ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പി.ടി.ബിയുടെ വീട്ടിൽ ഇരുന്ന് ആലോചിക്കുകയായിരുന്നു. എന്റെ വീട്ടിൽനിന്ന് പി.ടി.ബി യുടെ വീട്ടിലേക്ക് 5 മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ. അതിനാൽ ഇടക്കിടയ്ക്ക് കാണുമായിരുന്നു. അന്ന് പി.ഗോവിന്ദപ്പിള്ളയും (പി.ജി) ഉണ്ടായിരുന്നു. ജാഥ പോര. പിന്നെന്തുവേണം? സംസാരത്തിനിടയിലാണ് ഒരാഴ്ചക്കുള്ളിൽ 1000 ശാസ്ത്രക്ലാസ് എന്ന ധാരണ രൂപം കൊണ്ടത്. എസ്.എഫ്.ഐ. വിദ്യാർഥികൾക്കായി ഞാൻ 'വൈരുധ്യാത്മക ഭൗതികവാദം' എന്ന പുസ്തകം എഴുതിയ കാലമായിരുന്നു അത്. ശാസ്ത്രീയലോകവീക്ഷണം വളർത്താൻ ഉപകരിക്കുന്ന ക്ലാസുകളായിരിക്കണം നടത്തേണ്ടത്. അങ്ങനെ പ്രപഞ്ചത്തിന്റെ വികാസം, മനുഷ്യന്റെ വികാസം, ശാസ്ത്രത്തിന്റെ വികാസം എന്നിങ്ങനെ മൂന്നു ക്ലാസ്സുകൾ വിഭാവനം ചെയ്യപ്പെട്ടു. അതിനുള്ള കുറിപ്പുകൾ 'ശാസ്ത്രകേരളത്തിന്റെ' പ്രത്യേക ലക്കം (ഡിസംബർ ലക്കം) ആയി പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യത്തെ രണ്ടു കുറിപ്പും ഞാൻ തയ്യാറാക്കി. മൂന്നാമത്തേത് പി.ജിയും. ക്ലാസ്സുകൾ എടുക്കാൻ താൽപ്പര്യമുള്ളവർ പേർ തരണമെന്ന അഭ്യർഥന 'ശാസ്ത്രകേരളത്തിൽ' പ്രസിദ്ധീകരിച്ചു. പി.ടി.ബിക്കായിരുന്നു നടത്തിപ്പിന്റെ ചുമതല. ഏതാണ്ട് ആയിരം കാർഡിലെങ്കിലും പി.ടി.ബി സ്വന്തം കൈകൊണ്ട് എഴുതിയിരിക്കും. മൊത്തം 400 പേർ ക്ലാസ്സെടുക്കാൻ തയ്യാറായി വന്നു. അങ്ങനെയാണ് എ.വി. വിഷ്ണു ഭട്ടതിരിപ്പാട് ആദ്യമായി പരിഷത്തിൽ വരുന്നത്. പിന്നീട് സജീവപ്രവർത്തകനായി മാറി. 1973 ജനുവരി 1 മുതൽ 7 വരെയുള്ള ഒരാഴ്ചയിൽ ആകെ 1200 ക്ലാസ്സുകൾ നടന്നു. പരിഷത്ത് പ്രവർത്തകരുടെ ജീവിത വീക്ഷണത്തെ ഈ ക്ലാസ്സുകൾ സാരമായി സ്വാധീനിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/39&oldid=240379" എന്ന താളിൽനിന്ന് ശേഖരിച്ചത്