ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പലപ്പോഴും ഭൗതികവാദം, അതും യാന്ത്രിക ഭൗതികവാദം, ആയാണ് പലരും കാണുന്നത്. ഈശ്വര നിഷേധമാണതെന്നുപോലും പലരും ഉപബോധ മനസ്സിലെങ്കിലും ധരിച്ചു വെച്ചിട്ടുണ്ട്. പരിഷത്ത് ശാസ്ത്രമെന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഇതൊന്നുമല്ലെന്ന് പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രവും ഭൂമിശാസ്ത്രവും അർഥശാസ്ത്രവും മനഃശാസ്ത്രവും നാട്യശാസ്ത്രവും സംഗീതശാസ്ത്രവും ഒക്കെ, എല്ലാ അറിവുകളും ശാസ്ത്രത്തിന്റെ പരിധിയിൽ വരും. ഉള്ളടക്കമല്ല, രീതിയാണ് ശാസ്ത്രീയം എന്ന പദത്തിന് ആധാരം. പരിഷത്ത് പ്രവർത്തകരുടെ കേഡർ ക്യാമ്പുകളിലും സാധാരണ ജനങ്ങൾക്കുള്ള ക്ലാസുകളിലും ഒക്കെ ഇത് വ്യക്തമാക്കാൻ പരിഷത്ത് മറക്കാറില്ല.

അറിവിന്റെ, ശാസ്ത്രത്തിന്റെ, തുടക്കം പ്രവർത്തനമാണ്. അനുഭവങ്ങളെ സാമാന്യവത്ക്കരിക്കുന്നു, അമൂർത്തവത്ക്കരിക്കുന്നു; സിദ്ധാന്തവത്ക്കരിക്കുന്നു. സിദ്ധാന്തങ്ങൾ ഇനിയും ചെയ്യാത്ത പ്രവർത്തനങ്ങൾ നൽകിയേക്കാവുന്ന അനുഭവം മുൻകൂട്ടി പ്രവചിക്കുന്നു. ആ പ്രവൃത്തി ചെയ്യുന്നു. യഥാർഥ അനുഭവങ്ങളും പ്രവചിത അനുഭവങ്ങളും തമ്മിൽ താരതമ്യപ്പെടുത്തുന്നു. പുതിയ സാമാന്യവത്ക്കരണങ്ങളും സിദ്ധാന്തവത്ക്കരണങ്ങളും നടത്തുന്നു. അങ്ങനെ അറിവ്, ശാസ്ത്രം, വികസിക്കുന്നു. പ്രാകൃത മനുഷ്യൻ ആഹാര സമ്പാദനത്തിലൂടെയും ആയുധ നിർമാണത്തിലൂടെയും വേട്ടയിലൂടെയും ഒക്കെ നേടിയ ജീവിതാനുഭവങ്ങളാണ് സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ആരോഗ്യശാസ്ത്രം, പദാർഥ ഗുണധർമശാസ്ത്രം, ചലനതന്ത്രം മുതലായ പിൽക്കാല ശാസ്ത്രശാഖകളുടെ ഉറവിടം. പ്രകൃതി, സമൂഹം, ശാസ്ത്രം, നാം ജീവിക്കുന്ന ലോകം മുതലായ ഒട്ടനവധി പ്രഭാഷണ പരമ്പരകളിലൂടെയും കേഡർ ക്യാമ്പുകളിലൂടെയും ശാസ്ത്രത്തെപ്പറ്റിയുള്ള ഈ വീക്ഷണം വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. പരിഷത്ത് ശാസ്ത്രം എന്ന വാക്കിനെ സാങ്കേതികവിദ്യക്കും മാനവിക വിഷയങ്ങൾക്കും ഒക്കെ കൂടി നിൽക്കുന്ന ഒരു പദമായാണ് കാണുന്നത്. അങ്ങനെ ശാസ്ത്രത്തിന്റെ അടിസ്ഥാന ഭാവത്തെ ഇങ്ങനെ നിർവചിക്കാം:

ഒന്ന്: ബാഹ്യലോകവുമായി ഇടപെടുന്നതിലൂടെ ലഭിക്കുന്ന അനുഭവമാണ് അറിവിന്റെ, ശാത്രത്തിന്റെ, അടിത്തറ.

രണ്ട്: ഈ അനുഭവം ഒറ്റപ്പെട്ട വ്യക്തിയുടേത് മാത്രമല്ല, സമൂഹത്തിന്റെ ആകെയാണ്.

മൂന്ന്: അങ്ങനെ ആകണമെങ്കിൽ ശാത്രജ്ഞാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിയുന്നതാകണം.

നാല്: ചരിത്രപരമായി അനുഭവങ്ങൾ ഈട്ടം കൂടുന്ന മുറയ്ക്ക് അറിവ്, ശാസ്ത്രം, വളർന്നു വരുന്നു, വികസിക്കുന്നു.

അങ്ങനെ ശാസ്ത്രത്തിന്റെ നാലു സവിശേഷതകൾ പ്രായോഗികത, സാമൂഹികത, വിനിമേയത, ചരിത്രപരത എന്നിവയാണെന്നു പറയാം.

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/158&oldid=240385" എന്ന താളിൽനിന്ന് ശേഖരിച്ചത്