മെങ്കിൽ അത് സോവിയറ്റ് യൂണിയനിലാണ് എന്ന അനുഭവത്തിൽ നിന്ന് എനിക്ക് ബോധ്യമായിരുന്നു. ഇതിന് പല കാരണങ്ങളുമുണ്ട്. ഏറ്റവും പ്രധാനം സാധാരണക്കാർക്ക് അനുഭവപ്പെട്ടിരുന്ന പരിപൂർണ സുരക്ഷിതത്വബോധവും കുട്ടികളുടെ കാര്യത്തിൽ സമൂഹം കാണിച്ചിരുന്ന ഉയർന്ന ശുഷ്കാന്തിയും ആയിരുന്നു. ഇന്ത്യയിലെ കുട്ടികൾക്കും സോവിയറ്റ് യൂണിയനിലെ കുട്ടികൾക്ക് ലഭിക്കുന്ന തരത്തിലുള്ള പരിചരണം ലഭിക്കുകയാണങ്കിൽ ഇന്ത്യയും ഒരു സ്വർഗമാകും. പക്ഷേ, അങ്ങനെയൊന്നു കെട്ടിപ്പടുക്കാൻ റഷ്യക്കാർക്ക് കൊടുക്കേണ്ടിവന്നതിൽ കൂടുതൽ കനത്ത വില നൽകേണ്ടതായി വന്നേക്കാം. എങ്കിൽപ്പോലും അത് അഭിലഷണീയമാണ്. പക്ഷേ, മറ്റൊരു കാര്യംകൂടി പ്രകടമായിരുന്നു. ആ സോവിയറ്റ് സ്വർഗം നരകത്തിലേക്കുള്ള പരിവർത്തനത്തിന്റെ പാതയിലാണ് എന്നത്. ആ പോക്കിന് ബ്രേക്കിടണമെങ്കിൽ, അതിന്റെ ഗതി തിരിച്ചാക്കണമെങ്കിൽ ശക്തമായ ജനാധിപത്യം ആവശ്യമാണ്. ഈ കാലഘട്ടത്തിൽ ശാസ്ത്രപരിജ്ഞാനമില്ലാത്ത ഒരു ജനതയ്ക്ക് സ്വയം ഭരിക്കാനുള്ള കഴിവു ലഭിക്കുന്നതല്ല... ഇതൊക്കെ ആയിരുന്നിരിക്കണം മനസ്സിലുണ്ടായിരുന്ന അവ്യക്തധാരണകൾ. ഇന്ത്യയിൽ തിരിച്ചെത്തി ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇവ മൂർത്തമായ രൂപം കൈവരിക്കാൻ തുടങ്ങി.
എന്റെ ആദ്യത്തെ രണ്ടു പുസ്തകങ്ങൾ സ്ഥാനീയങ്ങളും തേജോദ് ഗിരിണവും, പരമാണുശാസ്ത്രം എന്നിവ അച്ചടിച്ച് വിതരണം ചെയ്തത് മംഗളോദയം ആയിരുന്നു. അതിന്റെ മാനേജർ എം.സി.വാസുദേവനാണ് ശാസ്ത്രസാഹിത്യ പരിഷത്തിനെക്കുറിച്ച് എന്നോട് ആദ്യം പറയുന്നത്. രണ്ടു മൂന്നു കൊല്ലമായി തുടങ്ങിയിട്ട് കോന്നിയൂർ നരേന്ദ്രനാഥ്, കെ.ജി.അടിയോടി, പി.ടി.ഭാസ്കരപ്പണിക്കർ, എം.എൻ. സുബ്രഹ്മണ്യൻ എന്നിവരാണ് പ്രധാന പ്രവർത്തകർ. ഇതിൽ എം.എൻ. സുബ്രഹ്മണ്യൻ കോഴിക്കോട് സെന്റ് ജോസഫ് സ്‌കൂളിൽ എന്റെ ഇളയച്ഛൻ വിഷ്ണു നമ്പൂതിരിയുടെ സഹപ്രവർത്തകനാണ്. അങ്ങനെ കോഴിക്കോട്ടുപോയി എം.എൻ. എസിനെ കാണുന്നു. മറ്റുള്ളവരുടെ മേൽവിലാസങ്ങൾ ലഭിക്കുന്നു. ആൾ ഇന്ത്യാ റേഡിയോവിൽ പോയി നരേന്ദ്രനാഥിനെ കാണുന്നു. അടിയോടി തിരുവനന്തപുരത്തേക്ക് മാറിയിരുന്നു. അടുത്തയാഴ്ച പി.ടി.ബി.യെ കാണാൻ ഒറ്റപ്പാലത്ത് പോകുന്നു. കാണാൻ പറ്റിയില്ല. കത്തു കൊടുത്തു പോരുന്നു. ഏതാനും ദിവസം കഴിഞ്ഞ് പി.ടി.ബി. എന്നെ അന്വേഷിച്ച് വീട്ടിൽ വരുന്നു. ഉത്സാഹനിർഭരമായ ചർച്ച. അവസാനം, മലയാളത്തിൽ ശാസ്ത്രസാങ്കേതിക വിഷയങ്ങൾക്കു മാത്രമായി ഒരു ആനുകാലികം ആവശ്യമാണെന്ന നിഗമനത്തിൽ എത്തുന്നു. ബോംബെയിൽ നിന്ന് ലേഖനങ്ങളും വരിക്കാരെയും നൽകാമെന്ന് ഉറപ്പു നൽകുന്നു.
അടുത്ത ആഴ്ച ഞാൻ തിരുവനന്തപുരത്തേക്കുപോയി. അടിയോടിയെ കാണാനായിട്ട്. വേളിയിൽ ആയിരുന്നു അദ്ദേഹവും ഭാര്യയും താമസിച്ചിരു