ത്തുക്കളും ശാസ്ത്രസാഹിത്യ പരിഷത്തിനു രൂപം നൽകിയത്. പരിഷത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സ്ഥാപക സെക്രട്ടറി അടിയോടി സ്ഥാപനവേളയിൽ പ്രസിദ്ധീകരിച്ച സുവനീറിൽ ഇങ്ങനെ എഴുതിയിരുന്നു.
“സംഘടിതമായ പ്രവർത്തനം കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയ കൂറും. ശുദ്ധസാഹിത്യകാരൻമാർക്ക് സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർപോലും ശാസ്ത്രസാഹിത്യകാരന്മാർക്ക് ഒരു വേദി കൂടിയേ പറ്റൂ എന്നു സമ്മതിക്കും. സാങ്കേതിക പദങ്ങളെക്കുറിച്ചു വേണ്ട ചർച്ച നടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചയ്ക്കുവേണ്ടി നിഷ്കൃഷ്ടമായ ഒരു പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലയ്ക്ക് വിൽക്കാനും ഏർപ്പാടുകൾ ഉണ്ടാക്കുക, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക, വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു “Who is who' തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപ്പരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണവിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പരധാരണയും വളർത്തുക. ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിർവഹിക്കണമെന്നു വച്ചിട്ടുള്ള കാര്യങ്ങൾ." (1968ലെ സുവനീർ പേജ്-2)
അങ്ങനെ എഴുത്തുകാരുടെ ഒരു പ്രൊഫഷണൽ സംഘടന, ഒരു ട്രേഡ് യൂണിയൻ, എന്ന നിലയിലാണ് പരിഷത്ത് രൂപപ്പെട്ടത്. ഇതിൽനിന്ന് വ്യത്യസ്തമായി, 1957ൽ ശാസ്ത്രസാഹിത്യ സമിതിക്ക് രൂപം നൽകിയവർക്ക് വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുണ്ടായിരുന്നു. അമൂർത്തരൂപത്തിലാണെങ്കിലും ശാസ്ത്രത്തിന്റെ സാമൂഹിക ധർമങ്ങളെക്കുറിച്ച് അവർ ബോധവത്തുക്കളായിരുന്നു (ഒരു കാര്യം ശ്രദ്ധേയമാണ്. സമിതിയുടെയും പരിഷത്തിന്റെയും സ്ഥാപകരിൽ പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകൾ ഉണ്ടായിരുന്നില്ല. ഈ ദൗർബല്യം മറികടക്കാൻ പിൽക്കാലത്ത് ഏറെ ശ്രമം നടത്തിയെങ്കിലും, നടന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. അതിരിക്കട്ടെ). നേരത്തെപറഞ്ഞപോലെ