ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ലോക സമൂഹം ചരിത്രപരമായി അത് പിൻതുടർന്നിരുന്ന പാതയിലൂടെ തന്നെ മുന്നോട്ടുപോവുമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ലോകജനസംഖ്യ, വിഭവങ്ങൾ വ്യാവസായിക ഉൽപ്പാദനം, ഭക്ഷ്യോൽപ്പാദനം, മലിനീകരണം എന്നിവയിൽ വരുന്ന ഒരു നൂറ്റാണ്ട് കാലത്ത് വയ്ക്കാവുന്ന മാറ്റങ്ങളാണ് അതിൽ ചിത്രീകരിച്ചിട്ടുള്ളത്. ജനസംഖ്യ വർധിക്കുന്നു; വിഭവങ്ങൾ അതിവേഗം കുറയുന്നു; മാലിന്യം കുന്നുകൂടുന്നു, ഭക്ഷ്യോൽപ്പാദനവും വ്യാവസായിക ഉൽപ്പാദനവും കുറയുന്നു. ഒരു ഘട്ടമെത്തുമ്പോൾ 2030-2040 ആകുമ്പോഴേയ്ക്കും ഗതി തുടരാനാകാതെ എല്ലാം തകരുന്നു. ജനസംഖ്യയിലും ജീവിതദൈർഘ്യത്തിലും കുറഞ്ഞ സമയത്തിനുള്ളിൽ ഭീകരമായ ഇടിവുണ്ടാകുന്നു. ഒരു 'പ്രതിവിപ്ലവം' നടക്കുന്നു. മാനവസമൂഹം നിരവധി നൂറ്റാണ്ടുകൾ പിൻതള്ളപ്പെടുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ, പ്രസിദ്ധ വിപ്ലവകാരി ആയിരുന്ന, റോസാ ലക്സംബുർഗ് പറയുകയുണ്ടായി. മുതലാളിത്തത്തിനുശേഷം അനിവാര്യമായും സോഷ്യലിസം വന്നു കൊള്ളണമെന്നില്ല, കാടത്തമാകാനും സാധ്യതയുണ്ട്. ഈ സാധ്യത ഇന്ന് യാഥാർഥ്യമായിക്കൊണ്ട് വരികയാണ്. വിഭവലഭ്യത കുറയുമ്പോൾ മുതലാളിത്തം എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്നതിന്റെ ഉദാഹരണം അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നാം കണ്ടതാണ്; അതിനുമുമ്പും ശേഷവും കണ്ടതാണ്. ഇന്നും കാണുന്നതാണ്. ഭക്ഷ്യോൽപ്പാദനത്തിൽ വന്ന കുറവു മാത്രമേ വളർച്ചയുടെ പരിമിതിയുടെ കർത്താക്കൾ പരിഗണിക്കുന്നുള്ളു. യുദ്ധം കൊണ്ടുണ്ടായേക്കാവുന്ന കെടുതികൾ അവർ കണക്കിലെടുത്തിട്ടില്ല. പതനത്തിന്റെ വക്കത്തെത്തുമ്പോൾ ജന്തുസഹജമായ അതിജീവനശീലങ്ങൾ മനുഷ്യരിലും തലപൊക്കും. അതിജീവനത്തിനും അധിനായകത്വത്തിനും മനുഷ്യവർഗത്തെ സഹായിച്ച കുടുംബം, സമൂഹം മുതലായ വ്യവസ്ഥകൾ തകരും. കാടത്തത്തിൽനിന്ന് വംശനാശത്തിലേക്കു തന്നെ സ്പീഷീസ് നീങ്ങാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.

ഈ നിഗമനത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരുണ്ട്. ജോർജ് ബുഷ് അച്ഛനും മകനും അവരെ ഉദ്ധരിച്ചുകൊണ്ട് ആഗോളതാപനം, വിഭവ ശോഷണം, ഭക്ഷ്യദൗർലഭ്യം മുതലായവയൊക്കെ കപട ഭീഷണികളാണെന്നു കുറെക്കാലം വാദിച്ചു നോക്കി. എന്നാൽ അന്താരാഷ്ട്ര സമ്മർദങ്ങൾക്ക് വിധേയമായി, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ സത്യസന്ധത ചോദ്യം ചെയ്യുന്നത് കുറച്ചു. ആ പണി മറ്റു ശാസ്ത്രജ്ഞരെ ഏല്പിച്ചു. അവരിൽ ഒരാളായ ബോൺ ലോംബോർഗ് - ഡെൻമാർക്കിലെ ആറസ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറാണ് അദ്ദേഹം - സംശയാലുവായ പരിസ്ഥിതി വാദി (Skeptical Environmentalist) എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. 1998ൽ ആണ് അത് പ്രസിദ്ധീകരിച്ചത്. നിശ്ശബ്ദവസന്തം, വളർച്ചയുടെ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/167&oldid=240391" എന്ന താളിൽനിന്ന് ശേഖരിച്ചത്