ചർച്ചകൾ എത്തിച്ചേർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ലേഖകൻ, പി.ടി.ബി, വി.കെ.ഡി എന്നിവർ കൂടിച്ചേർന്നു തയ്യാറാക്കിയ ഒരു രേഖ വർഷാവസാനത്തിൽ നടന്ന ദക്ഷിണമേഖലാ പ്രവർത്തകക്യാമ്പിൽ അവതരിപ്പിക്കുകയുണ്ടായി.
1973 ഡിസംബറിൽ തിരുവനന്തപുരത്തു വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ ഇത് ഒരു ഔപചാരിക പരിപാടി ആയി അംഗീകരിക്കപ്പെട്ടു. ആ സമ്മേളനത്തിൽ വച്ചുതന്നെയാണ് “ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" എന്ന മുദ്രാവാക്യം രൂപീകരിക്കപ്പെട്ടതും. വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന അഖിലേന്ത്യാ ശാസ്ത്രസമ്മേളനത്തിൽ ഡോ.കെ.ആർ. ഭട്ടാചാര്യ (CSIR വർക്കേഴ്സ് അസോസിയേഷൻ പ്രസിഡണ്ട്) അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകമായിരുന്നു അത്. കർണാടകത്തിൽ നിന്ന് സൂരത്കൽ എൻജിനിയറിങ്ങ് കോളേജിൽ പ്രവർത്തിച്ചിരുന്ന വിജ്ഞാന ഉലകം സംഘത്തിന്റെ പ്രസിഡണ്ട് പി.ദേവറാവു, മറാഠി വിജ്ഞാന പരിഷത്തിന്റെ സെക്രട്ടറി എം.എൻ.ഗോഗ്തെ, തെലുഗു അക്കാദമി ഡയറക്ടർ പി.എസ്.അപ്പാറാവു, കെ.വീരേന്ദ്രറാവു, ഈ. രാ.ഗണേശൻ മുതലായി 8-10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നായി ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഭട്ടാചാര്യയുമായി നേരത്തെതന്നെ ഞാൻ ബന്ധപ്പെട്ടിരുന്നു. മൈസൂരിൽ CFTRIയിൽ അദ്ദേഹത്തെയും സഹപ്രവർത്തകരായ രാജു, സിങ് മുതലായവരെയും കണ്ടിരുന്നു. അവരെല്ലാം ശാസ്ത്രജ്ഞരും സംഘടനാപ്രവർത്തകരും (തീവ്ര) ഇടതുപക്ഷക്കാരുമാണ്. അവരുമായി ധാരണയിലെത്താൻ, വലിയ പ്രയാസമുണ്ടായിരുന്നില്ല. ബോംബെയിലെ FILSA അതിനകം നിർജീവമായിക്കഴിഞ്ഞിരുന്നു. ഇന്ത്യയിലാകെ പ്രവർത്തിക്കുന്ന ഒരു ശാസ്ത്രപ്രസ്ഥാനം വളർത്തുന്നതിനെപ്പറ്റിയാണ് അവരുമായി ചർച്ച ചെയ്തത്. FILSA, ബോംബെ കേന്ദ്രിതമായിരുന്നു, ഏറിയ പങ്കും അംഗങ്ങളും BARC, TIFR എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. CSIR ലെ ശാസ്ത്രജ്ഞരെ ആധാരമാക്കി ഒരു ശാസ്ത്രപ്രസ്ഥാനം വളർത്തിക്കൂടെ? 1972ലോ 73ലോ ആണ് ഞാൻ ഭട്ടാചാര്യയെ ആദ്യമായി കാണുന്നത്. 1974ൽ, മാതൃനഗരമായ കൽക്കത്തയിൽ അദ്ദേഹം സയൻസ് വർക്കേഴ്സ് ഫോറം (SWF), എന്ന ഒരു സംഘടനയ്ക്ക് രൂപം നൽകി. എന്നാൽ അക്കാലമായപ്പോഴേയ്ക്കും നക്സൽ പ്രസ്ഥാനം ഏറെ ശക്തമായിത്തീർന്നിരുന്നു, അവരുടെ മുഖ്യശത്രു CPI(M) ആണ്. SWFലെ പ്രവർത്തകർ നക്സൽ അനുഭാവികളായിരുന്നു. സ്വാഭാവികമായും, അതിന് ഗണ്യമായ തോതിൽ വളരാൻ കഴിഞ്ഞില്ല. പക്ഷേ, പരിഷത്തിന്റെ മുദ്രാവാക്യ രൂപീകരണത്തിൽ അദ്ദേഹത്തിന്റെ പ്രബന്ധം വഹിച്ച പങ്ക് ഓർക്കേണ്ടതാണ്. ഒരു കൊല്ലമായി പരിഷത്ത് നടത്തിക്കൊണ്ടിരുന്ന സ്വയം പരിശോധനയും അതിന്റെ ഫലമായി രൂപംകൊണ്ട ഗ്രാമശാസ്ത്രസമിതി എന്ന ആശയവും പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു ഈ മുദ്രാവാക്യം.