-ഏറ്റെടുക്കുന്ന പ്രോജക്റ്റുകളിൽനിന്ന് ലഭിക്കുന്ന ഓവർ ഹെഡ്സ് 10 - 15 ശതമാനം അതിന്റെ നടത്തിപ്പിന് ഒട്ടും മതിയാകില്ല.
- പരിമിതമായ ഫണ്ടുപയോഗിച്ച് മാർക്കറ്റ് നിലവാരത്തിൽ വേതനം നൽകാൻ കഴിയില്ല.
-പരിചയസമ്പന്നരായ വിദഗ്ധരെ ഡെപ്യൂട്ടേഷനിൽ എടുക്കാൻ പോലും പ്രയാസമാണ്.
-ആളുകൾ ചേർന്നും പിരിഞ്ഞും പോയിക്കൊണ്ടിരിക്കുന്നതിനാൽ ഗവേഷണ വികസനപ്രവർത്തനങ്ങൾക്ക് വേണ്ടത്ര തുടർച്ച ലഭിക്കുന്നില്ല.
-ഇതുകൊണ്ടൊക്കെ ഒരു ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനത്തിൽ ഉണ്ടായിരിക്കേണ്ട ജിജ്ഞാസയുടെയും അറിയലിൽ നിന്നുള്ള ആനന്ദത്തിന്റേയും സർഗാത്മകതയുടെയും ആയ അന്തരീക്ഷം സൃഷ്ടിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല.
ഈ പരിമിതികൾക്കുള്ളിൽ വച്ചാണെങ്കിലും കഴിഞ്ഞ 20 കൊല്ലത്തിനുള്ളിൽ IRTC പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. ഊർജം, ആസൂത്രണം, സോപ്പ്, കൂൺ, പന്നി വളർത്തൽ, അലങ്കാരമത്സ്യം വളർത്തൽ മുതലായ മേഖലകളിലെ വികാസങ്ങൾ നിസ്സാരങ്ങളല്ല. തുടക്കത്തിൽ IRTCയിൽ സജീവമായിരുന്നത് അടുപ്പ്, ചെലവു കുറഞ്ഞ കെട്ടിടനിർമാണം, പട്ടുനൂൽപ്പുഴു വളർത്തൽ മുതലായ പദ്ധതികളായിരുന്നു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ IRTC 111 പ്രോജക്റ്റുകൾ ഏറ്റെടുത്ത് പൂർത്തിയാക്കിയിട്ടുണ്ട്. 16 പ്രോജക്റ്റുകൾ ഇപ്പോഴും നടക്കുന്നു. പൂർത്തിയാക്കിയ പ്രോജക്റ്റുകൾ മൂന്നു പരിഗണനകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുകയുണ്ടായി.
(i) IRTCയുടെ പ്രഖ്യാപിതലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അവയുടെ പ്രസക്തി.
(ii) ചെയ്ത പ്രവൃത്തിയുടെ, പഠനത്തിന്റെ ശാസ്ത്രീയതയും സൂക്ഷ്മതയും
(iii) പഠനഫലങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ
സ്വാഭാവികമായും എല്ലാ പ്രോജക്റ്റുകളും ഒരേപോലെ വിജയിക്കില്ല. കാരണങ്ങൾ പലതായിരിക്കും. ഇതെന്താണെന്ന് ഒരു വാക്യത്തിൽ പറയണം. ഉദാഹരണത്തിന് IRTC സ്ഥാപിക്കുന്നതിനു മുമ്പ് ആംരഭിച്ച ആഷ്‍മോഹ് സിമന്റ് പ്രോജക്റ്റ് വിജയിക്കാതെ പോയതിന് മൂന്നു മുഖ്യകാരണങ്ങളാണുള്ളത്:
(i) തെരഞ്ഞെടുത്ത സാങ്കേതികവിദ്യ വേണ്ടത്ര തെളിയിക്കപ്പെട്ടതായിരുന്നില്ല.
(ii) പ്ലാന്റിലെ മോട്ടോർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വോൾടത ഒരിക്കലും കിട്ടിയിരുന്നില്ല.
(iii) ഉമിച്ചാരത്തിനു പകരം ഉമിതന്നെ അസംസ്കൃതവസ്തു ആക്കേണ്ടിവന്നപ്പോൾ സാമ്പത്തികമായി നഷ്ടത്തിലാകുമെന്നു വന്നു.