കീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ യഥാർഥത്തിലുള്ള രണ്ടാം സമ്മേളനം നടക്കുന്നത്. കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, യു.പി, ഡൽഹി, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളിൽ നിന്നായി 31 സംഘടനകൾ അതിൽ പങ്കെടുത്തു. പ്രൊഫ. എം.ജി.കെ. മേനോനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഡോ.കെ.എൻ. രാജ് അടക്കം CDSൽ നിന്നുള്ള ഒട്ടനവധി പേർ അതിൽ പങ്കെടുത്തു. ശ്രീലങ്ക, ഫിലിപ്പീൻസ്,തായ്‍ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള സൗഹാർദ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. അഖിലേന്ത്യാതലത്തിൽ ഏകോപിതമായ ഒന്നു രണ്ടു പ്രവർത്തനങ്ങളെങ്കിലും ഏറ്റെടുക്കണം എന്ന് അന്ന് ധാരണ വന്നു. ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളിലാണ് ഏറ്റവും അധികം അഭിപ്രായ ഐക്യം ഉള്ളത് എന്നതിനാലും ഏറ്റവും അധികം സംഘടനകൾ പ്രവർത്തിക്കുന്നത് എന്നതിനാലും ആ മേഖലകളിൽ ഏകോപിത പ്രവർത്തനം നടത്താൻ തീരുമാനിച്ചു. എന്നാൽ കൃത്യമായ പ്രവർത്തന രൂപരേഖയൊന്നും അന്നുണ്ടാക്കിയില്ല. അതിന് ഒരു കാരണമുണ്ടായിരുന്നു. മറ്റു സംഘടനകളെ അപേക്ഷിച്ച് പരിഷത്ത് പല മടങ്ങു വലുതാണ്. പരിഷത്തിന്റെ പങ്കാളിത്തം അതിനെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് നയിക്കുമോ? അതാഗ്രഹിക്കുന്ന ചില സംഘടനകൾ ഉണ്ടായിരുന്നു. പരിഷത്തിനെ അന്ന് ഏറ്റവും സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്നത് മെഡിക്കോസ് ഫ്രൻഡ്സ് സർക്കിൾ എന്ന സംഘടനയും അതിന്റെ നേതാവായ ഡോ. ആനന്ദ് ഫ്രഡ്കെയുമായിരുന്നു. അതിനാൽ പരിഷത്ത് പ്രവർത്തകരുടെ ഉത്സാഹം സ്വൽപ്പം തണുത്തു. അങ്ങനെ, വിവിധ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷിലുള്ള ഒരു ബുള്ളറ്റിൻ പരിഷത്ത് മുൻകൈ എടുത്ത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചെങ്കിലും അതുപോലും നടപ്പായില്ല. പരിസ്ഥിതി രംഗത്ത് ഒരു തരത്തിലുള്ള ഏകോപിത പ്രവർത്തനവും നടന്നില്ല. ആരോഗ്യരംഗത്ത് ഒരു ആൾ ഇന്ത്യാ ഡ്രഗ് ആക്ഷൻ നെറ്റ്‌വർക്ക്(AIDAN) ഉണ്ടാക്കി. ഔഷധവ്യവസായത്തിലെ കുത്തകകൾക്കെതിരെയുള്ള സമരം കുറച്ചൊക്കെ വ്യാപകമായി നടന്നു. നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ' എന്ന പുസ്തകവും ഡ്രഗ്ഇൻഫർമേഷൻ പാക്കറ്റും ഇതിന്റെ ഭാഗമായാണുണ്ടാക്കിയത്.
യഥാർഥത്തിലുള്ള ഒരു അഖിലേന്ത്യാ പ്രസ്ഥാനം രൂപം കൊള്ളാൻ പിന്നെയും മൂന്നുനാലു കൊല്ലമെടുത്തു. അതിന് വേണ്ട മണ്ണിളക്കിയത് ശാസ്ത്രകലാജാഥകളായിരുന്നു. 1985ലാണ് ശാസ്ത്രകലയുടെ ആദ്യത്തെ ഭാരതയാത്ര തുടങ്ങുന്നത്. ഭോപ്പാൽ ദുരന്തത്തിനിരയായവരോട് അനുഭാവ ദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ജാഥ. കേരളത്തിൽ നിന്നും കർണാടകം, തമിഴ്‌നാട് ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നും ഉള്ള അംഗങ്ങൾ അടങ്ങുന്ന ഒന്നായിരുന്നു അത്. ബാംഗ്ലൂരിൽനിന്ന് ആരംഭിച്ച്