ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കർണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലൂടെ ദില്ലിയിൽ എത്തി ആ ജാഥ സമാപിച്ചു. ഒന്നാമത്തെ ശാസ്ത്രകലാജാഥയുടെ കർശനക്കാരനായ മാനേജർ ആയിരുന്ന, പി.ജി. പത്മനാഭൻ തന്നെ ആയിരുന്നു ഈ ജാഥയുടെയും മാനേജരായി നിയോഗിക്കപ്പെട്ടത്. അതിന്റെ സംഘാടനത്തോടനുബന്ധിച്ചാണ് മധ്യപ്രദേശ് വിജ്ഞാന സ്വരൂപം കൊണ്ടത്. മറാഠി വിജ്ഞാൻ പരിഷത്ത് 1966ൽ തന്നെ രൂപപ്പെട്ടിരുന്നല്ലോ. കർണാടകത്തിലും തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഇത്തരം സംഘടനകൾ രൂപീകരിക്കുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ലഭിക്കുന്ന സന്ദർഭങ്ങളെല്ലാം ഉപയോഗിച്ചിരുന്നു. അങ്ങനെ 1982 നവംബറിൽ തന്നെ കന്നട രാജ്യ വിജ്ഞാൻ പരിഷത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. തമിഴ്‍നാട് സയൻസ് ഫോറത്തിന്റെയും ഇന്നത്തെ ജനവിജ്ഞാൻ വേദികയുടെ പൂർവഗാമിയായ തെലുഗു വിജ്ഞാൻ സഭയുടെയും കോർ ഗ്രൂപ്പുകളും അതിനകം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഡെൽഹി സയൻസ് ഫോറം 1975 മുതൽ സജീവമായിരുന്നു. പശ്ചിമബംഗാൾ വിജ്ഞാൻ മഞ്ച് അന്നു രൂപപ്പെട്ടു കഴിഞ്ഞിരുന്നില്ല. ബംഗ വിജ്ഞാൻ പരിഷത്ത്, സയൻസ് വർക്കേഴ്സ് ഫോറം, ഈസ്റ്റേൺ ഇന്ത്യ സയൻസ് ക്ലബ് അസോസിയേഷൻസ് എന്നിവയാണ് രംഗത്തുണ്ടായിരുന്നത്. ഉത്തരപ്രദേശിൽ പരിമിതമായ തോതിൽ പ്രവർത്തിക്കുന്ന ഡൂൺ സയൻസ് ഫോറവും. ഭോപ്പാൽ ജാഥയുടെ ഫലമായി ജയ്‍പ്പൂരും ഒരു ചെറിയ സംഘമുണ്ടായി. 1986ൽ പരിഷത്ത് ഗുജറാത്തിലേക്ക് ഒരു ശാസ്ത്രകലാജാഥയെ അയച്ചു. അതിന്റെ സംഘാടനത്തിലൂടെ ഗുജറാത്ത് വിജ്ഞാനസഭയും, പ്രാഗ്രൂപത്തിൽ, രൂപീകൃതമായി. പിൽക്കാലത്ത് തീരെ വേരുപിടിക്കാതെ പോയവയിൽ അതും പെടും. രാജസ്ഥാനിലും ആദ്യ ഗ്രൂപ്പിന് വേരുപിടിക്കാൻ കഴിഞ്ഞില്ല. പശ്ചിമബംഗാളിൽ എല്ലാ പ്രസ്ഥാനങ്ങളെയും കൂട്ടിച്ചേർത്തുകൊണ്ട് PBVM നിലവിൽ വന്നു. ഇന്ത്യ ആകെ വ്യാപിക്കുന്നതിന് സമയം പക്വമായി വരികയായിരുന്നു. പരിഷത്ത് പ്രവർത്തകർ ഊരുചുറ്റുന്ന ശാസ്ത്രദൂതന്മാർ (സയൻസ് അംബാസിഡർമാർ) ആയിരുന്നു. 1986 അവസാനമാകുമ്പോഴേയ്ക്കും വളരെ വലിയ ഒരു സംരംഭത്തിനുള്ള കളം തയ്യാറായിക്കഴിഞ്ഞിരുന്നു. NCSTC (National Council for Science and Technology Communication) അതിൽ കൂട്ടുചേരുന്നതിൽ ആഗ്രഹം പ്രകടിപ്പിച്ചു. അതിന്റെ മേധാവി ഡോ.നരേന്ദ്ര സഹ്ഗൾ എന്നെപ്പോലെ, നേരത്തെ BARCയിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നു. DST സെക്രട്ടറി എന്റെ പഴയ സുഹൃത്ത് പ്രൊ. യശ്പാലും. അദ്ദേഹമാണ് 1985ലെ ഭോപ്പാൽ ജാഥയ്ക്ക് 45000 രൂപ ധനസഹായം നൽകിയത്. ഇത്തവണത്തേത് അതിന്റെ അനേകം മടങ്ങ് വലുതായിരുന്നു. ഇന്ത്യയിൽ 5 കോണുകളിൽ നിന്നായി അഞ്ചു ജാഥകൾ 1987 ഒക്ടോബർ രണ്ടിന് ആരംഭിക്കുകയും 1987 നവംബർ 7ന് ഭോപ്പാലിൽ സമാപിക്കുകയും ചെയ്യുന്നതരത്തിലുള്ള ഒരു പരിപാടിക്ക് രൂപം നൽകി. 64 ലക്ഷം രൂപ NCSTC അതി

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/139&oldid=239904" എന്ന താളിൽനിന്ന് ശേഖരിച്ചത്