ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പ്രവർത്തനങ്ങളുടെ ഹ്രസ്വവും അപഗ്രഥനാത്മകവുമായ അവലോകനവും ഉൾക്കൊള്ളുന്നതാണ്. ഇവ ഓരോന്നിനെപ്പറ്റിയും ഓരോ പുസ്തകം എഴുതിയാലേ പരിഷത്ത് നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ ഒരു പൂർണ ചിത്രം ലഭിക്കൂ.

മൂന്നാം ഭാഗം, ജനകീയ ശാസ്ത്രപ്രസ്ഥാനം അഖിലേന്ത്യാതലത്തിലേക്ക് വ്യാപിച്ചതിന്റെ അവലോകനമാണ്. 1978ൽ ആണ് ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന സങ്കൽപ്പനം രൂപം കൊണ്ടത്. എങ്കിലും 1987ലെ ഭാരത ജന വിജ്ഞാന ജാഥയോടുകൂടി മാത്രമാണ് അത് സംഘടനാരൂപവും വ്യക്തമായ കർമപരിപാടിയുമുള്ള ഒരു പ്രസ്ഥാനമായി മാറുന്നത്. രണ്ടു കൊല്ലത്തിനുള്ളിൽ രാജ്യവ്യാപകമായ ഒരു പരിപാടി രൂപം കൊണ്ടു. നിരക്ഷരതാ നിർമാർജന പരിപാടി. പിന്നീടുള്ള 6-7 കൊല്ലക്കാലത്തേക്ക് ഈ സാക്ഷരതാ പ്രവർത്തനമായിരുന്നു പ്രസ്ഥാനത്തിന്റെ ഡ്രൈവിങ്ങ് എഞ്ചിൻ. അതിനായി രൂപീകരിച്ച ഭാരത് ഗ്യാൻ വിഗ്യാൻ സമിതി ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വ്യാപനത്തിൽ നിർണായകമായ പങ്കു വഹിച്ചു. കാലം ചെല്ലുംതോറും, പ്രത്യേകിച്ചും 90-കളുടെ മധ്യമായപ്പോഴേയ്ക്കും പഴയതരത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ കൂടുതൽ പ്രയാസകരമായിത്തീർന്നു. ഇതിന് വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ കാരണങ്ങളുണ്ടായിരുന്നു. സാക്ഷരതയിൽനിന്ന് നീർത്തടാധിഷ്ഠിത വികസനം, തദ്ദേശീയവികസനം, ജനകീയാസൂത്രണം, ആരോഗ്യം, വിദ്യാഭ്യാസം, സ്വയംസഹായക സംഘങ്ങൾ, ലിംഗസമത്വം മുതലായ മറ്റനേകം തുറകളിലേക്ക് കൂടി വ്യാപിച്ചു കൊണ്ട് ഈ ദൗർബല്യങ്ങൾ മറികടക്കാൻ തുടങ്ങി. ഇതാണ് മൂന്നാം ഭാഗത്തിൽ പരിശോധിക്കുന്നത്.

ജനകീയ ശാസ്ത്രപ്രസ്ഥാനത്തെ പ്രത്യയശാസ്ത്രപരമായി പരിശോധിക്കാനുള്ള അഥവാ അതിന്റെ പ്രത്യയശാസ്ത്രപരമായ വളർച്ചയെ പരിശോധിക്കാനുള്ള ഒരു ശ്രമമാണ് നാലാം ഭാഗത്ത് നടത്തുന്നത്. വളരെ ലളിതമായ, ശാസ്ത്രം നന്മയാണ് എന്ന, ധാരണയുടെ അടിസ്ഥാനത്തിലാണ് പരിഷത്ത് രൂപം കൊള്ളുന്നത്. ഒരു പതിറ്റാണ്ടിനുള്ളിൽ “ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" ഉള്ള ഒരായുധമാകണം എന്ന കാഴ്ചപ്പാടിലെത്തി. ഈ സാമൂഹ്യവിപ്ലവത്തെ അക്കാദമികമായി നിർവചിക്കാൻ അന്നു പരിഷത്ത് തുനിഞ്ഞില്ല. ജനകീയമായ നിർവചനമാണ് നൽകിയത്. അവിടന്നങ്ങോട്ടുള്ള മൂന്നു പതിറ്റാണ്ടുകളിലൂടെ ഈ വിപ്ലവത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൂടുതൽ കൂടുതൽ ധാരണകൾ വന്നിട്ടുണ്ട്. പലതും വ്യാപകമായി അംഗീകരിക്കപ്പെട്ടു. ചിലവയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇന്നും നിലനിൽക്കുന്നു. ഊർജം വികസനം-പരിസ്ഥിതി എന്നിവ തമ്മിലുള്ള ബന്ധത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുന്നവർ പരിഷത്തിലും അഖിലേന്ത്യാതലത്തിലുമുണ്ട്. അതുപോലെ, കേന്ദ്രീകൃത നേതൃ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/13&oldid=239307" എന്ന താളിൽനിന്ന് ശേഖരിച്ചത്