൂടുതൽ. പിന്നീട് 7-8 കൊല്ലത്തിനുള്ളിൽ സാമൂഹിക വിപ്ലവത്തിന് കൂടുതൽ നിഷ്കൃഷ്ടമായ ഒരു നിർവചനം വളർന്നു വരികയുണ്ടായി. തുടർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയോ അതിന്റെ ഭീഷണി നേരിടുകയോ ചെയ്യുന്ന ഒരു ഭൂരിപക്ഷം, അവരുടെ ചെലവിൽ തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്ന ഒരു ന്യൂനപക്ഷം എന്നിങ്ങനെ സമൂഹത്തെ രണ്ടു വൻചേരികളായി തിരിച്ചു കാണുകയും അവയിൽ ഭൂരിപക്ഷം വരുന്ന ദരിദ്രചേരിയോടുള്ള പക്ഷപാതിത്തം തുറന്നു പ്രഖ്യാപിക്കുകയുമാണ് 'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യത്തിലൂടെ പരിഷത്ത് ചെയ്തത്.
ഉയർന്ന ശുഭാപ്തി വിശ്വാസമാണ് അന്ന് എല്ലാവരെയും നയിച്ചത്. ഗ്രാമശാസ്ത്രസമിതി എന്ന ആശയം ഹരം പകരുന്നതായിരുന്നു, ഉത്തേജനകരമായിരുന്നു. ദക്ഷിണമേഖലാ പ്രവർത്തക ക്യാമ്പിൽ ഈ ആശയം അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ കണ്ണൂർ ജില്ലയിലെ കെ.മാധവൻ മാസ്റ്റർ തന്റെ ഗ്രാമമായ കൂവേരിയിൽ ആദ്യത്തെ സമിതി രൂപീകരിച്ചു. പിന്നീട്, 1974 ഡിസംബറിൽ നടന്ന വാർഷികസമ്മേളനത്തിൽ മാത്രമാണ് വ്യാപകമായി ഗ്രാമശാസ്ത്രസമിതികൾ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്.
പീച്ചി ക്യാമ്പ്
1975 മാർച്ചിൽ ഞാൻ ബോംബെയിലെ ജോലി രാജിവച്ച് തിരുവനന്തപുരത്തെത്തി; ചിന്ത പബ്ലിഷേഴ്സിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാനായി. പരിഷത്തിനകത്താകെ പുത്തൻ ആവേശം തുളുമ്പിനിൽക്കുന്ന സമയമായിരുന്നു അത്. ഒരു മുദ്രാവാക്യം കിട്ടി. അത് നടപ്പാക്കാനുള്ള ഒരു കർമപരിപാടിയുടെ രൂപരേഖയും ഉണ്ടായി. പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. അതിന് അംഗങ്ങളെ തയ്യാറാക്കണം-സൈദ്ധാന്തികമായും ശേഷിപരമായും. സാധാരണ നിർവാഹക സമിതി സംവിധാനത്തിലൂടെ മാത്രം ഇത് സാധിക്കില്ല. അതുകൊണ്ടാണ് പ്രവർത്തക ക്യാമ്പുകളാരംഭിച്ചത്. അവയുടെ തുടർച്ച എന്ന നിലയ്ക്ക്, നേരത്തെ മൂന്നുപേർ മാത്രമായി നടത്തിയ (ഞാൻ,