ലേക്കെത്തിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് ശാസ്ത്രസാഹിത്യകാരൻമാർക്ക് മലയാളത്തിലായാലും മറ്റേതുഭാഷയിലായാലും ഇന്ന് നിർവഹിക്കാനുള്ളത്."
നാടുവാഴിത്ത സംസ്കാരത്തിനെതിരായ പോരാട്ടം
അന്ധവിശ്വാസങ്ങൾക്കും നാടുവാഴിത്ത സംസ്കാരത്തിനും എതിരായ പോരാട്ടത്തിൽ കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളും പ്രവർത്തകരും ആധുനിക ശാസ്ത്രത്തെ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതലേ കേരളത്തിൽ നിരവധി സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചിരുന്നു. അതതു സമുദായത്തിലെ കാലഹരണപ്പെട്ട ആചാരമര്യാദകൾ പരിഷ്കരിക്കുന്നതിന് അവരെല്ലാം ശ്രമിച്ചു. അതോടൊപ്പം 'കീഴ് ജാതി'കളിൽപ്പെട്ടവർ മറ്റൊന്നിനുകൂടി യത്നിച്ചു. പരമ്പരാഗത സമൂഹത്തിൽ തങ്ങൾക്കുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ 'കീഴാള' സ്ഥാനം നീക്കാനുള്ള പ്രക്ഷോഭത്തിൽ അവർ ഏർപ്പെട്ടു. ഇത് പരമ്പരാഗത സമൂഹത്തിൽ ആധിപത്യം വഹിച്ചവരുമായി ഒരു ഏറ്റുമുട്ടലിന് ഇടയാക്കി. ഈ പ്രവർത്തനം അവരെ “ബൂർഷ്വാ” ഉൽപതിഷ്ണുത്വത്തിന്റെ ഉയർന്ന തലങ്ങളിലേക്കു നയിച്ചു. കെ. അയ്യപ്പനേയും ഇ. മാധവനേയും പോലുള്ള ഉൽപതിഷ്ണുക്കളായ ചില അനുയായികൾ. ശ്രീനാരായണന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന വചനത്തെ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നാക്കി മാറ്റി. ഇത്തരം പ്രസ്ഥാനങ്ങൾ ആധുനിക ശാസ്ത്രത്തെ പ്രധാനപ്പെട്ട ഒരായുധമായി ഉപയോഗിച്ചു.
കെ. അയ്യപ്പന്റെ “ശാസ്ത്രദശകം” അദ്ദേഹത്തെപ്പോലുള്ള സാമൂഹ്യപ്രവർത്തകർ ശാസ്ത്രത്തെ എത്ര ആവേശത്തോടെയാണ് ഉൾക്കൊണ്ടത് എന്നതിന് പ്രത്യക്ഷോദാഹരണമാണ്.
ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ജനകീയ ശാസ്ത്രപ്രസ്ഥാനം, ശാസ്ത്രസാഹിത്യം മുതലായ പദങ്ങൾ ഉപയോഗിക്കുന്നത് നിയതമായ അർഥത്തോടെയാണ്. ജനകീയ ശാസ്ത്രമെന്നത് ജനപ്രിയശാസ്ത്രവും (popular science) കടുംശാസ്ത്രവും (rigorous science) രണ്ടും ചേർന്നതാണ്. ജനകീയമെന്ന വിശേഷണത്തിന് ആഴത്തിലുള്ള അർഥമുണ്ട്. ഒരു സവിശേഷ ലോകവീക്ഷണത്തിന്റെ ഉൽപ്പന്നമാണത്. മാനവസമൂഹത്തെ അത് രണ്ടുവൻചേരികളായി കാണുന്നു: (i) തുടർച്ചയായി കേവലമായോ ആപേക്ഷികമായോ ദരിദ്രവൽക്കരിക്കപ്പെടുകയോ, ദരിദ്രവൽക്കരണത്തിന്റെ ഭീഷണി നേരിടുകയോ ചെയ്യുന്ന ഒരു ഭൂരിപക്ഷം, (ii) അവരുടെ ചെലവിൽ തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്ന ഒരു ന്യൂനപക്ഷം. ഈ രണ്ടാമത് പറഞ്ഞ കൂട്ടരുടെ നിയന്ത്രണത്തിലാണ് ശാസ്ത്രവും സാങ്കേതികവിദ്യകളും ഇന്ന്, അറിവിന്റെ ഉടമകൾ (Intellectual Property Owners) അവരാണ്. 'ജനകീയം' എന്ന വിശേഷണം സൂചിപ്പിക്കുന്നത് ആദ്യവിഭാഗക്കാരോട്, ദരിദ്ര