ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
എന്തല്ല പരിഷത്ത്
* പരിഷത്ത് ഒരു രാഷ്ട്രീയ പാർട്ടിയല്ല, എന്നാൽ പരിഷത്ത് പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും. പക്ഷെ, രാഷ്ട്രീയപ്പാർട്ടികൾക്ക് ഉപകരിക്കുമാറാകുക എന്നതല്ല പരിഷത്തിന്റെ ലക്ഷ്യം. * പരിഷത്ത് ഒരു കേവല ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം, മെഡിക്കൽ ക്യാമ്പുകൾ, ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണം, അടുപ്പ് സ്ഥാപിക്കൽ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല. * പരിഷത്ത് കേവല സാംസ്കാരിക സംഘടനയല്ല. കലാപരിപാടികൾ, പൊതുയോഗങ്ങൾ, മത്സരങ്ങൾ, ജാഥകൾ തുടങ്ങിയ പല സാംസ്കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല, * പരിഷത്ത് ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ക്ലാസ്സുകൾ നടത്തുക, വിജ്ഞാന പരീക്ഷകളും മറ്റ് മത്സരങ്ങളും നടത്തുക, സയൻസ് ക്ലബ്, സയൻസ് കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല. * പരിഷത്ത് ഒരു കേവല ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്നങ്ങൾ, നാടിന് ചേർന്ന സാങ്കേതികവിദ്യ, ബയോഗ്യാസ്, കേരളത്തിന്റെ സമ്പത്ത്, പരിസര മലിനീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പല തുറകളിലും ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല. *പരിഷത്ത് ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന വിവരങ്ങളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത് മാത്രമല്ല * പരിഷത്ത് ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്ത്രീയമായ ജീവിത വീക്ഷണം വളർത്തുവാനായി പരിഷത്ത് പരിശ്രമിക്കുന്നു. എന്നാൽ കാരണത്തെ വിട്ട് കാര്യത്തിൽ ഒതുങ്ങി നിൽക്കുക എന്നത് പരിഷത്തിന്റെ രീതിയല്ല. (82 ലെ പ്രവർത്തക പരിശീലന രേഖയിൽ നിന്ന്) * യഥാർഥത്തിൽ പരിഷത്ത് ഇതെല്ലാമാണ്. മറ്റു പലതും കൂടിയാണ്. പരിഷത്തിന് രാഷ്ട്രീയമുണ്ട്. ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തോടുള്ള പക്ഷപാതിത്തമാണ് അതിന്റെ രാഷ്ട്രീയം. * ഉൽപാദനവർധനവ് അതിന്റെ ലക്ഷ്യമാണ്. പക്ഷെ എന്തിന്റെ ഉൽപാദനം എന്ന ചോദ്യം അത് ചോദിക്കുന്നു.