എന്തായിരുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് സ്വയം പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങൾ? തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ വിശാലമായിത്തീർന്നിരുന്നു അവ.
- മലയാളത്തിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുക. മലയാളഭാഷയെ ഏത് വൈജ്ഞാനിക മേഖലയെയും കൈകാര്യം ചെയ്യാൻ കഴിവുള്ളതാക്കി വളർത്തുക.
- ഏറ്റവും ഉയർന്ന ബിരുദാനന്തരതലംവരെ മലയാളത്തിലൂടെ പഠിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുക.
- മലയാളത്തെ കേരളത്തിന്റെ ഭരണഭാഷയാക്കി മാറ്റുക.
- മലയാളത്തിൽ വൈജ്ഞാനിക വിഷയങ്ങൾ എഴുതാനും പ്രസംഗിക്കാനും ക്ലാസ്സെടുക്കാനും കഴിയുന്നവരുടെ ഒരു വൻ നിരതന്നെ വളർത്തിക്കൊണ്ടുവരിക.
- ജനങ്ങളുടെ ഇടയിൽ ശാസ്ത്രീയ ജീവിതവീക്ഷണവും ശാസ്ത്രീയലോകവീക്ഷണവും വളർത്തിക്കൊണ്ടുവരിക.
പിന്നീട് പരിഷത്തിന്റെ പ്രധാന പ്രവർത്തനമേഖലകളായിത്തീർന്ന ആരോഗ്യം, പരിസരം, ഊർജം, വികസനം, സ്വാശ്രയം, ലിംഗനീതി (ജെൻഡർ) മുതലായവയൊന്നും അന്ന് രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ പൊതുവിദ്യാഭ്യാസമേഖലയിൽ ഇതിനകംതന്നെ പരിഷത്ത് താൽപ്പര്യമെടുക്കാൻ തുടങ്ങിയിരുന്നു. 1965-66 കാലത്ത് കേന്ദ്രതലത്തിലും തുടർന്ന് സംസ്ഥാനതലത്തിലും സ്കൂൾ പാഠ്യപദ്ധതിയിൽ മൗലികമായ മാറ്റങ്ങൾ വരികയുണ്ടായി. ഈ മാറ്റങ്ങൾ മനസ്സിലാക്കാൻ തന്നെ കേരളത്തിലെ അധ്യാപകർക്ക് വിഷമമായിരുന്നു. പ്രത്യേകിച്ചും ഗണിതബോധനസമീപനത്തിൽ വന്ന മൗലികമായ മാറ്റങ്ങൾ, പരിഷത്ത് പ്രവർത്തകരിൽ - അന്ന് അവരുടെ എണ്ണം 40ൽ താഴെ ആയിരുന്നു - പലരും അധ്യാപകർ ആയിരുന്നതിനാൽ ഇത് അവരെ നേരിട്ടു ബാധിക്കുന്ന ഒരു പ്രശ്നമായി മാറി. പാഠ്യപദ്ധതിയിലെ ഈ പരിവർത്തനം സുഗമമാക്കുന്നതിന് കേരളത്തിലെ സ്കൂൾ അധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യം വച്ച് പരിഷത്ത് ഏതാനും അധ്യാപകപരിശീലനങ്ങൾ നടത്തുകയുണ്ടായി. എന്നാൽ വിശദാംശങ്ങൾ മനസ്സിലാക്കാൻ പറ്റുന്നവിധം അവ രേഖപ്പെടുത്തുകയുണ്ടായിട്ടില്ല.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചതുതന്നെ മുകളിൽ പറഞ്ഞതിൽ (1)മുതൽ (5) വരെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ്. പരിഷത്തിന്റെ പ്രധാന പ്രവർത്തകരായ സി.പി.നാരായണൻ, എൻ.വി.കൃഷ്ണവാരിയർ, സി.കെ. മൂസ്സത്, ഡോ. എ.എൻ.പി.ഉമ്മർകുട്ടി, പി.ടി.ബി. എന്നിവരും പുറമേ ഈ ലേഖകനും ഒക്കെ തിരുവനന്തപുരത്തുണ്ടായിരുന്നു. 1967ൽ പരീക്ഷണാർഥം മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിച്ച 'സാങ്കേതികപദാവലി' പൂർത്തീകരിച്ചു പ്രസിദ്ധീകരിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. 1969 മാർച്ചിൽ ആരംഭിച്ച് രണ്ടുമാസം കൊണ്ടാണ് 'വിജ്ഞാനശബ്ദാവലിയും' 'മാനവികശബ്ദാ