ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നാട്ടുഭാഷയിൽ ശാസ്ത്രം കൈകാര്യം ചെയ്യണമെന്ന ബോധം സമൂഹത്തിലുണ്ടാകുന്നത് മുതലാളിത്തവ്യവസ്ഥയുടെ വളർച്ചയോടൊപ്പമാണെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഇംഗ്ലണ്ടിൽ ന്യൂട്ടൺ ജീവിച്ചിരുന്നത് മുതലാളിത്തവ്യവസ്ഥ വളർന്നുവരാൻ തുടങ്ങിയ കാലത്തായിരുന്നു. ആദ്യം, ലത്തീൻ ഭാഷയിൽ തന്റെ കൃതികൾ രചിച്ചുവന്ന ന്യൂട്ടൺ ലോക പ്രസിദ്ധിയാർജിച്ച 'ഓപ്ടിക്സ്' എന്ന കൃതി രചിച്ചത് ഇംഗ്ലീഷിലായിരുന്നു. അതുപോലെ, പ്രസിദ്ധ ജർമൻ ദാർശനികനായിരുന്ന കാന്റ് ആണ് ജർമൻ ഭാഷയിൽ ആദ്യമായി ശാസ്ത്രഗ്രന്ഥം രചിക്കുന്നത്. ഇവരിരുവരും അന്നത്തെ നിലവാരമനുസരിച്ച് യാഥാസ്ഥിതികരായിരുന്നു. എന്നിട്ടും, അന്നത്തെ വൈജ്ഞാനികമണ്ഡലത്തിലെ അലിഖിതനിയമം അവർ ലംഘിച്ചു. സമൂഹത്തിൽ മേധാവിത്വം വഹിച്ചിരുന്ന നാടുവാഴിവർഗത്തിന്റെ വൈജ്ഞാനിക ഭാഷ ലത്തീനായിരുന്നു. അതിനെതിരായി ഉയർന്നുവന്ന ബുർഷ്വാവർഗം നാട്ടുഭാഷകളെ പ്രോത്സാഹിപ്പിച്ചു. ഈ പ്രവണതയ്ക്കു വശംവദരായാണ് ന്യൂട്ടണും കാന്റും നാട്ടുഭാഷകളിലെഴുതിയത്.

ഇന്ന് നാം മാനവചരിത്രത്തിന്റെ ഒരു നാൽക്കവലയിൽ എത്തിയിരിക്കയാണ്. ഇത്രമേൽ ശോഭനമായ ഒരു ഭാവി വാഗ്ദാനം ചെയ്തിട്ടുള്ള കാലം മുമ്പുണ്ടായിട്ടില്ല. അതേ സമയം, ഇത്രത്തോളം ആപൽക്കരമായ ഒരു ഘട്ടവും മാനവജാതി ഇതിനുമുമ്പ് നേരിട്ടിട്ടില്ല. മനുഷ്യൻ സ്വജാതിയുടെ പരിണാമത്തെ സ്വന്തം കയ്യിലെടുത്ത ആദ്യത്തെ ജീവജാതിയാണ്. എന്തിനെയും അതിജീവിക്കാനുള്ള കഴിവ് അവൻ ആർജിച്ചിരിക്കുന്നു. അതേ സമയം ബോധപൂർവമോ അല്ലാതെയോ ഉള്ള തെറ്റായ ഒരു കാൽവെപ്പു മതി ഈ മനോഹരമായ ഭാവിയെ പാടേ നശിപ്പിക്കാൻ. ശാസ്ത്രത്തിന്റെ മുഖം ഇത്രമേൽ സുന്ദരവും അതേസമയം ഇത്രമേൽ ഭീകരവും ആയ ഒരു കാലം മുമ്പുണ്ടായിട്ടില്ല. അണുശക്തിയെക്കുറിച്ചുള്ള ഗവേഷണം, മനുഷ്യമസ്തിഷ്കത്തെക്കുറിച്ചുള്ള ഗവേഷണം, ഇവയെയെല്ലാം പറ്റി ഇന്ന് സംശയങ്ങൾ ധാരാളമായി ഉന്നയിക്കപ്പെടുന്നുണ്ട്. 'ചില അറിവുകൾ' മനുഷ്യജാതിയെ സ്വയം നാശത്തിലേക്കു നയിക്കുമെന്ന പഴഞ്ചൻ ധാരണ പുതിയ വേഷത്തിൽ പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു; ജനസാമാന്യം ശാസ്ത്രത്തെയും സാങ്കേതികവിദ്യകളെയും സംശയത്തോടുകൂടി വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു; അവർക്കത് മനസ്സിലാകുന്നില്ല; ബഹുഭൂരിപക്ഷം അതിന്റെ 'ദോഷഭോക്താക്കൾ' ആണ്. പക്ഷേ, ചരിത്രത്തിന്റെ ഗതി പിൻതിരിക്കാനാകില്ല. ശാസ്ത്രത്തെ സർഗാത്മകമാക്കണമെങ്കിൽ അതിനെ ജനകീയമാക്കുകയേ നിവൃത്തിയുള്ളൂ. ഇതെപ്പറ്റി സുപ്രസിദ്ധ ജ്യോതിഃശാസ്ത്രജ്ഞനായ കാൾ സാഗൻ പറയുന്നത് നോക്കുക:

“എല്ലാ ശാസ്ത്രഗവേഷണങ്ങളിലും അപകട സാധ്യതയുടെ ഒരംശം ഉണ്ട്. നമ്മുടെ മുൻ ധാരണകൾക്കൊത്തതായിരിക്കും പ്രപഞ്ചം എന്നതിന് ഗ്യാരണ്ടിയൊന്നുമില്ല. പക്ഷേ, പ്രപഞ്ചത്തെ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/17&oldid=239738" എന്ന താളിൽനിന്ന് ശേഖരിച്ചത്