ബാഹ്യവും ആന്തരികവുമായ പ്രപഞ്ചത്തെപ്പറ്റി പഠിക്കാതെ എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യുക? ശാസ്ത്രത്തിൻ്റെ ദുരുപയോഗത്തെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ജനസാമാന്യം ശാസ്ത്രീയമായി സാക്ഷരരായിത്തീരുക എന്നുള്ളതാണ്, ശാസ്ത്രഗവേഷണത്തിൻ്റെ വരും വരായ്കകൾ അവർ മനസ്സിലാക്കുകയെന്നതാണ്. ശാസ്ത്രാന്വേഷണ സ്വാതന്ത്ര്യത്തിനു പകരമായി ശാസ്ത്രജ്ഞർ, തങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് പൊതുജനങ്ങളെ ധരിപ്പിക്കാൻ ബാധ്യസ്ഥരാണ്. ശാസ്ത്രജ്ഞർ തങ്ങളെ അന്യർക്കു പ്രവേശനമില്ലാത്ത ഒരു പുരോഹിതവർഗമായികണക്കാക്കുകയാണെങ്കിൽ, സാധാരണക്കാരന് മനസ്സിലാക്കാൻ സാധിക്കാത്ത എന്തോ ഒന്നാണ് ശാസ്ത്രം എന്നു ശഠിക്കുകയാണെങ്കിൽ ശാസ്ത്രത്തിൻ്റെ ദുരുപയോഗത്തിനുള്ള സാധ്യത കൂടുതലായിത്തീരുന്നു. ശാസ്ത്രം പൊതുതാൽപ്പര്യമുള്ള ഒരു വിഷയമായിത്തീരുകയാണെങ്കിൽ, അതിൽ നിന്നുലഭിക്കുന്ന ആനന്ദവും അതിന്റെ സാമൂഹ്യമായ അനന്തരഫലങ്ങളുംവ്യാപകമായി, സ്കൂളുകളിലും പത്രങ്ങളിലും തീൻമേശക്കു ചുറ്റുംപോലും, ചർച്ച ചെയ്യപ്പെടുകയാണെങ്കിൽ ലോകത്തെപ്പറ്റി അറിയാനും അതിനെയും നമ്മെയും മെച്ചപ്പെടുത്താനുമുള്ള സാധ്യത വളരെ കൂടുന്നതായിരിക്കും......
ജനങ്ങൾക്കിടയിൽ ശാസ്ത്രം പ്രചരിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമങ്ങളാണ് ടെലിവിഷൻ, സിനിമ, വർത്തമാനപ്പത്രങ്ങൾ എന്നിവ. എന്നാൽ, ഇന്നവയിലൂടെ ലഭിക്കുന്ന ശാസ്ത്രം വിരസവും തെറ്റായതും അതിശയോക്തിപരവും വികൃതവുമാണ്-ശാസ്ത്രത്തിനു വിരുദ്ധമാണ്. എന്തെല്ലാം അത്ഭുതകരങ്ങളായകണ്ടുപിടിത്തങ്ങളാണ് അടുത്തകാലത്തുണ്ടായിട്ടുള്ളത്. അന്യലോകങ്ങളുടെ പര്യവേക്ഷണം, തലച്ചോറിലെ ചില പ്രോട്ടീനുകൾക്ക് മനുഷ്യരുടെ വൈകാരിക ജീവിതത്തിലുള്ള സ്വാധീനം, വൻകരകളുടെസംഘട്ടനം, മാനവജാതിയുടെ പരിണാമം (നമ്മുടെ ഭൂതം എങ്ങനെ ഭാവിയെ സ്വാധീനിക്കുന്നു?), ദ്രവ്യഘടനയുടെ അന്തിമരൂപം (മൗലികകണങ്ങൾ, മൗലികങ്ങളാണോ അതോ അവയും അനന്തമായി വിഭജിക്കാവുന്നതാണോ എന്ന പ്രശ്നം), അന്യനക്ഷത്രങ്ങളിലെ പരിഷ്കൃത ജീവജാലങ്ങളുമായി ബന്ധപ്പെടാനുള്ള ശ്രമം, ജനിതക കോഡിന്റെ സ്വഭാവം (നമ്മുടെ പാരമ്പര്യത്തെ നിർണയിക്കുകയും ഈ ഭൂമുഖത്തെ എല്ലാ സസ്യജന്തുജാലങ്ങളെയും നമ്മുടെ ബന്ധുക്കളാക്കുകയും ചെയ്യുന്ന ജീനുകൾ!) ജീവന്റെ, ലോകങ്ങളുടെ, പ്രപഞ്ചത്തിന്റെ ആകെത്തന്നെയുള്ള ഉത്ഭവം, സ്വഭാവം, ഭാവി എന്നിവയുടെപ്രശ്നങ്ങൾ! സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും ഈ തുറകളിലെ അടുത്ത കാലത്തെ കണ്ടുപിടിത്തങ്ങൾ മനസ്സിലാക്കാവന്നതേയുള്ളു.