വൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തോട്, ഉള്ള പക്ഷപാതപരമായ സമീപനത്തെയാണ്. തങ്ങളുടെ തുടർച്ചയായ ദരിദ്രവൽക്കരണത്തിന് എതിരായി അവർ ഉയർത്തുന്ന ചെറുത്തുനിൽപ്പുകൾക്ക് ഇന്ന് ശാസ്ത്രത്തിന്റെ പിൻബലമില്ല; സാങ്കേതികവിദ്യകളുടെ സഹായമില്ല. അവരുടെ ചെറുത്തുനിൽപ്പുസമരത്തിൽ അവർക്ക് സഹായകമാകുന്ന ശാസ്ത്രത്തെ ആണ് ജനകീയശാസ്ത്രം എന്നു പറയുന്നത്.
ഇത്തരത്തിലുള്ള, പക്ഷപാതപരമായ, ഒരു നിലപാട് രൂപപ്പെട്ടുവന്നത് 1970കളിൽ മാത്രമാണ്. അതിന്റെ വിശദാംശങ്ങൾ വഴിയെ. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ മുന്നോടിയാണ് ശാസ്ത്രസാഹിത്യപ്രസ്ഥാനം. മലയാള ശാസ്ത്രസാഹിത്യത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പക്ഷേ,അന്നൊന്നും അതൊരു പ്രസ്ഥാനമായിരുന്നില്ല. ഒറ്റപ്പെട്ട എഴുത്തുകാരുടെ ഒറ്റപ്പെട്ട പ്രയത്നങ്ങളായിരുന്നു. മാത്രമല്ല, ഈ എഴുത്തുകാരിൽ ഏറിയ പങ്കും ശാസ്ത്രരംഗത്ത് അധ്യാപനത്തിലോ,ഗവേഷണത്തിലോ ഉൽപാദനപ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരുന്നവരും ആയിരുന്നില്ല. അതിനാൽ തന്നെ ജനപ്രിയ ശാസ്ത്രസാഹിത്യം ആയിരുന്നു അവരുടെ വിഹാരരംഗം. യുക്തിഭാഷ, തന്ത്രസമുച്ചയം മുതലായവയെപ്പോലുള്ള ഗഹനങ്ങളായ കടും ശാസ്ത്രഗ്രന്ഥങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാൽ അവ സംസ്കൃതത്തിലായിരുന്നു.
ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ വ്യാപകമായി കൈകാര്യം ചെയ്യുകയും ഇംഗ്ലീഷ് അറിയാത്തതിനാൽ ശാസ്ത്രവിജ്ഞാനം നിഷേധിക്കപ്പെട്ടിരുന്ന സാധാരണക്കാർക്കുകൂടി അവ ലഭ്യമാക്കുകയും ചെയ്യുന്നതിന് അനേകം പേർ ചേർന്ന് ആസൂത്രിതമായി പ്രവർത്തനം നടത്തുമ്പോഴാണ് അതൊരു പ്രസ്ഥാനമായിത്തീരുന്നത്.
സമസ്തകേരള സാഹിത്യപരിഷത്ത് എന്നൊരു വലിയ സംഘടനയുണ്ട്. വലുപ്പം കൊണ്ടും സ്വഭാവം കൊണ്ടും അതിന് ചലനാത്മകത കുറവായിരുന്നു. താരതമ്യേന കൂടുതൽ ചെറുപ്പക്കാരും പുരോഗമനേച്ഛുക്കളുമായ സാഹിത്യകാരന്മാരും സാഹിത്യാസ്വാദകരും ചേർന്ന് സാഹിത്യസമിതി എന്ന മറ്റൊരു സംഘമുണ്ടാക്കിയിരുന്നു. ശ്രീ.എൻ.വി.കൃഷ്ണവാരിയരായിരുന്നു (എൻ.വി) അതിലെ പ്രമുഖരിൽ ഒരാൾ. ഈ സമിതിയുടെ ഒരു വാർഷിക സമ്മേളനം 1957ൽ ഒറ്റപ്പാലത്തുവച്ച് ചേരുകയുണ്ടായി. നേരത്തെതന്നെ അങ്ങിങ്ങായി ഉയർത്തപ്പെട്ടിരുന്ന ഒരാശയം ഈ സമ്മേളനത്തിന്റെ ഇടനാഴി ചർച്ചകളിൽ മൂർത്തരൂപം കൈക്കൊള്ളുകയും അവസാനം സമ്മേളനത്തിന്റെ ഭാഗമായി, 'ശാസ്ത്രസാഹിത്യ'ത്തിന് പ്രത്യേകമായ ഒരു സെഷൻ സംഘടിപ്പിക്കുകയും ചെയ്തു. അതിൽ വച്ചാണ് 'കേരള ശാസ്ത്രസാഹിത്യസമിതി' എന്നൊരു സംഘം രൂപീകരിക്കപ്പെട്ടത്. ശ്രീ.പി.കെ.കോരുമാസ്റ്ററെ അധ്യക്ഷനായും ഒ.പി.നമ്പൂതിരിപ്പാടിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പെൻഗ്വിൻ സയൻസ് ന്യൂസിന്റെ മാതൃകയിൽ മുമ്മൂന്നു മാസത്തി