അഖിലേന്ത്യാതലത്തിലേക്ക്
കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും കൊണ്ടന്യമാം ദേശങ്ങളിൽ
പാലാ നാരായണൻ നായരുടെ ഈ വരികളെ പലവിധത്തിൽ വ്യാഖ്യാനിക്കാം. പ്രവാസികളിലൂടെ കേരളം വളരുകയാണ്, അന്യസംസ്ഥാനങ്ങളിൽ, ഗൾഫു നാടുകളിൽ അന്യ ഭൂഖണ്ഡങ്ങളിൽ ഒക്കെ ഉപജീവനവും പണവും തേടി മലയാളികൾ എത്തിയിട്ടുണ്ട്. കടലു താണ്ടാനും മലമറിയാനും മലയാളികൾ നിർബന്ധിതരായിട്ടുണ്ട്. തദ്ദേശ ജനസംഖ്യയുടെ ഇത്രയും വലിയൊരംശം പ്രവാസി ജനസംഖ്യയുള്ള മറ്റൊരു സമൂഹത്തെ കാണാൻ പ്രയാസമാണ്. പക്ഷേ, ഉദര പൂരണത്തിനു വേണ്ടിയുള്ള ഈ വളർച്ചയല്ല ഇവിടെ പരിശോധിക്കുന്നത്. കേരളം മനുഷ്യരെ മാത്രമല്ല ആശയങ്ങളെയും ബാഹ്യലോകത്തിന് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഏതൊരു പുരോഗമന പ്രസ്ഥാനമെടുത്താലും അതിൽ സജീവ പ്രവർത്തകരായ ഒട്ടേറെ മലയാളികളെ കാണാം. ജനകീയ ശാസ്ത്രപ്രസ്ഥാനമാകട്ടെ പൂർണമായും കേരളത്തിന്റെ സംഭാവനയാണ്. 1966ൽ ബോംബെയിൽ മറ്റു ഭാഷകളിൽ ശാസ്ത്രസാഹിത്യപ്രസ്ഥാനം ആരംഭിക്കുന്നതിനും FILSA (Federation of Indian Language Science Associations) രൂപീകരിക്കുന്നതിനും മുൻകൈ എടുത്തത് മലയാളികളാണ്. 1973 മുതൽ പരിഷത്ത് മറ്റു സംസ്ഥാനങ്ങളി ലുള്ള പലരുമായി ബന്ധപ്പെടാൻ തുടങ്ങി. എന്നാൽ 1978ൽ മാത്രമാണ് ശരിക്കും അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള ഒരു ജനകീയശാസ്ത്ര പ്രസ്ഥാനത്തിന് രൂപം നൽകാൻ പരിഷത്തിന് കഴിഞ്ഞത്. പിന്നീട് 1980ൽ തൃശ്ശൂരിൽ വച്ചു നടന്ന 17-ാം വാർഷികത്തിലും കേരളത്തിനു പുറമേനിന്ന് ഒട്ടേറെ പ്രവർത്തകർ പങ്കെടുക്കുകയുണ്ടായി. എന്നാൽ 1983ൽ തിരുവനന്തപുരത്ത് വച്ചു നടന്ന 20-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ജന