ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വലുതുമായ, പ്രാദേശികവും ദേശീയവുമായ ബാലമേളകൾ വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കപ്പെടുകയുണ്ടായി. ബാലവേദികൾക്ക് സമാനമായി പലയിടത്തും ബാൽമഞ്ചുകളും തത്തുല്യസംവിധാനങ്ങളും രൂപപ്പെട്ടുവന്നു.

1995-96 ആയപ്പോഴേക്കും സാക്ഷരതാപ്രസ്ഥാനത്തിന്റെ സ്വഭാവം മാറി. പഴയ ഉദ്യോഗസ്ഥന്മാർ റിട്ടയർ ചെയ്തു. പുതിയവർക്ക് ക്യാമ്പെയിൻ സ്പിരിറ്റില്ലായിരുന്നു. പ്രവർത്തനമാകെ ഉദ്യോഗസ്ഥവൽക്കരിക്കപ്പെട്ടു. ബി.ജി.വി.എസ് സംഘടനകൾ പുതിയ പ്രവർത്തനമേഖലകൾ കണ്ടെത്തി. പഞ്ചായത്ത് വികസനം, നീർത്തടാധിഷ്ഠിത വികസനം, വിഭവഭൂപട നിർമാണം എന്നിങ്ങനെ പല മേഖലകളിലും. എന്നാൽ, പരിഷത്തിലെന്നപോലെ അഖിലേന്ത്യാ തലത്തിലും സാമൂഹ്യശാസ്ത്രങ്ങളിലായിരുന്നു ഊന്നൽ. പതുക്കെപ്പതുക്കെ വിവിധ സംഘടനകളിലെ പ്രവർത്തകർ തമ്മിൽ ആത്മബന്ധങ്ങൾ വളർന്നു വന്നു. ജീവത്തായ ഒരു അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനം രൂപം കൊണ്ടു.

കേരളത്തിനു പുറത്തുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളെ സാമാന്യമായി അഞ്ച് കാറ്റഗറികളായി വിഭജിക്കാവുന്നതാണ്.

1. ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടുള്ളവ. ഇവ പൂർണമായും ബഹുജന സംഘടനകളായി വളർന്നിരിക്കുന്നു. ഹിമാചൽ ഗ്യാൻ വിഗ്യാൻ സമിതി, ബിഹാർ ഗ്യാൻ വിഗ്യാൻ സമിതി, ഝാർഖണ്ഡ് ഗ്യാൻ വിഗ്യാൻ സമിതി എന്നിവയാണ് ഇവയിൽ പ്രധാനം. അതത് സംസ്ഥാനങ്ങളിൽ അവ ജന സമ്മിതിയുള്ള സംഘടനകളാണ്. സ്റ്റേറ്റ് ഗവൺമെന്റുകൾക്കോ, ജില്ലാ പഞ്ചായത്തുകൾക്കോ അവയെ അവഗണിക്കാൻ പറ്റില്ല. ഒരു തരത്തിൽ, മുഖ്യധാരാ പ്രസ്ഥാനങ്ങളായി അവ വളർന്നിരിക്കുന്നു. പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിൽ ഒട്ടേറെ ജനപ്രതിനിധികളെ സംഭാവന ചെയ്യാൻ അവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹ്യരാഷ്ട്രീയജീവിതത്തിൽ അവ പരിഗണിക്കേണ്ട ശക്തിയായി വളർന്നിരിക്കുന്നു. ഈ മൂന്നു സംഘടനകളിലും കൂടി മൊത്തം ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ട്.

2. ഈ തലത്തിലേക്ക് വളർന്നിട്ടില്ലെങ്കിലും ഗണ്യമായ ബഹുജനാടിത്തറയുള്ള സംഘടനകളാണ് മധ്യപ്രദേശ് ഗ്യാൻ വിഗ്യാൻ സമിതി, അസം ഗ്യാൻ വിഗ്യാൻ സമിതി, ആന്ധ്രപ്രദേശിലെ ജനവിജ്ഞാനവേദിക എന്നിവ. മൂന്നിലും കൂടി മുക്കാൽ ലക്ഷത്തോളം അംഗങ്ങളുണ്ട്. 90 ശതമാനം ജില്ലകളിലും സംഘടനാ ഘടകങ്ങളുണ്ട്. തമിഴ്‌നാട് സയൻ ഫോറം, പോണ്ടിച്ചേരി സയൻസ് ഫോറം, കർണാടകയിലെ കന്നട രാജ്യവിജ്ഞാന പരിഷത്തും ജ്ഞാന വിജ്ഞാന സമിതിയും, ത്രിപുര ഗ്യാൻ വിഗ്യാൻ സമിതി, പശ്ചിമബംഗവിജ്ഞാൻ മഞ്ച് എന്നിവയും ജനങ്ങൾക്കിടയിൽ വേരുകളുള്ള സംഘടനകളാണ്. ഇവയിൽ പശ്ചിമബംഗവിജ്ഞാൻ പരിഷത്തിനും തമിഴ്‌നാട് സയൻസ് ഫോറത്തിനും കൂടി മുക്കാൽ ലക്ഷത്തോളം അംഗങ്ങളുണ്ട്. മറ്റു

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/149&oldid=240373" എന്ന താളിൽനിന്ന് ശേഖരിച്ചത്