ലൊരിക്കൽ ആധുനികശാസ്ത്രം എന്ന പേരിൽ ഒരു ആനുകാലിക ശാസ്ത്രപ്രസിദ്ധീകരണം ആരംഭിക്കുക, ചാൾസ് ഡാർവിന്റെ "Origin of Species' എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ പ്രസിദ്ധപ്പെടുത്തുക എന്നിവയായിരുന്നു അന്ന് കൈക്കൊണ്ട മൂർത്തമായ തീരുമാനങ്ങൾ. ആധുനികശാസ്ത്രത്തിന്റെ ഒരു ലക്കം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. അതിനിടയിൽ സമിതിയുടെ ഊർജസ്രോതസ്സായിരുന്ന പി.ടി.ബി.ക്ക്, പുതുതായി രൂപം കൊണ്ട് ആദ്യത്തെ കേരളസർക്കാരിന്റെ വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി മാസ്റ്റരുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടിവരികയും തിരുവനന്തപുരത്തേക്ക് താമസം മാറ്റേണ്ടി വരികയും ചെയ്തു. അതോടെ ആദ്യം രൂപപ്പെട്ടുവന്ന കൂട്ടായ്മ ഛിന്നഭിന്നമായി.
1962ൽ ഈ ആശയം വീണ്ടും ഉയിർത്തെഴുന്നേറ്റു. എൻ.വി.കൃഷ്ണവാരിയർ അവിടെയും ഉണ്ടായിരുന്നു. എന്നാൽ അതിന് മുൻകൈ എടുത്തത് ശാസ്ത്രസാഹിത്യകാരൻ എന്ന രീതിയിൽ അറിയപ്പെടാൻ തുടങ്ങിയിരുന്ന ശ്രീ.കെ.ജി.അടിയോടിയാണ്. അദ്ദേഹം ജന്തുശാസ്ത്രജ്ഞനായിരുന്നു. പാമ്പുകളായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. അന്ന് കോഴിക്കോട്ടു വച്ചുനടന്ന ആലോചനായോഗത്തിൽ പങ്കെടുത്തിരുന്നത് മുഖ്യമായും അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരായിരുന്നു. അവർ തങ്ങൾ വിഭാവനം ചെയ്ത സംഘടനയ്ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന പേർ നൽകി. അവരുടെ കാഴ്ചപ്പാടും 1957ൽ ശാസ്ത്ര സാഹിത്യ സമിതി രൂപീകരിക്കാൻ മുൻകൈ എടുത്തവരുടെ കാഴ്ചപ്പാടും തമ്മിൽ കുറച്ച് വ്യത്യാസമുണ്ടായിരുന്നു. പി.ടി.ബി. അന്നേക്കുതന്നെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു, കമ്യൂണിസ്റ്റുകാരനായിരുന്നു, മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ, 1956 നവംബറിൽ അത് പിരിച്ചുവിടുന്നതുവരെ, പ്രസിഡണ്ട്. അതായത് മലബാറിന്റെ മുഖ്യമന്ത്രി ആയിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് അവരെ ശാസ്ത്രസാഹിത്യത്തിലേക്ക് പിടിച്ചുകൊണ്ടു വന്നത്. എന്നാൽ അടിയോടിയും അദ്ദേഹത്തോടൊപ്പം ചേർന്ന ഡോ.കെ.ഭാസ്കരൻ നായർ, കോന്നിയൂർ നരേന്ദ്രനാഥ്, ഡോ.സി.കെ.ഡി.പണിക്കർ, ശ്രി.കെ.കെ.പി.മേനോൻ മുതലായവരും ശാസ്ത്രത്തിൽ വ്യവഹരിക്കുന്നവരും അതിനകംതന്നെ അറിയപ്പെടാൻ തുടങ്ങിയ എഴുത്തുകാരും ആയിരുന്നു. അക്കാലത്ത് പാഠപുസ്തകങ്ങളല്ലാതെ, സാമാന്യശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെടുന്ന പ്രസാധകർ കുറവായിരുന്നു. ആയിരം കോപ്പി ചെലവാകാൻ പോലും അഞ്ചും പത്തും കൊല്ലം എടുക്കും. ആർക്കാണ് അങ്ങനെ പണം മുടക്കിയിടാൻ കഴിയുക! പത്രമാസികകളും ശാസ്ത്രലേഖനങ്ങളും വിരളമായേ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. വായനക്കാർക്ക് താൽപ്പര്യമില്ല എന്നായിരുന്നു അവരുടെ വാദം. അങ്ങനെ ശാസ്ത്രസാഹിത്യ രചനയ്ക്ക് ഏറെ പ്രോൽസാഹനമൊന്നും ലഭിക്കാത്ത കാലമായിരുന്നു അത്. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് അടിയോടിയും സുഹൃ