ഈ ചട്ടക്കൂടിന്റെ സഹായത്തോടെ തങ്ങളുടെ ആസന്ന സമൂഹത്തിലും ആഗോള സമൂഹത്തിലും നടന്നതും നടക്കുന്നതുമായ സംഭവങ്ങളെ അപഗ്രഥിക്കാനും അമൂർത്തവത്കരിക്കാനും സിദ്ധാന്തങ്ങൾ ആവിഷ്കരിക്കാനും കർമപദ്ധതികൾ ആസൂത്രണം ചെയ്യാനും, ദരിദ്രവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനവിഭാഗത്തെയും അവരുടെ എല്ലാ പ്രസ്ഥാനങ്ങളെയും, കഴിവുള്ളവരാക്കുക, അതിലവയെ സഹായിക്കുക - ഇതാണ് പരിഷത്തിന്റെ കടമ എന്ന ഏകദേശ ധാരണയിൽ എത്തിച്ചേരുകയുണ്ടായി.
'ഏകദേശ ധാരണ' എന്നു പറയുന്നതിന് കാരണമുണ്ട്. പരിഷത്ത് വലുതാകുന്ന മുറയ്ക്ക്, അതിലെ അംഗങ്ങളുടെ എണ്ണം വർധിക്കുന്ന മുറയ്ക്ക്, അംഗത്വചേരുവ യിലും വ്യത്യാസം വരാൻ തുടങ്ങി. സാക്ഷരതായജ്ഞത്തിനുശേഷമാകട്ടെ അടിസ്ഥാന വർഗങ്ങളിൽനിന്നുള്ളവരെ വൻതോതിൽ പരിഷത്തിലേയ്ക്കാ കർഷിക്കുക എന്നത് ബോധപൂർവമുള്ള ഒരു നയമായിത്തന്നെ സ്വീകരിച്ചു. സാക്ഷരതാ വളണ്ടിയർമാർ, നവസാക്ഷരർ തുടങ്ങിയവരെ വൻതോതിൽ പരിഷത്തിൽ ചേർത്തു. സാക്ഷരതയ്ക്കുമുമ്പുതന്നെ പരിഷത്തിനുള്ളിൽ ചൂടുപിടിച്ച ചർച്ചയ്ക്ക് വിധേയമായിരുന്ന ഒരു ചോദ്യമാണ് “പരിഷത്ത് ഒരു കേഡർ സംഘടനയോ ഒരു ബഹുജന സംഘടനയോ?" തൃശ്ശൂർ പൂങ്കുന്നം സ്‌കൂളിൽ, 1980ൽ ചേർന്ന ഒരു നിർവാഹക സമിതിയോഗത്തിന്റെ പ്രധാന അജണ്ടതന്നെ ഇതായിരുന്നു. പരിഷത്തിൽ കൂടുതൽ കൂടുതൽ അംഗങ്ങളെ ചേർക്കണം, അതേസമയം അതിന്റെ കേഡർ സ്വഭാവം നിലനിർത്തണം -ഇതായിരുന്നു അവസാനമെത്തിയ നിഗമനം. വ്യാപകമായ അംഗത്വവും കേഡർ സ്വഭാവവും ഒത്തുകൊണ്ടുപോകുകയെന്നത് അത്യന്തം ശ്രമകരമായ ഒരു ഉത്തരവാദിത്ത്വമാണ്. കാരണം കേഡർ സ്വഭാവം എന്നു പറഞ്ഞാൽ സാമാന്യജനങ്ങളെയും അവരുടെ സമസ്തപ്രസ്ഥാനങ്ങളെയും ശാസ്ത്രീയ വീക്ഷണത്തിന്റേയും ശാസ്ത്രത്തിന്റെ രീതിയുടേയുമായ ആയുധങ്ങൾ അണിയിക്കാൻ വേണ്ട കഴിവ് സ്വയം ആർജിക്കുക എന്നതാണ്; ശാസ്ത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് തങ്ങൾക്ക് ഓരോരുത്തർക്കും ശരിയായ തിരിച്ചറിവ് ഉണ്ടാക്കുക എന്നതാണ്.
പരിഷത്ത് ഒരു NGO അല്ല, രാഷ്ട്രീയപാർട്ടിയുമല്ല, അത് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാണ് എന്ന് ആവർത്തിച്ചാവർത്തിച്ചു പറയുമെങ്കിലും കാലക്രമേണ അത് പതിവിൻപടിയുള്ള ബഹുജനപ്രസ്ഥാനങ്ങളെ അനുകരിക്കാൻ തുടങ്ങി. അംഗത്വചേരുവയിൽ വന്ന മാറ്റം മാത്രമല്ല ഇതിനു കാരണം. 1980കളുടെ അവസാനത്തോടുകൂടി സാർവദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രകടമാകാൻ തുടങ്ങിയ തകർച്ച പരിഷത്തിന്റെ ആണിക്കല്ലുകളെപ്പോലും ഇളക്കി. ഒരു സുപ്രഭാതത്തിൽ 'സാമൂഹ്യവിപ്ലവം' എന്ന പദത്തിനുണ്ടായിരുന്ന അർഥവ്യക്തത നഷ്ടമായപോലെ. ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാർ ഇടിവെട്ടേറ്റ പോലെ സ്‌തബ്‌ധരായി. എല്ലാവരുമല്ല. ചിലർക്ക് ഈ അവസ്ഥ മുൻകൂട്ടി കാണാൻ