അറിയപ്പെടുന്ന ഒരു സംഘടനയാണ് ഇന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. എണ്ണപ്പെട്ട ഒരു പ്രസ്ഥാനമാണ് ജനകീയ ശാസ്ത്രപ്രസ്ഥാനം. രണ്ടും 20-ാം നൂറ്റാണ്ടിന്റെ സംഭാവനയാണ്. മലയാള ഭാഷയിൽ ശാസ്ത്രസാഹിത്യം എന്ന പദം രൂപം കൊണ്ടിട്ട് അരനൂറ്റാണ്ട് ആയിട്ടുള്ളൂ. ജനപ്രിയശാസ്ത്രം (popular science) എന്ന ഒരു സങ്കൽപ്പനമുണ്ടായിരുന്നു. എന്നാൽ ജനകീയശാസ്ത്രം (people's science) എന്ന സങ്കൽപ്പനം രൂപം കൊണ്ടിട്ട് വെറും മൂന്നു പതിറ്റാണ്ടാണ് ആയത്. “ശാസ്ത്രസാഹിത്യമോ? അതെന്താണ്? ശാസ്ത്രമുണ്ട്, സാഹിത്യവും ഉണ്ട്. രണ്ടും രണ്ട് സംവർഗങ്ങൾ, കാറ്റഗറികൾ ആണ്. എന്തിനവരെ കുട്ടിക്കുഴയ്ക്കണം?” പലരും ചോദിക്കാറുണ്ട്. ശാസ്ത്രവിഷയങ്ങളിൽ പ്രത്യേക പരിജ്ഞാനമൊന്നുമില്ലാത്തവർക്ക് സാങ്കേതികപദജടിലമല്ലാത്ത ഭാഷയിൽ ശാസ്ത്രീയവിജ്ഞാനം പരിചയപ്പെടുത്തിക്കൊടുക്കുകയെന്നത് പുതിയ കാര്യമൊന്നുമല്ല. അതിനെ ജനപ്രിയ ശാസ്ത്രം എന്നാണ് വിളിച്ചിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി, ഓരോരോ വിഷയമേഖലകളിലെ സ്പെഷ്യലിസ്റ്റുകളും അവർ തങ്ങൾക്കിടയിൽ ആശയവിനിമയം നടത്തുന്ന രീതിയുണ്ട്. ഇതിനെ വേണമെങ്കിൽ 'കടും ശാസ്ത്രം' (rigorous science) എന്നുവിളിക്കാം. അതിന്റെ ഭാഷ വ്യത്യസ്തമാണ്. 1957ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ സമിതി സർഗാത്മകരചനകളെ മാത്രം സാഹിത്യമെന്നു വിശേഷിപ്പിക്കുന്ന രീതി മാറ്റി, ഇതിവൃത്തത്തെ അടിസ്ഥാനമാക്കി ശാസ്ത്രസാഹിത്യം, സർഗാത്മകസാഹിത്യം എന്നിങ്ങനെ
വ്യക്തമായ രണ്ടു ധാരകളായി കാണുകയാണ് ചെയ്തത്. സാഹിത്യത്തിന് ഗദ്യം, പദ്യം, നാടകം മുതലായ രൂപങ്ങൾ ഉണ്ടല്ലോ. കടുംശാസ്ത്രത്തിന് ഗദ്യഭാഷ മാത്രമേ ഉപയോഗിക്കാറുള്ളൂ. ജനപ്രിയശാസ്ത്രത്തിനാകട്ടെ ഗദ്യപദ്യനാടകാദിരൂപങ്ങളെല്ലാം ഉപയോഗിക്കാറുണ്ട്.