എൻ.രാജ്, ഡോ. എ.വൈദ്യനാഥൻ, ഡോ. ഐ.എസ്. ഗുലാത്തി ...... അങ്ങനെ ഒട്ടേറെ പേർ). വിനോദ്കർ NERI ഗസ്റ്റ് ഹൗസ് പൂർണമായും നാലുദിവസത്തേക്ക് ഒരു വാടകയും കൂടാതെ AIPSNന് വിട്ടുതന്നു. കുറേയേറെ ക്ലാസ്സുകൾ നടന്നു. എന്നാൽ വിചാരിച്ചത്ര നടന്നില്ല.
AIPSN തികച്ചും അഖിലേന്ത്യാസ്വഭാവമുള്ള ഒരു സംഘടനയായിരുന്നു. മേഘാലയ, മണിപ്പൂർ, മിസോറാം, നാഗാലാന്റ്, അരുണാചൽ പ്രദേശ്, ഗോവ, ജമ്മു കാശ്മീർ എന്നിവ ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ അതിന് ഘടകങ്ങളുണ്ടായിരുന്നു. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികവും. ഈ ഘടകങ്ങളുടെ സ്വഭാവത്തിൽ വളരെയേറെ വ്യത്യാസമുണ്ടായിരുന്നു. ഉദാഹരണത്തിന് FMRAI (Federation of Medical Representatives Associations of India) മുഖ്യമായും ഒരു ട്രേഡ് യൂണിയൻ സംഘടനയായിരുന്നു. മിക്കവാറും അതുപോലൊന്നായിരുന്നു Confederation of Officer's Association of Public Sector Undertakings. അതിലെ അശോക്റാവൂ, FMRAIയിലെ ഗ്യാൻ മജുംദാർ തുടങ്ങിയ ഒറ്റപ്പെട്ട വ്യക്തികൾക്കു മാത്രമേ PSMൽ താൽപ്പര്യമുണ്ടായിരുന്നുള്ളൂ. ഘടനാപരമായിത്തന്നെ തീരെ ബഹുജനാടിത്തറ ഇല്ലാത്തവയായിരുന്നു ചിലത്. മഹാരാഷ്ട്രയിലെ ആരോഗ്യ ദക്ഷതാമണ്ഡൽ, മധ്യപ്രദേശിലെ ഏകലവ്യ, ഡെൽഹിയിലെ DSF മുതലായവ അക്കൂട്ടത്തിൽപ്പെടും. മഹാരാഷ്ട്രയിലെതന്നെ ലോക് വിദ്ന്യാൻ സംഘടന അയവില്ലാത്ത സമീപനങ്ങളുടെ ഫലമായി ഏറെത്താമസിയാതെ നിഷ്‍ക്രിയമായി. മറാഠി വിദ്യാൻ പരിഷത്തും കന്നഡ രാജ്യ വിഗ്യാൻ പരിഷത്തും തുടക്കം മുതലേ ഗവൺമെന്റ് ഫണ്ടിങ്ങ് ഉള്ള സംഘടനകളായിരുന്നു. ഉന്നതരായ ശാസ്ത്രജ്ഞർ അവയുടെ നേതൃത്വം വഹിച്ചു. പരിഷത്ത് കാണും പോലെയല്ല. അവർ സമൂഹത്തെ കണ്ടത്. പക്ഷപാതരാഹിത്യത്തിലൂടെ ഫലത്തിൽ അവർ ന്യൂനപക്ഷത്തിന്റെ ബന്ധുക്കളായിത്തീർന്നു. ഗുജറാത്തിലെ സവിശേഷമായ ബനിയാ മണ്ണിൽ പരിഷത്ത്പോലുള്ള ഒരു സംഘടനയ്ക്ക് വേരു പിടിക്കാൻ പ്രയാസമായിരുന്നു. ഗുജറാത്ത് വിജ്ഞാൻ സഭയ്ക്കോ പിന്നീട് രൂപീകരിച്ച ഭാരത് ഗ്യാൻ വിഗ്യാൻ സഭക്കോ ഇടക്കിടെ ഒരു കൂമ്പു വരുമെങ്കിലും ഉടൻതന്നെ അത് കരിയുകയും ചെയ്തിരുന്നു. മേൽപ്പറഞ്ഞ സംഘടനകളിൽ DSF ഒഴികെ മറ്റൊന്നും ഇന്ന് സജീവമായി ജനകീയ ശാസ്ത്രപ്രസ്ഥാനത്തിൽ ഇല്ല. ബാക്കിയെല്ലാവരും ഒട്ടൊക്കെ ഏകസമാനമായ കാഴ്ചപ്പാടുള്ളവയായിരുന്നു. അതിൽ DSFലെ ചില പ്രമുഖ നേതാക്കൾക്ക്, പരിഷത്ത് സൈലന്റ് വാലി പ്രക്ഷോഭത്തിലും ആണവകേന്ദ്രത്തിന്റെ കാര്യത്തിലും എടുത്ത നിലപാടിനോട് യോജിപ്പില്ലായിരുന്നു. അവർ തികഞ്ഞ ടെക്നോളജി ഭക്തന്മാരായിരുന്നു. സാധാരണ ജനങ്ങൾക്ക് പ്രാമുഖ്യമുള്ള പരിഷത്തിനെപ്പോലുള്ള സംഘടനകൾക്ക് ശാസ്ത്രത്തിന്റെ കാര്യത്തിൽ ആധികാരികമായി എന്തെങ്കിലും പറയാൻ അവകാശമുണ്ടെന്ന് അവർ അംഗീകരിച്ചിരുന്നില്ല. ഈ ടെൻഷൻ 1988ലെ കണ്ണൂരിലെ രൂപീകരണ യോഗ