ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ക്കം. ഇവർക്ക് തുടർച്ചയായി സഹായം നൽകുന്നതിനായി ബ്ലോക്കുതലത്തിലും സന്നദ്ധ വിദഗ്‌ധസംഘങ്ങൾ ഉണ്ടാക്കുന്നു. ഇപ്പോൾ 14 സംസ്ഥാനങ്ങളിലായി 1500 പഞ്ചായത്തുകളിലാണ് ഈ പരിശീലനം നൽകുന്നത്. വരും വർഷങ്ങളിൽ 20,000 പഞ്ചായത്തുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1000-1500 ബ്ലോക്കുതല സന്നദ്ധ വിദഗ്‌ധസംഘങ്ങളും. കേരളത്തിലും പശ്ചിമബംഗാളിലും നടന്നതരത്തിലുള്ള അധികാരവികേന്ദ്രീകരണത്തിന് താഴെനിന്ന് സമ്മർദം വളർത്തിക്കൊണ്ടുവരികയും, അധികാരം കയ്യാളാനുള്ള പ്രാപ്തി അവർക്ക് ഉണ്ടാക്കുകയുമാണ് ആത്യന്തിക ലക്ഷ്യം. പഞ്ചായത്ത് രാജ്, ഗ്രാമവികസനം, വിദ്യാഭ്യാസം, എന്നീ മന്ത്രാലയങ്ങൾക്കും പ്ലാനിങ് കമ്മീഷനും ഒക്കെ വൻതോതിലുള്ള ശേഷിവികസന (Capacity building) പരിപാടികളുണ്ട്. ഇതിനുമാത്രമായി ഓരോ ജില്ലയ്ക്കും ഒന്നൊന്നര കോടി രൂപ വരെ വിവിധ സ്‌കീമുകളിലൂടെ ലഭിക്കുന്നതാണ്. ഈ സന്ദർഭങ്ങൾ പരമാവധി ഉപയോഗിക്കുകയെന്നതാണ് അഖിലേന്ത്യാതലത്തിൽ ഇട്ടിട്ടുള്ള ലക്ഷ്യം. ഇതിനൊക്കെ ആവശ്യമായ ദേശീയതല സംസ്ഥാനതല പ്രവർത്തകരെ കണ്ടെത്തുകയും അവരുടെ വൈദഗ്ധ്യതലം തുടർച്ചയായി വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് അഖിലേന്ത്യാതലത്തിൽ (ചുരുക്കം ചില സംസ്ഥാനങ്ങളൊഴികെ) ബി.ജി.വി.എസ് സ്വയം മുന്നോട്ടുവെച്ചിട്ടുള്ള ആസന്ന ലക്ഷ്യം.

അങ്ങനെ ഇന്ന് തന്നെ ഇന്ത്യയിൽ വലുതായ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമുണ്ട്. 300ഓളം ജില്ലകളിൽ അതിന് കമ്മിറ്റികളുണ്ട്. വേറെ നൂറോളം ജില്ലകളിൽ അതിനു സമ്പർക്കമുണ്ട്. ആയിരത്തോളം ബ്ലോക്കുകളിലും പതിനായിരത്തോളം ഗ്രാമങ്ങളിലും അതിന്റെ സാന്നിധ്യമുണ്ട്. മൂന്നുലക്ഷത്തിന്റെയും നാലു ലക്ഷത്തിന്റെയും ഇടയിൽ അംഗങ്ങളുണ്ട്. താഴെ തട്ടുകളിൽ AIPSN, BGVS എന്നീ ലേബലുകൾക്ക് പ്രസക്തിയില്ല. എല്ലാം തന്നെ PSM- ജനകീയ ശാസ്ത്രപ്രസ്ഥാനം ആണ്.

വടക്കെ ഇന്ത്യയിൽ ഇത്രയധികം സമ്പർക്കമുള്ള മറ്റൊരു ജനകീയ പ്രസ്ഥാനമില്ല. എങ്ങനെ ഈ വൻശക്തിയെ, ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ ഉന്നമനത്തിനായി, സമൂഹത്തിൽ വിപ്ലവകരമായ പരിവർത്തനം നടത്തുന്നതിനായി ഉപയോഗിക്കാം? പൊതുവിൽ സ്വീകാര്യതയുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ, ഒരു ലോകവീക്ഷണത്തിന്റെ പിൻബലം കൂടി ഇതിന് ആവശ്യമാണ്. പരിഷത്തിന്റെയും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെയും കാഴ്ചപ്പാട്, പ്രത്യയശാസ്ത്രം എന്താണ്?

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/152&oldid=240380" എന്ന താളിൽനിന്ന് ശേഖരിച്ചത്