വാർത്താമാധ്യമങ്ങളിലും സ്കൂളുകളിലും ദൈനംദിന സംഭാഷണങ്ങളിലും ഇവ എന്തുകൊണ്ട് ചർച്ചാവിഷയങ്ങളായിത്തീരുന്നില്ല?"
ദേശീയബോധം ഉണരുന്നു
ശാസ്ത്രവസ്തുതകൾ നാട്ടുഭാഷയിൽ ലഭ്യമാക്കുന്നതിന് ഇന്ത്യയിൽ വളർന്നുവന്ന ആഗ്രഹം വ്യക്തിഗതമോ യാദൃച്ഛികമോ ആയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം വളർത്തിയ ദേശീയ പ്രബുദ്ധതയായിരുന്നു ഈ പ്രവർത്തനത്തിനു പ്രചോദനം നൽകിയത്.
ബംഗാളിലാണ് ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രസംഘടന രൂപം കൊണ്ടത്. 1947 ഒക്ടോബർ 18ന് കൽക്കത്തയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയൻസിൽ ഡോ:സത്യേന്ദ്രനാഥ് ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബംഗീയ വിജ്ഞാൻ പരിഷത്തിനു രൂപം നൽകി. ജനങ്ങളിൽ ശാസ്ത്രീയവീക്ഷണം ഉണ്ടാക്കുക, ശാസ്ത്രവിഷയങ്ങളിൽ സ്കൂൾ കോളേജ് പാഠപുസ്തകങ്ങൾ നിർമിക്കുക, ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക എന്നിവയായിരുന്നു ലക്ഷ്യം.
കേരളത്തിൽ ദേശാഭിമാനവും ഭാഷാഭിമാനവും ജനങ്ങൾക്കിടയിൽ വ്യാപകമായത് സ്വാതന്ത്ര്യസമരത്തിനിടക്കായിരുന്നു. ഭാഷാ സംസ്ഥാന രൂപീകരണം കോൺഗ്രസ് ഒരു ലക്ഷ്യമായി പ്രഖ്യാപിച്ച ശേഷം അന്നത്തെ ഭരണപരമായ അതിരുകൾ ഉല്ലംഘിച്ചുകൊണ്ട് രാഷ്ട്രീയപാർട്ടികളും ട്രേഡ് യൂണിയനുകളും ബഹുജന സംഘടനകളും രൂപം കൊണ്ട് തുടങ്ങിയതിനിടയ്ക്കാണ് മലയാളികളുടെ സാംസ്കാരിക സംഘടനയായി സമസ്തകേരള സാഹിത്യപരിഷത്ത് 1927ൽ രൂപീകരിക്കപ്പെട്ടത്. എന്നാൽ അതിന്റെ പരിഗണനയിൽ ശാസ്ത്രം കാര്യമായി വന്നില്ല.
മറ്റു പല ഇന്ത്യൻ ഭാഷകൾക്കും മുന്നിലായിരുന്നു ശാസ്ത്രസാഹിത്യ രചനയിൽ ആദ്യം മുതൽക്കേ മലയാളം. ഇതിനു പ്രധാന കാരണം കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ഉത്തരാർധമായപ്പോഴേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സ്കൂളുകൾ ആരംഭിച്ചതാണ്. അവയിൽ ഭൂരിഭാഗവും നാട്ടുഭാഷാസ്കൂളുകളായിരുന്നു. അതിനെ തുടർന്ന് തിരുവിതാംകൂറിലും (1867)പിന്നീട് കൊച്ചിയിലും പാഠപുസ്തകങ്ങൾ രചിക്കാനും സാങ്കേതികപദങ്ങളും പ്രയോഗങ്ങളും ചിട്ടപ്പെടുത്താനുമായി പാഠപുസ്തക കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ജനങ്ങൾ കൂടുതലായി സാക്ഷരത കൈവരിച്ചതു മുതൽ ധാരാളം ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങി. അവയിൽ ചിലത് വിജ്ഞാന സാഹിത്യത്തിന് മുഖ്യപരിഗണന നൽകി. ശാസ്ത്രസാഹിത്യത്തിന്റെ വളർച്ചക്ക് ഇത് അനുകൂലമായ സാഹചര്യം ഒരുക്കി.
സ്വാതന്ത്ര്യലബ്ധിയോടെ ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിന് ആക്കം കൂടി. മലയാളം ബോധന മാധ്യമവും ഭരണഭാഷയും ആക്കണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യങ്ങളിൽ മലയാളത്തിൻ്റെ അപര്യാപത കാര്യജ്ഞാനമുള്ളവർക്ക് ബോധ്യമായിരുന്നു. മലയാളത്തിൽ ശാസ്ത്ര