ദൂരമായ കാലത്തൊന്നുമല്ല. ഇന്ന് ജീവിച്ചിരിക്കുന്ന യുവാക്കളും കുട്ടികളും നിശ്ചയമായും നേരിടേണ്ടിവരുന്ന ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളി നേരിടാൻ അവരെ സഹായിക്കുന്നതിന് പരിഷത്തിന്, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? മൂന്നു പതിറ്റാണ്ടുമുമ്പെ പരിഷത്ത് സ്വയം ഏറ്റെടുത്ത ഒരു ദൗത്യമുണ്ട്. തുടർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയും അതിനെതിരായി പോരാടുകയും ചെയ്യുന്നവരുടെ കയ്യിൽ ശാസ്ത്രത്തിന്റെ, ശാസ്ത്രീയരീതിയുടെ ആയുധം എത്തിക്കുകയെന്നത്. ഈ ദൗത്യം പുനർനിർവചിക്കേണ്ടിയിരിക്കുന്നു.
അതിവിദൂരമല്ലാത്ത ഭാവിയിൽ, വരുന്ന 40-50 കൊല്ലത്തിനുള്ളിൽത്തന്നെ സംഭവിച്ചേക്കാവുന്ന, പുരോഗതിയിൽ നിന്ന് പെട്ടെന്ന് അധോഗതിയിലേക്കുള്ള പതനത്തെ അതിജീവിക്കാനും സ്പീഷീസിനെ സർവനാശത്തിൽനിന്ന് രക്ഷിക്കാനും ഇന്നത്തെ യുവ-ബാല തലമുറകൾക്ക് അറിവിന്റെ ആയുധം പകരുക എന്നത് നമ്മുടെ ലക്ഷ്യമാണ്. ആപത്ത് മുൻകൂട്ടിക്കാണുന്നത് ഒരു ഭാഗമേ ആകുന്നുള്ളൂ. അതിനെ അതിജീവിക്കാനുള്ള തന്ത്രം മെനഞ്ഞെടുക്കണം. പ്രളയത്തെ അതിജീവിക്കാനുള്ള നോഹയുടെ പേടകം നേരത്തെ തന്നെ തയ്യാറാക്കണം. അതായത് നിലവിലുള്ള സമൂഹത്തിനുള്ളിൽ തന്നെ ഭാവി സമൂഹത്തിന്റെ ബീജം വളർത്തണം (വളരുകയല്ല, വളർത്തുകയാണ് വേണ്ടത്. സ്വാഭാവികമായി വളരാൻ വേണ്ട സമയമില്ല). ഈ ബീജത്തെ - പ്രാദേശിക സമൂഹത്തെ - വൻ തകർച്ചയുടെ ആഘാതത്തിൽനിന്ന് രക്ഷിക്കാൻ കഴിയണമെങ്കിൽ അതിന്റെ നിലനിൽപ്പ് ആഗോളബന്ധങ്ങളെ ആശ്രയിച്ചാകരുത്. പ്രാദേശികസമൂഹങ്ങളും ആഗോള സമൂഹവും (ആഗോള മുതലാളിത്തവും) തമ്മിൽ ആഹാര-വസ്ത്ര- പാർപ്പിടാദി കളിലോ, അതിജീവനത്തി നാവശ്യമായ മറ്റു കാര്യങ്ങളിലോ ആശ്രിതത്വപരമായ ബന്ധം - പൊക്കിൾ കൊടിബന്ധം - ഇല്ലാതാക്കണം. ഈ അർഥത്തിൽ മാത്രം പ്രാദേശികസമ്പദ്‍വ്യവസ്ഥയെ ആഗോള സമ്പദ്‍വ്യവസ്ഥയിൽ നിന്ന് വേർപെടുത്തണം (de link). ലോകത്തിന്റെ വിവിധരാജ്യങ്ങളിൽ അങ്ങിങ്ങായി രൂപപ്പെടുന്ന ഇത്തരം പ്രാദേശിക സമൂഹങ്ങളാണ് വരാൻ പോകുന്ന വൻതകർച്ചയെ, മാനവരാശി അതിജീവിക്കുമെന്നതിന് ഗ്യാരണ്ടി. യുവതലമുറയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ഈ അതിജീവനക്ഷമത ആർജിക്കുന്നതിന് ആവശ്യമായ സഹായം നൽകുക എന്നതായിരിക്കണം ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ, പരിഷത്തിന്റെയും, ഉത്തരവാദിത്ത്വം. ഗ്രാമശാസ്ത്ര സമിതികളുടെ രൂപീകരണം മുതൽ വിഭവരംഗത്തെ ഇടപെടൽ, സാക്ഷരത, വിഭവഭൂപട നിർമാണം, കല്യാശ്ശേരി പഞ്ചായത്തിലെ പരീക്ഷണം, പ്രാദേശികാസൂത്രണം, സൂക്ഷ്മ നീർത്തട വികസനം, അയൽക്കൂട്ടങ്ങൾ, പഞ്ചായത്ത് വികസന സമിതികൾ, സ്വയം സഹായസംഘങ്ങൾ, ജനകീയാസൂത്രണം മുതലായ പ്രവർത്തനങ്ങളിലെല്ലാം, ഈ ശാക്തീകരണത്തിന്റെ അംശങ്ങൾ കാണാം.