ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ന്നത്. നട്ടുച്ചക്ക്, ഏതാണ്ട് രണ്ടുമണിയോടുകൂടി രണ്ടു കിലോമീറ്ററോളം വീടന്വേഷിച്ച് നടന്ന് വിയർത്തൊലിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. സ്വയം പരിചയപ്പെടുത്തി. ആഗമനോദ്ദേശ്യം അറിയിച്ചു. അടിയോടിയുടെ പ്രതികരണം തണുപ്പനായിരുന്നു. പക്ഷേ, ആ തണുപ്പ് ഒരു തരത്തിലും ആശ്വാസകരമായില്ല. പിന്നീടൊരിക്കൽ അൽപ്പം കളിയാക്കിക്കൊണ്ടുതന്നെ എന്റെ അന്നത്തെ സന്ദർശനത്തെ അദ്ദേഹം വിവരിക്കുകയുണ്ടായിട്ടുണ്ട്. ആ ലേഖനത്തിൽ അദ്ദേഹം എഴുതി: “ശാസ്ത്രസാഹിത്യപ്രചാരണം വിട്ട് മുഴുവൻ സമയ ഗവേഷകനായി ഞാൻ തിരുവനന്തപുരത്തേക്കുപോയി. ഏതാണ്ട് അക്കാലത്ത് തന്നെ ബോംബെയിൽ നിന്ന് ഡോ.പരമേശ്വരൻ ഗവേഷണം വിട്ട് ശാസ്ത്രസാഹിത്യ പ്രചാരണത്തിനായി കേരളത്തിലേക്ക് പോന്നു...." ശരിയാണ്. പക്ഷേ, അത് സംഭവിച്ചത് അന്നായിരുന്നില്ല, 1969ൽ ആയിരുന്നു. പിന്നീട്, അഞ്ചാറുകൊല്ലം കഴിഞ്ഞ് പീച്ചിയിൽ വച്ചു നടന്ന ആദ്യത്തെ പ്രവർത്തക ക്യാമ്പിൽ ഡോ.അടിയോടി - അതിനിടക്ക് അദ്ദേഹം Ph.D എടുത്തിരുന്നു തന്റെ നിലപാട് വ്യക്തമാക്കുകതന്നെ ചെയ്തു. ശാസ്ത്രജ്ഞൻ സമൂഹത്തിൽനിന്ന് കുറച്ചു ദൂരം നിലനിർത്തണം. ഏറെ അടുത്തുപോയാൽ രാഷ്ട്രീയവുമായി സമ്പർക്കപ്പെടേണ്ടിവരും. ശാസ്ത്രവും രാഷ്ട്രീയവും തമ്മിൽ ഒത്തുപോകില്ല... ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗ്രാമ ശാസ്ത്രസമിതികളുടെ രൂപീകരണവും ഗ്രാമതലപ്രവർത്തനവും പരിഷത്തിനെ രാഷ്ട്രീയവത്കരിക്കുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അന്നു പരിഷത്ത് വിട്ടു പോയി. എന്നാൽ ആ വിട്ടുപോക്കിൽ തന്നെ ഒരു രാഷ്ട്രീയമുണ്ടായിരുന്നെന്ന് അദ്ദേഹം, ഒരു വേള, മനസ്സിലാക്കിക്കാണില്ല. വർഷങ്ങൾക്കു ശേഷം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു സി.പി.ഐ.(എം.) സംഘടനയാണെന്ന് ആരോപിച്ചുകൊണ്ട്, കോൺഗ്രസ് പാർട്ടി അതിന്റെതായ ദേശീയശാസ്ത്രവേദി രൂപീകരിച്ചപ്പോൾ ഡോ.അടിയോടി സസന്തോഷം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയുണ്ടായി. പക്ഷേ, ഇതൊക്കെ വരാൻ പോകുന്ന കാര്യങ്ങളാണ്. നമുക്ക് വർത്തമാനത്തിലേക്ക് തിരിച്ചുവരാം.

1966 ജനുവരിയിൽ ബോംബെയിൽ തിരിച്ചെത്തിയ ഉടനെതന്നെ ശാസ്ത്ര പ്രചാരണത്തിൽ താൽപ്പര്യമുള്ളവരുടേതായ ഒരു യോഗം വിളിച്ചുകൂട്ടി. മുപ്പതോളം പേർ പങ്കെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ SSP(M) എന്നപേരിൽ ഒരു സംഘടനയ്ക്ക് രൂപം നൽകി. ഞാൻ പ്രസിഡണ്ടും ശ്രീ. വി.സി. നായർ സെക്രട്ടറിയുമായി. ഡോ. എ.ഡി. ദാമോദരനായിരുന്നു വൈസ് പ്രസിഡണ്ട്. ബ്രാക്കറ്റിൽ മലയാളം എന്നു ചേർക്കാൻ കാരണം, അത് കൂടാതെ തമിഴ്, കന്നഡ, തെലുഗ്, മറാഠി, ഗുജറാത്തി, ഹിന്ദി, ബംഗാളി... അങ്ങനെ എല്ലാ ഭാഷകൾക്കും സംഘടനകൾ ഉണ്ടാക്കാൻ പ്ലാനുണ്ടായിരുന്നു എന്നതുകൊണ്ടാണ്. അവ ഉണ്ടാവുകയും ചെയ്തു. പക്ഷേ, പേരുകൾ വ്യത്യസ്തങ്ങളായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് (തെലുഗ്), മറാഠി വിദ്ന്യാൻ പരിഷത്ത്, കന്നഡ വിജ്ഞാൻപരിഷത്ത്, ഹിന്ദി

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/28&oldid=240169" എന്ന താളിൽനിന്ന് ശേഖരിച്ചത്