സിന്) ഒരു കത്തയച്ചു. ഇതിന് പ്രത്യേകമായിത്തന്നെ ഒരു സംവിധാനമുണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി മുഹമ്മദ്കോയയുമായി ബന്ധപ്പെട്ടാൽ മതിയെന്നും കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മറുപടി വന്നു. 1968 സെപ്തംബറിൽ അങ്ങനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിക്കപ്പെട്ടു. പരിഷത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്ന എൻ.വി.കൃഷ്ണവാരിയർ പ്രഥമ ഡയറക്ടറായി നിയമിക്കപ്പെടുകയും ചെയ്തു. ആയിടയ്ക്കാണ് പരിഷത്തിന്റെ അഞ്ചാം വാർഷികം തിരുവനന്തപുരത്തുവച്ചു നടക്കുന്നത്. അന്തരിച്ച ഡോ.എസ്.പരമേശ്വരൻ (ഗണിതാധ്യാപകൻ) ആയിരുന്നു മുഖ്യകാർമികൻ. ആ സന്ദർഭത്തിൽ അവർ പ്രസിദ്ധീകരിച്ച സുവനീർ, ഏറെ കനപ്പെട്ട ഒന്നാണ്. പരിഷത്തിന്റെ ആദ്യത്തെ വാർഷിക സുവനീറും അതു തന്നെ.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ച് താമസിയാതെതന്നെ അത് ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ഒരു കുറിപ്പ് എൻ. വി.ക്ക് അയച്ചു കൊടുത്തു. വിവിധ വിജ്ഞാനശാഖകളിലും ഉപശാഖകളിലും വ്യത്യസ്ത തലങ്ങളിലുമായി ഏതാണ്ട് 5000 പുതിയ പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള ഒരു രൂപരേഖ ആയിരുന്നു അത്. ദാ വരുന്നു എൻ.വിയുടെ മറുപടി. പ്ലാനൊക്കെ കേമം! ആർ ചെയ്യും? ഇവിടെ സാങ്കേതിക (എൻജിനീയറിങ്ങ്) വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറെ ആവശ്യമുണ്ട്. വന്നു കൂടെ? ചെയ്തുകൂടെ?
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിന് എനിക്ക് വിരോധമുണ്ടായിരുന്നില്ല. ഞാൻ ചെയ്തുകൊണ്ടിരുന്ന ഗവേഷണങ്ങൾ തികച്ചും ഉപരിപ്ലവങ്ങളായിരുന്നു. ആണവോർജത്തിന്റെ പരിമിതികൾ കുറച്ചൊക്കെ വ്യക്തമാകാൻ തുടങ്ങിയിരുന്നു. കേരള സർക്കാർ ഔപചാരികമായി ആവശ്യപ്പെടുകയും ഡിപ്പാർട്ട്മെന്റ് വിട്ടുകൊടുക്കാൻ തയ്യാറാവുകയും ആണെങ്കിൽ വരാൻ തയ്യാറാണെന്ന് എൻ.വി.ക്ക് എഴുതി. അതനുസരിച്ച് കേരള ഗവൺമെന്റ് ആവശ്യപ്പെട്ടു. ഡിപ്പാർട്ട്മെന്റ് സസന്തോഷം അവരുടെ അപേക്ഷ സ്വീകരിച്ചു. മൂന്നു നാല് ആഴ്ചക്കുള്ളിൽ റിലീവിങ്ങ് ഓർഡർ കിട്ടി. 1969 മാർച്ചിൽ ഞാൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെവച്ചാണ് സി.പി.നാരായണനെ ഞാൻ ആദ്യമായി കാണുന്നത്. അതിന് മുമ്പ് യുവഭാവന എന്ന ആനുകാലികത്തിന് ലേഖനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തിലൂടെയാണ് ആദ്യമായി പരിചയപ്പെടുന്നത്.
ആയിടയ്ക്ക് പി.ടി.ബിയും തിരുവനന്തപുരത്തെത്തിച്ചേർന്നു, സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന വിശ്വവിജ്ഞാനകോശത്തിന്റെ എഡിറ്ററായി ചാർജെടുത്തുകൊണ്ട്. പരിഷത്തും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സഹകരിച്ചുകൊണ്ടുള്ള വലിയൊരു മുന്നേറ്റത്തിന് ഇത് കളമൊരുക്കി. തിരുവനന്തപുരം പരിഷത്ത് പ്രവർത്തനത്തിന്റെ മർമ കേന്ദ്രമായിത്തീർന്നു.
ശാസ്ത്രസാഹിത്യ പരിഷത്ത് സന്നദ്ധപ്രവർത്തനത്തിലൂടെ ചെയ്തിരുന്ന പല കാര്യങ്ങളും ഔപചാരിക പ്രവർത്തനത്തിന്റെ ഭാഗമായിത്തീർന്നു.