ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വച്ചു നടന്ന 9-ാം വാർഷികത്തിലേക്ക്, കോഴിക്കോട്, ഷൊർണൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ട് വഴിനീളെ ശാസ്ത്രപ്രസംഗങ്ങൾ നടത്തിയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും മൂന്നു പ്രചാരണ (കാർ) ജാഥകൾ നടത്തുകയുണ്ടായി. തിരുവനന്തപുരത്തുനിന്ന് തിരിച്ച ജാഥയുടെ മാനേജരായിരുന്നു ഈ ലേഖകൻ. പ്രസിഡണ്ട് ഡോ. മാധവൻകുട്ടി തന്നെ ആയിരുന്നു അതിന്റെ ക്യാപ്റ്റൻ. എൻജിനീയറിങ്ങ് കോളേജ് പ്രിൻസിപ്പാൾ എസ്.വാസുദേവനുണ്ണി, കാർഷിക സർവകലാശാലാ പ്രൊഫസർ എ.ജി.ജി മേനോൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ആർ.ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവരായിരുന്നു ജാഥാംഗങ്ങൾ. ഒരു കാറിൽ കൊള്ളാവുന്നവർ. STEPSന്റെ അരികിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്തത് ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. വഴിയിലെ സ്വീകരണങ്ങളിൽ മറ്റു പലരുടെയും കൂട്ടത്തിൽ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവരും 'ക്യാപ്റ്റന്' ഹാരാർപ്പണം നടത്തുകയുണ്ടായി. പലരെയും സംബന്ധിച്ചിടത്തോളം ഇത് ഒരു തരത്തിലുള്ള സാമൂഹികരാഷ്ട്രീയ മാമൊദീസ മുക്കൽ ആയിരുന്നു എന്നു പറയാം. തിരുവല്ല സമ്മേളനം എന്നെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യത്തിനായി ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ഒപ്പം പരിഷത്തിന്റെ പണിയും ചെയ്യും. വരാൻ പോകുന്നത് 10-ാം വാർഷികമാണ്. കോഴിക്കോട്ട് വച്ച്. വി.കെ.ദാമോദരനായിരുന്നു സ്വാഗതസംഘം കൺവീനർ, സ്വാഗതസംഘരീതി അതിനകം തന്നെ പരിഷത്തിൽ സ്ഥിരീകൃതമായിക്കഴിഞ്ഞിരുന്നു. വാർഷികത്തിനുമുന്നെയുള്ള ബഹുജനസമ്പർക്ക പരിപാടി എന്തായിരിക്കണം?

Viswamanavan.png

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/38&oldid=240378" എന്ന താളിൽനിന്ന് ശേഖരിച്ചത്