ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമാണുണ്ടായിരുന്നത്. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും ആയ അന്തരീക്ഷം വളരെക്കാലമായി ഇടതുപക്ഷഗന്ധം മുറ്റിനിൽക്കുന്ന ഒന്നായിരുന്നു. 'വിപ്ലവം' എന്ന പദം അതിന് പഥ്യമാണ്. തുടക്കത്തിൽ 'ശാസ്ത്രം സാമൂഹ്യമാറ്റത്തിന്' എന്നാണ് പറഞ്ഞിരുന്നത്. 'മാറ്റത്തെ വിപ്ലവ'മാക്കി മാറ്റിയത് കേരളത്തിന്റെ ഈ ഇടതുപക്ഷ അന്തരീക്ഷമായിരിക്കണം. ഏതായാലും അതിനുശേഷം പരിഷത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും മാറ്റ് ഉരയ്ക്കുന്ന ഉരകല്ലായി ഈ മുദ്രാവാക്യത്തെ അംഗീകരിക്കുകയുണ്ടായി.
എങ്ങനെയാണ് ഈ മുദ്രാവാക്യം പെട്ടെന്ന് അംഗീകരിക്കുന്ന ഒരു മനസ്ഥിതി പരിഷത്തിനകത്ത് വളർന്നു വന്നത്? എന്തർഥമാണ് നാമതിനു നൽകിയത്? ഈ അർഥത്തിന്റെ വ്യാപ്തിയിലും തെളിമയിലും എന്ത് ഗതിവിഗതികളാണുണ്ടായത്? ഇതിലൊക്കെ ശാസ്ത്രം വഹിക്കുന്ന പങ്കെന്താണ്? ശാസ്ത്രത്തിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് സംഘടന കൂടുതൽ കൂടുതൽ ബോധവത്തായി വരികയായിരുന്നു. ഒട്ടനവധി പ്രകൃതിശാസ്ത്രജ്ഞരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും കാഴ്ചപ്പാടുകൾ ഇതിൽ പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ജെ.ഡി.ബർണലിന്റെ ശാസ്ത്രം ചരിത്രത്തിൽ, ശാസ്ത്രത്തിന്റെ സാമൂഹ്യധർമം എന്നീ കൃതികളും എംഗൽസിന്റെ വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക് എന്ന ലഘുലേഖയും ഗോർഡൺ ചൈൽഡിന്റെ സമൂഹവും അറിവും എന്ന കൃതിയും ഇതിൽ എടുത്തുപറയേണ്ടവയാകുന്നു. എന്നാൽ പതുക്കെപ്പതുക്കെ, ശാസ്ത്രത്തിന്റെ വിമോചനാത്മകതയോടൊപ്പം അതിന്റെ മർദനാത്മകസ്വഭാവവും വ്യക്തമാകാൻ തുടങ്ങി. ആരുടെ കയ്യിലാണ് ശാസ്ത്രം-അറിവ് നിലകൊള്ളുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ പ്രയോഗം എന്ന് തുടക്കത്തിലേ അറിയാമായിരുന്നു. എന്നാൽ പ്രയോഗത്തിന്റെ കാര്യത്തിൽ മാത്രമല്ല, അറിവിന്റെ നിർമാണത്തിലും അതിന്റെ സ്വഭാവത്തിലും ഈ വ്യത്യാസം പ്രകടമാണെന്ന് നാം പിന്നീട് കണ്ടു. അണുബോംബിനെയും ഭൂഖണ്ഡാന്തര മിസൈലിനെയും ജീവാണു ബോംബുകളെയും അവയ്ക്കുള്ള പ്രതിരോധത്തെയും പറ്റി ഗവേഷണം നടത്തണമോ? അതോ നമ്മുടെ കൈത്തറിക്കാരും കയർത്തൊഴിലാളികളും കെട്ടിട നിർമാണത്തൊഴിലാളികളും കർഷകരും ഒക്കെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, മറ്റു സ്രോതസ്സുകളേക്കാൾ ചെലവുകുറഞ്ഞ രീതിയിൽ സൗരോർജത്തെ ഉപയോഗിക്കാനുള്ള ടെക്നോളജിയെക്കുറിച്ച്, പ്രാദേശിക സമ്പദ് വ്യവസ്ഥകളെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഒക്കെ ഗവേഷണം നടണമോ? ഏതിനാണ് കൂടുതൽ വിഭവങ്ങൾ നീക്കിവെക്കേണ്ടത്? ആരാണ്