ഈ പരിമിതികൾ മറികടക്കണമെങ്കിൽ കൃഷിയുടെ സംഘാടനത്തിൽ അടിമുടി മാറ്റം വരുത്തണം. ഉടമസ്ഥാവകാശം തുണ്ടവൽക്കൃതമായിരിക്കെ തന്നെ കാർഷിക പ്രവർത്തനങ്ങളെ ഏകീകരിക്കണം. എങ്കിൽ മാത്രമേ ഫലപ്രദമായ വിധത്തിൽ ജലനിയന്ത്രണവും രോഗാണു, കീടനിയന്ത്രണവും ഒക്കെ സാധ്യമാകൂ. ഇതിനുള്ള ഒരു പരീക്ഷണമായിരുന്നു ഗ്രൂപ്പ് ഫാമിങ്ങിന്റെ തുടർച്ചയായി പരിഷത്ത് വിഭാവനം ചെയ്ത ഗാലസ (GALASA - Group Approach to Locally Adapted and Sustainable Agriculture) 1976 ൽ പ്രസിദ്ധീകരിച്ച “കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകത്തിൽ തന്നെ ഇതിന്റെയൊക്കെ സൂചനകളുണ്ടായിരുന്നു.
കേരകൃഷിയുടെ സാധ്യതകളും സാക്ഷാത്കാരവും തമ്മിലുള്ള വിടവുകൾ ചൂണ്ടിക്കാണിക്കുന്ന കരിയുന്ന കല്പവൃക്ഷം' എന്ന മറ്റൊരു പുസ്തകവും ഇക്കാലത്ത് പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗുണപരമായ മാറ്റം വരുത്തുന്നതിന് ശാസ്ത്രസാങ്കേതികനയത്തിലും വ്യവസായനയത്തിലും മൗലികമായ മാറ്റങ്ങൾ വരുത്തണമെന്ന് 1970 കളുടെ തുടക്കത്തിൽ തന്നെ പറയാൻ തുടങ്ങിയിരുന്നു. 70 കളുടെ രണ്ടാം പകുതി ആയപ്പോഴേയ്ക്കും ഗ്രാമശാസ്ത്രസമിതികൾ പരിഷത്തിന്റെ പ്രധാന പ്രവർത്തന മേഖലയായി മാറിയിരുന്നു. ആധുനിക ശാസ്ത്രത്തെയും സാങ്കേതികവിദ്യകളെയും ഗ്രാമീണ ഉൽപ്പാദനരംഗത്ത് ലഭ്യമാക്കുക, ഇതിനായി ഗ്രാമത്തിൽ തന്നെയുള്ള വൈദഗ്ധ്യം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗ്രാമശാസ്ത്ര സമിതികൾ രൂപീകരിച്ചത്. നമ്മുടെ ഗ്രാമങ്ങളിൽ നമ്മുടെ പരമ്പരാഗത വിജ്ഞാനം കുടികൊള്ളുന്നു, ജീവിക്കുന്നു. അന്യദേശക്കാരുടെ, അന്യവിഭാഗക്കാരുടെ അനുഭവ ജ്ഞാനത്തെ ഇതിനോട് ഉൾച്ചേർക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിലോ, ഇന്ത്യയിലോ ഉള്ള ശാസ്ത്ര-സാങ്കേതികസ്ഥാപനങ്ങൾക്ക് ഒരു പരിമിതിയുണ്ട്. അവർക്കും ഗ്രാമങ്ങൾക്കും ഇടയ്ക്ക് കടുത്ത ഒരു മതിലുണ്ട്. കൃഷി, പരമ്പരാഗത വ്യവസായങ്ങൾ, കുടിൽ വ്യവസായങ്ങൾ എന്നിവയിലേക്ക്, അനുയോജ്യമായ വിധത്തിൽ ആധുനിക വിജ്ഞാനം ഉൾച്ചേർക്കേണ്ടത് എങ്ങനെ എന്ന് അവർക്കറിഞ്ഞുകൂടായിരുന്നു. പരിഷത്തിലെ ശാസ്ത്രപ്രചാരകർക്കും അറിഞ്ഞു കൂടായിരുന്നു. ഇതിന് എന്തെങ്കിലും പ്രത്യേകമായ സംവിധാനം വേണം. ആധുനിക ശാസ്ത്ര-സാങ്കേതിക വിജ്ഞാനത്തെ നിലവിലുള്ള ഉൽപ്പാദന പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിലും എളുപ്പത്തിൽ ഉൾച്ചേർക്കാൻ കഴിയുന്ന വിധത്തിലും പരുവപ്പെടുത്തിയെടുക്കുകയെന്നത് ഒരു തപസ്യ എന്ന നിലയിൽ ചെയ്യേണ്ട പണിയാണ്. ഒഴിവുസമയത്ത് ഒരു ഹോബി എന്ന നിലയ്ക്ക് ചെയ്യാവുന്ന പണിയല്ല. ഈ ബോധം പരിഷത്ത് പ്രവർത്തകരുടെ, പ്രത്യേകിച്ചും ഗ്രാമശാസ്ത്രസമിതി പ്രവർത്തകരുടെ മനസ്സിൽ രൂപപ്പെട്ടുവരികയായിരുന്നു. കണ്ണൂർ ജില്ലയിലായിരുന്നു അക്കാലത്ത് ഗ്രാമശാസ്ത്രസമിതി പ്രവർത്തനം ഏറ്റവും സജീവമായിരു