വിഗ്യാൻ പരിഷത്ത്, ഗുജറാത്തി വിഗ്യാൻ പരിഷത്ത്, വിഞ്ഞാന തമിൾ വളർച്ചിക്കഴകം എന്നിങ്ങനെ ഏഴു സംഘടനകൾ അടുത്ത മൂന്നുനാലു മാസത്തിനുള്ളിൽ രൂപീകരിക്കപ്പെട്ടു. അവയെല്ലാം കൂടിച്ചേർന്ന് ഒരു ഫെഡറേഷനും രൂപീകരിച്ചു. FILSA - ഫെഡറേഷൻ ഓഫ് ഇന്ത്യൻ ലാംഗ്വേജ് സയൻസ് അസോസിയേഷൻസ്. 22 കൊല്ലത്തിനുശേഷം രൂപം കൊള്ളാൻ പോകുന്ന AIPSNന്റെ, ആൾ ഇന്ത്യാ പീപ്പിൾസ് സയൻസ് നെറ്റ് വർക്കിന്റെ മുൻഗാമി ആയിരുന്നു ഇത്. പൂനാ സർവകലാശാലാ വൈസ്ചാൻസലറായിരുന്ന ആർ.വി. സാഠെ ആയിരുന്നു അതിന്റെ പ്രസിഡണ്ട്. മറാഠി വിദ്ന്യാൻ പരിഷത്തിലെ എം.എൻ.ഗോഗ്തെയും ഞാനുമായിരുന്നു സെക്രട്ടറിമാർ.
1966 മേയിൽ ഒറ്റപ്പാലത്ത് വച്ചു നടന്ന പരിഷത്തിന്റെ 3-ാം വാർഷികത്തിൽ 'ശാസ്ത്രഗതി' എന്ന പേരിൽ ഒരു ത്രൈമാസിക ആരംഭിക്കാൻ തീരുമാനിച്ചു. എന്നെ ബോംബെയിലെ ജോയന്റ് സെക്രട്ടറിയാക്കി. രണ്ടു മൂന്നു മാസത്തിനുള്ളിൽ മൂന്നു ലേഖനങ്ങളും നൂറു വരിക്കാരുടെ 600 രൂപയും അയച്ചുകൊടുക്കാൻ കഴിഞ്ഞു. അങ്ങനെ 1966 ആഗസ്റ്റിൽ 'ശാസ്ത്രഗതി'യുടെ പ്രഥമ ലക്കം പുറത്തിറക്കി. 'മംഗളോദയം' പ്രസ്സിലാണ് അച്ചടിച്ചത്. എം.സി. നമ്പൂതിരിപ്പാടിനായിരുന്നു ചുമതല.
ബോംബെ പരിഷത്ത് അന്ന് വളരെ സജീവമായിരുന്നു. എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ച ഒരു ചർച്ചായോഗം നടത്തുക എന്നത് അവർ പതിവാക്കിയിരുന്നു. ചൊവ്വാഴ്ച കൊടിയാഴ്ചയാണ്, മാസത്തിലെ ആദ്യത്തെ ആഴ്ചകൾ ശുഭദിനങ്ങളാണ് എന്നീ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനാണ് രണ്ടാം ചൊവ്വ തെരഞ്ഞെടുത്തത്. തിരിഞ്ഞുനോക്കുമ്പോൾ, ഒരു തരത്തിലുള്ള യാന്ത്രിക യുക്തിവാദത്തിന്റെ പ്രതിഫലനമായിരുന്നു അതെന്നു കാണാൻ കഴിയും. ഈ ചർച്ചായോഗത്തിൽ ഒരാൾ എഴുതിത്തയ്യാറാക്കിയ ഒരു വിഷയം അവതരിപ്പിക്കും. ഇംഗ്ലീഷ് ഭാഷയിലൂടെ ശാസ്ത്രം പഠിച്ചവർക്ക് മലയാളത്തിൽ എഴുതാനും പറയാനും കേട്ടത് മനസ്സിലാക്കാനുമുള്ള കഴിവ് വളർത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും ഹാജർ നില 30- 40ൽ നിന്ന് 8-10ലേക്ക് കുറഞ്ഞു. ഒരു പുനരുജ്ജീവന പ്രക്രിയ ആവശ്യമായി. ഞാൻ രണ്ടാഴ്ച ലീവെടുത്തു. എല്ലാ അംഗങ്ങളെയും പുതിയ കുറെപ്പേരെയും വീട്ടിൽ ചെന്നു കണ്ടു. അവർ തരുന്ന കാപ്പി കുടിച്ചു, ഊണു കഴിച്ചു. അടുത്ത യോഗത്തിന് വരണമെന്ന് സ്നേഹപൂർവം നിർബന്ധിച്ചു. ആ ഗൃഹസന്ദർശനങ്ങൾ ഏറെ ഗുണം ചെയ്തു. അടുത്ത യോഗത്തിൽ ഏതാണ്ട് 35-40 പേർ പങ്കെടുത്തു. പിന്നീട് ഏറെ മാസങ്ങളോളം ഈ ഹാജർ നില തുടർന്നു. ഗൃഹസന്ദർശനം ശക്തമായ ഒരു പ്രേരകായുധമാണെന്ന് പിന്നെയും പല അവസരങ്ങളിലും കണ്ടിട്ടുണ്ട്. ബോംബെ പരിഷത്ത് 1966 ആഗസ്റ്റിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തു. ശ്രീ. വി.സി. നായരാണ് ഭരണഘടന എഴുതി ഉണ്ടാക്കിയത്. ഏതാണ്ട് അറുപത് അംഗങ്ങൾ ഉണ്ടായിരുന്നു.