ത്വവും വികേന്ദ്രീകൃത പ്രവർത്തനവും തമ്മിലുള്ള വൈരുധ്യങ്ങളെപ്പറ്റിയും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളെപ്പറ്റിയും ഉള്ള ധാരണകൾ അവ്യക്തമായിത്തന്നെ തുടരുന്നു. ലോക സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ച ഈ അവ്യക്തതക്ക് ആഴം കൂട്ടി. നാലാം ഭാഗത്തിൽ ഇവയെല്ലാമാണ് ചർച്ച ചെയ്യുന്നത്. സാമൂഹ്യവിപ്ലവത്തെക്കുറിച്ചുള്ള ധാരണകൾ അവ്യക്തമായിരിക്കെ തന്നെ ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പലതും ചെയ്യാൻ കഴിയും. പരിഷത്തിൽ ഇന്ന് സൈദ്ധാന്തികതലത്തിലുള്ള അന്വേഷണങ്ങൾ തുടരവേതന്നെ, ദരിദ്രവത്കരിക്കപ്പെടുന്നവരുടെ ചെറുത്തുനിൽപ്പിനെ ശക്തിപ്പെടുത്താനുള്ള പുതിയ പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. നീർത്തടാധിഷ്ഠിത വികസനം, സമഗ്രവും ഉദ്ഗ്രഥിതവുമായ കാർഷിക വികസനം, തദ്ദേശീയ ഉൽപ്പാദനവും പ്രത്യക്ഷ വിപണനവും മുതലായവയൊക്കെ ഇതിന്റെ ഭാഗങ്ങളാണ്.
ഇതുപോലുള്ള ഒരു പുസ്തകത്തിന് ഒരു ഉപസംഹാരം പ്രസക്തമല്ല. കാരണം, ഒന്നും ഉപസംഹരിക്കപ്പെടുന്നില്ല. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികസിച്ചുവരുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പരിശോധനയിലാണ് പുസ്തകം അവസാനിക്കുന്നത്. “കിട്ടിയത് ഒരു പിടി മണ്ണുമാത്രം. നേടാൻ ഒരു ലോകം മുഴുവൻ." ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.